അനുഷ്ഠാനപരവും ആരാധനാപരവുമായ ഒരു ചടങ്ങ്. ഒരുതാല(തളിക)ത്തില്‍ അരിയും പൂക്കുലയും ഉടച്ച നാളികേരവും വെച്ച്,തേങ്ങമുറികളില്‍ നെയ്യൊഴിച്ച് തിരി കത്തിച്ചുവയ്ക്കും. ശുഭ്രവസ്ത്രാലങ്കാരച്ചേലോടുകൂടിയ കന്യകമാര്‍ ആ താലങ്ങള്‍ കൈകളിലേന്തി കുരവയിട്ടുകൊണ്ട് ദേവീക്ഷേത്രങ്ങളില്‍ വന്ന് പ്രദക്ഷിണം ചെയ്യുന്ന ചടങ്ങാണ് താലപ്പൊലി.ഭദ്രകാളിയെ പ്രീണിപ്പിക്കാനുള്ള ഒരു അനുഷ്ഠാനമുറയാണ് താലപ്പൊലി. പെണ്‍കുട്ടികള്‍ക്ക് മംഗല്യത്തിന് ഈ ആരാധന ഉത്തമമത്രെ. അയ്യപ്പന്‍പാട്ടിനും മറ്റും ചിലേടങ്ങളില്‍ താലപ്പൊലി കണ്ടുവരുന്നു. താലപ്പൊലിയ്ക്ക് പ്രാദേശികമായി സമ്പ്രദായഭേദങ്ങളുണ്ട്.തേങ്ങാമുറിക്കു പകരം താലത്തില്‍ ഏഴുതിരിയിട്ട നിലവിളക്കിന്റെ തട്ട് വയ്ക്കാറുണ്ട്.