Keralaliterature.com

സംസ്‌കൃത സന്ദേശകാവ്യം

    എ.ഡി 1325 നും 1350 നുമിടയ്ക്ക് കൊച്ചിയിലെ വെളളാരപ്പളളി എന്ന സ്ഥലത്ത് കരിങ്ങമ്പളളി മനയിലെ ലക്ഷ്മീദാസന്‍ തൃക്കണാമതിലകത്തെ രംഗലക്ഷ്മി എന്ന നര്‍ത്തകിയെ നായികയും ശുകത്തെ സന്ദേശ ഹരനുമാക്കി രചിച്ച 'ശുകസന്ദേശ'മാണ് കേരളത്തിലെ ആദ്യത്തെ സംസ്‌കൃത സന്ദേശകാവ്യം. ഉണ്ണുനീലി സന്ദേശം, കോക സന്ദേശം തുടങ്ങിയ മണിപ്രവാള കൃതികള്‍ ഇതിന്റെ ചുവടുപിടിച്ചുണ്ടായതാണ്. തൃക്കണാമതിലകത്തു നായികയുമൊത്ത് ഉറങ്ങിയ നായകന്‍ വിധിവശാല്‍ രാമേശ്വരത്ത് എത്തി. ഒരു ശുകം മുഖേന നായികക്ക് സന്ദേശമെത്തിച്ചതായി സ്വപ്നം കണ്ടതേയുള്ളൂ. ആ സ്വപ്നത്തിന്റെ വിവരണമാണ് ഈ കൃതി.
'കോകില' സന്ദേശത്തില്‍ ചേന്നമംഗലത്തു മാരക്കരയില്ലത്തെ ദേവദാസിയാണ് നായിക. അവളുമായി സഹശയനം ചെയ്യുന്ന നായകന്‍ കാറ്റിന്റെ കുസൃതിമൂലം പെട്ടെന്ന് കാഞ്ചീപുരത്തെത്തുന്നു. തുടര്‍ന്നാണ് സന്ദേശം അയക്കുന്നത്.
    'മയൂരദൂത'ത്തില്‍ സന്ദേശകാരണം, തച്ചപ്പള്ളി ഇട്ടിഉമ എന്ന നര്‍ത്തകിയും ഭര്‍ത്താവ് മണക്കുളം രാജാവായ ശ്രീകണ്ഠനും രമിക്കുന്നതു കണ്ട് പാര്‍വ്വതീ പരമേശ്വരന്മാരാണെന്ന് തെറ്റിദ്ധരിച്ചു വന്ദിച്ച ചില ആകാശചാരികള്‍ നേരു മനസ്‌സിലാക്കി ശപിച്ചതുമൂലം ശ്രീകണ്ഠന്‍ തിരുവനന്തപുരത്തു ചെന്നു വീണു എന്നാണ്.
'സുഭഗസന്ദേശം', ഭ്രമര (വണ്ട്) സന്ദേശം എന്നിവയും സംസ്‌കൃത സന്ദേശ കാവ്യങ്ങളാണ്.

Exit mobile version