Keralaliterature.com

പാലും വെള്ളരി

ഏറനാട്, കോഴിക്കോട് താലൂക്കുകളിലെ കാളിക്കാവുകളിലും ദേവീക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളിലും പഴയ നായര്‍തറവാടുകളിലും ഭദ്രകാളി പ്രീണനാര്‍ഥം നടത്തിവരുന്ന അനുഷ്ഠാനമാണ് പാലും വെള്ളരി. പാല്‍വെള്ളരി എന്നും പറയും. മകരം മുതല്‍ മേടം വരെയുള്ള കാലങ്ങളിലാണിത് പ്രായേണ നടത്തപ്പെടുന്നത്. വെളിച്ചപ്പാട് നടത്തുന്ന ഖഡ്ഗനൃത്തം ഇതില്‍ മുഖ്യമാണ്. കോമരത്തിന് സാധാരണ കണ്ടുവരുന്ന വേഷവിധാനം തന്നെയാണ് പതിവ്. ചുവന്ന പട്ട് അരയില്‍ കെട്ടി അതിന്റെ തല കഴുത്തിലിടും. മുടി അഴിച്ചിട്ടിരിക്കും. കാല്‍ച്ചിലമ്പ്, അരമണി, വാള്‍, കഴുത്തില്‍ തെച്ചിമാല എന്നിവ ഉണ്ടാവും. ആദ്യ കോമരം പീഠത്തില്‍ ഭദ്രകാളിപൂജ നടത്തും. അരി, പാല്‍, പൂക്കള്‍, മഞ്ഞള്‍പ്പൊടി എന്നിവ അതിനാവശ്യമാണ്. കോമരം കനലില്‍ ചവിട്ടി ക്ഷേത്രപ്രദക്ഷിണം നടത്തും. മറ്റു രണ്ടു കോമരങ്ങള്‍ മഞ്ഞള്‍പ്പൊടി തിരുവിക്കൊണ്ട് ഖദ്ഗനൃത്തം ചെയ്യും. നൃത്തലഹരിയില്‍ വാളുകൊണ്ട് തലയ്ക്കു വെട്ടുകയും പിന്നീട് അരുളപ്പാടു നടത്തുകയും ചെയ്യുക പതിവുണ്ട്. ഒടുവില്‍ മഞ്ഞള്‍പ്പൊടി തൂവുന്ന ചടങ്ങും കാണാം. കോമരം തുള്ളുവാന്‍ അധികാരപ്പെട്ട നായന്മരുണ്ട്.

Exit mobile version