Keralaliterature.com

തുള്ളല്‍ സാഹിത്യം

    തുള്ളല്‍ എന്ന കേരളീയ കലയുമായി ബന്ധപ്പെട്ട സാഹിത്യപ്രസ്ഥാനമാണ് തുള്ളല്‍ സാഹിത്യം. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ജനയിതാവായ കലക്കത്ത് കുഞ്ചന്‍നമ്പ്യാര്‍ തുള്ളല്‍കലയുടെ രംഗാവിഷ്‌കരണത്തിന് അനുയോജ്യമായ വിധത്തില്‍ രചിച്ച കൃതികളാണ് ഇവ.ചാക്യാര്‍കൂത്ത്, കൂടിയാട്ടം, കഥകളി, പടയണി, കോലങ്ങള്‍ തുടങ്ങിയ കലാരൂപങ്ങളുടെ പല അംശങ്ങളും സ്വീകരിച്ചു സര്‍വജനസ്പര്‍ശിയായ ഒരു കലാസാഹിത്യപ്രസ്ഥാനമെന്ന നിലയില്‍ തുള്ളലിന് രൂപം നല്‍കുകയാണ് നമ്പ്യാര്‍ ചെയ്തത്.
വേഷത്തെ അടിസ്ഥാനമാക്കി ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നിങ്ങനെ മൂന്നായി തുള്ളലുകളെ തരംതിരിക്കാറുണ്ട്. ഈ മൂന്നു വിഭാഗം തുള്ളലുകള്‍ക്കും പ്രത്യേകം പ്രത്യേകം കൃതികളും നമ്പ്യാര്‍ രചിച്ചിട്ടുണ്ട്. സ്യമന്തകം, ഘോഷയാത്ര, നളചരിതം, രുക്മിണി സ്വയംവരം തുടങ്ങിയവ ഓട്ടന്‍തുള്ളലിനും, കല്യാണസൗഗന്ധികം, കൃഷ്ണലീല, പ്രഹഌദചരിതം തുടങ്ങിയവ ശീതങ്കല്‍ തുള്ളലിനും, ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, സഭാപ്രവേശം തുടങ്ങിയവ പറയന്‍തുള്ളലിനുമാണ്. ഫലിത പരിഹാസങ്ങളും യഥാതഥവും സ്വാഭാവികവുമായ വര്‍ണനകളും നിറഞ്ഞ തുള്ളല്‍കൃതികള്‍ക്ക് പുരാണകഥകളാണ് ആധാരമായിട്ടുള്ളത്. കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷം നിരവധി തുള്ളല്‍ കൃതികള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്.

Exit mobile version