Keralaliterature.com

പൂപ്രശ്‌നം

പുഷ്പങ്ങള്‍കൊണ്ട് ഭാവി ഗുണദോഷവിചിന്തനം ചെയ്യുന്നരീതി. ഒരു ഇലയില്‍ ചുവന്ന പൂക്കളും മറ്റൊന്നില്‍ വെളുത്ത പൂക്കളും വെച്ച് പൊതിഞ്ഞുകെട്ടി പൂജിച്ച് ഈശ്വരധ്യാനം ചെയ്തശേഷം ഫലമറിയേണ്ടവന്റെ മുമ്പില്‍ കൊണ്ടുവയ്ക്കും. അതില്‍നിന്ന് അയാള്‍ ഒരു കെട്ടെടുത്ത് അഴിച്ചുനോക്കണം. അത് വെളുത്തപൂക്കള്‍ ഉള്ളതാണെങ്കില്‍ ഗുണഫലം. ചുവന്നതാണെങ്കില്‍ ദോഷഫലം. ഈ പൂപ്രശ്‌നരീതി പാലക്കാട് ജില്ലയിലും മറ്റും ചലി ക്ഷേത്രങ്ങളില്‍ കണ്ടുവരാറുണ്ട്. ഉത്തരകേരളത്തില്‍ വിവാഹാദികാര്യങ്ങള്‍ക്ക് ഇപ്രകാരം പൂപ്രശ്‌നം നോക്കുന്ന പതിവുണ്ട്.

മേല്‍ പ്രസ്താവിച്ച പൂപ്രശ്‌നരീതിയോട് സദൃശ്യമായ ഒരു പദ്ധതി ഗീതാമഹാത്മ്യത്തില്‍ പ്രസ്താവിക്കുന്നുണ്ട്. യുദ്ധം, യാത്ര, വിവാഹം തുടങ്ങിയവയില്‍ ഫലമറിയുന്നതിന് ഈ പ്രശ്‌നരീതി ഫലപ്രദമാണ്. മൂന്ന് താമരയിലകളെടുത്ത് അഴയിലോരോന്നിലും അക്ഷഥവും പൂവും വെച്ച് ഭഗവത്ഗീതയിലെ യത്രയോഗേശ്വഃ എന്നാരംഭിക്കുന്ന ശേ്‌ളാകം എഴുതി ഒന്നാമത്തെയിലയിലും സ്ഥാനോ ഋഷികേശ എന്നാരംഭിക്കുന്ന ശേ്‌ളാകമെഴുതി രണ്ടാമത്തേതിലും ഏവമുക്താര്‍ജുനോ എന്നാരംഭിക്കുന് ശേ്‌ളാകം മൂന്നാമത്തേതിലും വെച്ച്, പൊതിഞ്ഞു മൂന്നു കെട്ടുകളാക്കി ക്ഷേത്രത്തിലോ ഗൃഹത്തിലോ ദേവപീഠത്തില്‍ വെച്ച് പൂജിക്കണം. പൂജാവസാനം അതില്‍നിന്ന് ഒരെണ്ണമെടുത്തു പരിശോധിക്കുക. ആദ്യത്തെ കെട്ടാണ് എടുത്തതെങ്കില്‍ സര്‍വോത്തമവും രണ്ടാമത്തെതാണെങ്കില്‍ അധമവുമാകുന്നു. അധമം എന്നാല്‍ എല്ലാ കാര്യങ്ങളും വര്‍ജിക്കണം.

താല്‍ക്കാലികമായ ഫലം അറിയുവാനുള്ള മറ്റൊരു പൂപ്രശ്‌നരീതിയുമുണ്ട്. രാശിചക്രം വരച്ച്, പൂജിച്ചശേഷം, ഒരു കുട്ടിയുടെ കൈകളില്‍ ഉത്തമപുഷ്പം വയ്ക്കുക. അത് പന്ത്രണ്ടു രാശികളില്‍ ഏതിലെങ്കിലും ഒന്നില്‍ വയ്ക്കുവാന്‍ ആവശ്യപ്പെടുക. ആ രാശിയെ ലഗ്നമാക്കിക്കൊണ്ട് ഫലം പറയുന്ന രീതിയാണത്.

Exit mobile version