Keralaliterature.com

നിറ

പുത്തന്‍ നെല്‍ക്കതിര്‍ നല്ല മുഹൂര്‍ത്തം നോക്കി ഗൃഹങ്ങളില്‍ കയറ്റി പൂജിക്കുന്ന ഉര്‍വരതാനുഷ്ഠാന കര്‍മമാണ് ‘നിറ, ‘ഇല്ലം നിറ. നെല്‍ക്കതിര്‍, ശ്രീഭഗവതിയാണെന്നാണ് വിശ്വാസം. ‘നിറോല’വും നെല്‍ക്കതിരും പൂജിച്ച് ഗൃഹത്തിനുള്ളിലും പുറത്തും അലങ്കരിക്കും. വട്ടപ്പലമെന്ന കാട്ടുചെടിയുടെ ഇല, മുളയുടെ ഇല, അരയാലില, ആലില, മാവില, കാഞ്ഞിരത്തില, പ്‌ളാവില, വെള്ളിയില എന്നിവ പ്രത്യേക രീതിയില്‍ കെട്ടിയതാണ് ‘നിറോലം’. ചിലങ്ങേടങ്ങളില്‍ ദശപുഷ്പങ്ങളാണ് ഉപയോഗിക്കുന്നത്. ‘നിറോല’വും നെല്‍ക്കതിരും നെല്ലറ, പത്തായം, പെട്ടി, അങ്കണം, തൊഴുത്ത് ഫലവൃക്ഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം അലങ്കരിക്കണം. ‘ധാന്യം നിറഞ്ഞുപൊലിഞ്ഞു വരേണ’മെന്ന പ്രാര്‍ത്ഥനയോടെയാണ് നെല്‍ക്കതിര്‍ അകത്തു കയറ്റുന്നത്. നിറ ഗൃഹങ്ങളില്‍ മാത്രമല്ല, ക്ഷേത്രങ്ങളിലും കാവുകളിലും സ്ഥാപനങ്ങളിലും പതിവുണ്ട്. ചില ക്ഷേത്രങ്ങളിലും കാവുകളിലും നെല്‍ക്കതിര്‍ വാദ്യാഘോഷത്തോടെ എത്തിക്കുന്നത് പുലയരാണ്.

ക്ഷേത്രങ്ങളിലും ഭവനങ്ങളിലും നെല്‍ക്കതിര്‍ എഴുന്നള്ളിച്ചു വയ്ക്കുന്നത് അരിമാവ് കൊണ്ട് നിലത്ത് അണിഞ്ഞിട്ടാണ്. അത് ഒരുതരം കളമാണ്. ഭവനത്തിന്റെ വാതില്‍പ്പടികളിലും നിലത്തും അരിമാവുകൊണ്ട് അണിയാറുണ്ട്.

നിറപ്പാന്‍ നല്ല സമയം നോക്കണം. കുംഭപൂര്‍ത്തിയും പൂര്‍വപക്ഷവും വേലിയേറ്റവും നക്ഷത്രവൃദ്ധിയും ഉള്ള കാലമാകണം. കാര്‍ത്തിക, തൃക്കേട്ട എന്നീ നാളുകളും തുലാം, മകരം, മേടം എന്നീ രാശികളും ശുഭമല്ല. വിഷു കഴിഞ്ഞു വിതയ്ക്കുന്ന ധാന്യം നിറയ്ക്കുശേഷമേ ഭവനത്തില്‍ പ്രവേശിപ്പിക്കാവൂ. കര്‍ക്കടകവാവ് കഴിഞ്ഞാല്‍ കന്നിമാസം കഴിയുംമുമ്പെ നിറ കഴിക്കാം. നിറയ്ക്കുന്ന രീതിക്ക് തെക്കും വടക്കും ഭേദമുണ്ട്. പക്ഷെ, നിറ നിര്‍ബന്ധമാണ്. ‘നിറ’ യ്ക്കാതെ പുത്തരി കഴിക്കുകയില്ല.

Exit mobile version