Keralaliterature.com

ചമ്പു പ്രസ്ഥാനം

   1500 നുശേഷം ഒന്നൊന്നര നൂറ്റാണ്ടുകാലം ബ്രാഹ്മണരുള്‍പ്പെടെയുളള ത്രൈവര്‍ണ്ണികന്മാരായ കവികളും സഹൃദയരും നെഞ്ചേറ്റി ലാളിച്ചിരുന്ന ഒരു പ്രസ്ഥാനമാണ് ചമ്പു. മുന്നൂറിലധികം ചമ്പുക്കള്‍ ഉണ്ടായിട്ടുണ്ടെന്ന് കൊളത്തേരി ശങ്കരമേനോന്‍ എന്ന പണ്ഡിതനും ഇരുനൂറില്‍ താഴെ എന്ന് വടക്കുംകൂര്‍ രാജരാജവര്‍മ്മയും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലഭ്യമായിട്ടുളളത് 34 ചമ്പുക്കള്‍ മാത്രമാണ്.
    മലയാളത്തിന് അവിസ്മരണീയമായ ഒരു സാഹിത്യ സമ്പത്താണ് ഗദ്യപദ്യ സമ്മിശ്രമായ ചമ്പുക്കള്‍. ചമ്പുക്കളെ രണ്ടായി തിരിക്കാം

1. പ്രാചീന ചമ്പുക്കള്‍
2. മദ്ധ്യകാല ചമ്പുക്കള്‍

    ഇതില്‍ പ്രാചീന ചമ്പുക്കളെന്നു പറയുന്നത് അച്ചീചരിതങ്ങളാണ്. 15-ാം നൂറ്റാണ്ടിനു മുമ്പുണ്ടായവയാണ് അവ. ഉണ്ണിച്ചിരുതേവീ ചരിതം, ഉണ്ണിയാടീ ചരിതം തുടങ്ങിയവ ഉദാഹരണം. പ്രാചീന ചമ്പുക്കളില്‍ പേരിനുമാത്രം ദൈവങ്ങളെ പരാമര്‍ശിക്കുകയും ബാക്കി വാരനാരീമാരെ വാഴ്ത്തുകയും ചെയ്യുന്നതാണെങ്കില്‍, മദ്ധ്യകാല ചമ്പുക്കള്‍ പുരാണകഥോപജീവികളായ ഇതി വൃത്തങ്ങളോടു കൂടിയതാണ്. ഇതിന് ചില അപവാദങ്ങളുമുണ്ട്. ഭാഷയിലും വ്യത്യാസങ്ങളുണ്ട്. പ്രാചീന ചമ്പുവില്‍ ലീലാതിലകത്തില്‍ ഉത്തമ മണിപ്രവാളത്തിനു പറയുന്ന ലക്ഷണപ്രകാരമുളള ഭാഷാക്രമമാണെങ്കില്‍ മദ്ധ്യകാല ചമ്പുവില്‍ സംസ്‌കൃത പ്രചുരമായ ഭാഷാക്രമത്തിനാണ് മുന്‍തൂക്കം. ഒന്നോ രണ്ടോ വാക്കുമാത്രം ഭാഷയിലും ശേഷിച്ചതൊക്കെ സംസ്‌കൃതത്തിലുമായി ധാരാളം പദ്യങ്ങള്‍ കാണാം.
    നമ്പ്യാന്മാര്‍ക്ക് അരങ്ങത്ത് ചൊല്ലി വ്യാഖ്യാനിക്കാന്‍ (പാഠകം) വേണ്ടി നിര്‍മ്മിച്ചതാണ് മദ്ധ്യകാല ചമ്പുക്കളെല്ലാം. പദ്യം ചൊല്ലി ഗദ്യത്തില്‍ വ്യാഖ്യാനിക്കുന്ന രീതിയാണ്. ഗ്രന്ഥകാരന്‍ അഥവാ ആഖ്യാതാവ് ഒരു സഭയില്‍ നില്‍ക്കുന്നതായും അവിടെ കണ്ടുമുട്ടിയ ഒരു തോഴനെ അഭിസംബോധന ചെയ്ത് കഥ പറയുന്നതുമാണ് ചമ്പുക്കളുടെ പൊതുസ്വരൂപം. പാഠകത്തിന്റെ രൂപമായി അതു മാറിയത് അങ്ങനെയാണ്. പത്താം നൂറ്റാണ്ടു മുതല്‍ 1600-ാ മാണ്ടുവരെ കൂടിയാട്ടവും കൂത്തും പാഠകവുമായിരുന്നു ക്ഷേത്രങ്ങളില്‍ ഉന്നതകുലജാതര്‍ക്കുവേണ്ടി അവതരിപ്പിച്ചിരുന്ന ദൃശ്യകലകള്‍.
    മദ്ധ്യകാല ചമ്പുക്കളില്‍ ദീര്‍ഘമായ ഒരു കഥയുടെ ആഖ്യാനമുണ്ടെങ്കിലും അതിലും വര്‍ണ്ണനകള്‍ക്കാണ് പ്രാധാന്യം. പഴയകാല ചമ്പുക്കളില്‍ കഥയില്ലാത്തതു കൊണ്ട് വര്‍ണ്ണനമാത്രമേ ഉളളൂ. അച്ചീചരിതകാരന്മാരുടെ പരിഹാസത്തിനു ശരവ്യരാകുന്ന കൂട്ടരെത്തന്നെയാണ് ചില വ്യത്യാസങ്ങളോടെ പില്‍ക്കാല ചമ്പുക്കളുടെ കര്‍ത്താക്കന്മാരും ഹാസ്യരസത്തിന്റെ വിഭാവങ്ങളാക്കിയിട്ടുളളത്.
വൃഥാസ്ഥൂലതയും വാഗാടോപവും നിരര്‍ത്ഥപദ പ്രയോഗവും പല ചമ്പുക്കളുടെയും ശാപമാണ്. വര്‍ണ്ണിക്കാന്‍ വകയില്ലെന്നു മറ്റു കവികള്‍ക്കു തോന്നുന്ന വസ്തുക്കള്‍ പോലും ചോരയും മജ്ജയും, മാംസവും നല്‍കി വര്‍ണ്ണിച്ചു ചമ്പൂകാരന്മാര്‍ ചേതോഹരമാക്കും.

Exit mobile version