പനയോല (കുടപ്പന), മുള മുതലായവകൊണ്ട് കെട്ടിയുണ്ടാക്കുന്ന കുട. ദേശം, സമുദായം, തൊഴില്‍, ആചാരം തുടങ്ങിവയെ അടിസ്ഥാനമാക്കി കുടകള്‍ക്ക് തരഭേദമുണ്ട്. പദവിയനുസരിച്ച് രാജാക്കന്‍മാര്‍ നല്‍കുന്ന കുടയാണ് ‘നെടിയകുട’. കേരളബ്രാഹ്മണര്‍ ഉപയോഗിച്ചിരുന്ന കുട ‘മനക്കുട.’ അന്തര്‍ജനങ്ങള്‍ ഉപയോഗിച്ചിരുന്നത് ‘മറക്കുട.’ കന്യകമാര്‍ എടുക്കുന്ന ഓലക്കുടകളാണ് ‘കന്യാക്കുടകള്‍’. അവര്‍ണസമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ ഉപയോഗിക്കുന്നത് ‘കന്നിക്കുടകള്‍.’ നായന്‍മാരും മറ്റും കല്യാണത്തിന് ഉപയോഗിക്കുന്നത് ‘മങ്ങലക്കുട.’ നമ്പൂതിരി സ്ത്രീകള്‍ കല്യാണത്തിന് ഉപയോഗിക്കുന്ന ഏഴുകമ്പുള്ളത് ‘വേളിക്കുട.’ കൃഷിപ്പണിക്കാര്‍ ഉപയോഗിക്കുന്നത് ‘കുണ്ടന്‍കുട’, തൊപ്പിക്കുട. മീന്‍പിടിക്കാന്‍ പോകുന്നവര്‍ തലയില്‍ ചൂടന്നത് ‘വീച്ചില്‍ക്കുട’.