വ്രതാനുഷ്ഠാനം. അനുഷ്ഠാനകര്‍മങ്ങള്‍ക്കും കലാപ്രകടനങ്ങള്‍ക്കും വ്രതശുദ്ധിയോടുകൂടി നോറ്റിരിക്കണം. നോറ്റിരിക്കുമ്പോള്‍ മല്‍സ്യമാംസാദികള്‍ ഭക്ഷിക്കുകയില്ല, മദ്യസേവ നടത്തുകയില്ല, എണ്ണ തേച്ചു കുളിക്കില്ല. അവര്‍ ആശൗചമുള്ളവരില്‍ നിന്നും അകന്നിരിക്കണം. മാന്ത്രികബലികര്‍മ്മങ്ങള്‍ക്ക് പിണിയാള്‍ നോറ്റിരിക്കാറുണ്ട്. അനുഷ്ഠാനകലകളില്‍ ഏര്‍പ്പെടുന്ന കലാകാരന്മാര്‍ വ്രതനിഷ്ഠയോടുകൂടിയിരിക്കണം. അഗ്നിയില്‍ വീഴുകയും തീയില്‍ ചാടുകയും ചെയ്യേണ്ടവര്‍ കൂടുതല്‍ ദിവസം നോറ്റിരിക്കണം. കതുവനൂര്‍വീരന്‍, തൊണ്ടച്ചന്‍ തുടങ്ങിയ ചില തെയ്യങ്ങള്‍ക്ക് നോറ്റിരിക്കുന്ന പരികര്‍മിയെ കോലം കെട്ടിയ ആള്‍ ‘കോരേ’ എന്നാണ് സംബോധന ചെയ്യുന്നത്.