കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ കല്യാണത്തോടനുബന്ധിച്ച് ‘വട്ടക്കളി’ എന്ന വിനോദകലാപ്രകടനം പതിവുണ്ടായിരുന്നു. കല്യാണദിവസം തുടര്‍ന്നുള്ള രണ്ടു മൂന്നു ദിവസങ്ങളിലും ഇത്തരം കളികള്‍ ഉണ്ടാകും. ക്‌നായിത്തോമ്മാ കൊടുങ്ങല്ലൂരില്‍ ആസ്ഥാനമുറപ്പിച്ചതും പിന്നീട് മെത്രാന്മാര്‍ വന്നതും മറ്റുമാണ് വട്ടക്കളിക്കു പാടുന്ന മിക്ക പാട്ടുകളിലെയും പ്രതിവാദ്യം. ചില പാട്ടുകളില്‍ വധൂവരന്മാരെ വിശേഷവസ്ത്രാഭരണാദികള്‍ അണിയിക്കുന്നതും വര്‍ണിക്കുന്നുണ്ട്. എടുത്തിരവട്ടക്കളി, മംഗല്യം വട്ടക്കളി, വാടിമനം വട്ടക്കളി, യാക്കോവിന്റെ വട്ടക്കളി, യൗസേപ്പിന്റെ വട്ടക്കളി, മൂശയുടെ വട്ടക്കളി, തോബിയാസിന്റെ പാട്ട് എന്നിങ്ങനെ അനേകം വട്ടക്കളിപ്പാട്ടുകളുണ്ട്.