Keralaliterature.com

പ്രതിവചന സങ്കീര്‍ത്തനം

പ്രതിവചനഭാഗം ഒരു ഗായകന്‍/ഗായിക പാഠവേദിയെ സമീപിച്ച് പാടുന്നു. ജനങ്ങള്‍ ആ വരികള്‍ ആവര്‍ത്തിക്കുന്നു. സങ്കീര്‍ത്തനത്തിന്റെ മറ്റു വരികള്‍ ഗായകന്‍/ ഗായിക ആവര്‍ത്തനം കൂടാതെ പാടുന്നു. ജനങ്ങള്‍ പ്രതിവചനം ഗായകനോടൊപ്പം ആവര്‍ത്തിച്ചാലപിക്കുന്നു. അതതു ദിവസത്തിലെ പ്രതിവചന സങ്കീര്‍ത്തനംതന്നെ പാടേണ്ടതാണ്.

(സങ്കീ.138)
ഗായകന്‍: സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സംഗീതത്തില്‍
സര്‍വ്വേശ്വരാ നിന്നെ കീര്‍ത്തിക്കുന്നു
ജനം : സമ്പൂര്‍ണ്ണ…..
ഗായകന്‍: നാമം ജപിപ്പൂ നിന്‍ സന്നിധിയില്‍
നന്ദിയര്‍പ്പിക്കുന്നു നന്മകള്‍ക്കായ്
സ്‌തോത്രമേകുന്നു നിന്‍ കാരുണ്യവും
വിശ്വസ്തതയും ഞാനോര്‍മ്മിക്കുമ്പോള്‍
ജനം: സമ്പൂര്‍ണ്ണ…..
ഗായകന്‍: വാഗ്ദാനവും നിന്‍ തിരുനാമവും
മഹനീയവും മനനീയവും
പ്രാര്‍ത്ഥനകള്‍ ഞാനര്‍പ്പിക്കുകില്‍
ഉത്തരം നല്‍കും ഉദാരമായി
ജനം: സമ്പൂര്‍ണ്ണ….
ഗായകന്‍: ധൈര്യം പകര്‍ന്ന് ശക്തി തന്നു
സാഫല്യമേകുന്നു ദൈവമേ നീ
കേട്ടറിഞ്ഞോരും ഭൂപാലകരും
നിന്‍ വചസെ്‌സല്ലാം കീര്‍ത്തിക്കുന്നു.
ജനം: സമ്പൂര്‍ണ്ണ….
ഗായകന്‍: ദിവ്യവൃത്താന്തങ്ങള്‍ വര്‍ണ്ണിക്കും ഞാന്‍
അത്യുന്നതമല്ലോ നിന്‍ മഹത്വം
പാവങ്ങളെ നീ സംരക്ഷിക്കും
പാലനം ചെയ്യും ജീവനെയും
ജനം: സമ്പൂര്‍ണ്ണ….
ഗായകന്‍: നിറവേറ്റിടും നീ നിശ്ചയമായ്
എന്നില്‍ വിടരും അഭിലാഷവും
ദൈവകാരുണ്യം അനന്തമല്ലോ
തൃക്കൈകളെന്നെ രക്ഷിച്ചീടും
ജനം: സമ്പൂര്‍ണ്ണ…..

അഥവാ

(സങ്കീ.104)
ഗായകന്‍: കര്‍ത്താവാം ദൈവത്തെ സ്തുതിച്ചുപാടും
കര്‍ത്താവിലെന്നുമെന്‍ ആനന്ദം
കര്‍ത്താവിന്‍ മഹത്വം ശാശ്വതമല്ലോ
കര്‍ത്താവിന്‍ നാമം കീര്‍ത്തിക്കാം.
ജനം: കര്‍ത്താവാം…..
ഗായകന്‍: പര്‍വ്വതനിരകളില്‍ സമൃദ്ധിയേകി
താഴ്‌വാരങ്ങളില്‍ നീര്‍ച്ചാലുമേകി
ഭൂമിയെ ഫലപുഷ്ടിയാക്കിടുന്ന
ദൈവമേ നിന്‍ നാമം വാഴ്ത്തിടുന്നു
ജനം: കര്‍ത്താവാം….
ഗായകന്‍: ഭൂമിയിലെങ്ങുമേ നിറഞ്ഞിടുന്നു
വൈവിദ്ധ്യപൂര്‍ണ്ണമാം സൃഷ്ടികളെ
മര്‍ത്ത്യന്റെ നന്മക്കായ് നല്‍കിയ കാരുണ്യ
ദൈവമേ നിന്‍ നാമം വാഴ്ത്തിടുന്നു.
ജനം: കര്‍ത്താവാം….
ഗായകന്‍: ജീവശ്വാസം അങ്ങു നല്‍കിടുന്നു
സൃഷ്ടികളില്‍ ജീവന്‍ തുടിച്ചിടുന്നു
ഭൂമുഖമെന്നും നവമാക്കി മാറ്റിടും
ദൈവമേ നിന്‍ നാമം വാഴ്ത്തിടുന്നു.
ജനം: കര്‍ത്താവാം…..
ഗായകന്‍: ജീവിതകാലം മുഴുവന്‍ നിന്നുടെ
മഹിമകള്‍ വാഴ്ത്തിടാം കൃപയേകിടാം
സമൃദ്ധിയാലെന്നെ സമ്പന്നമാക്കിയ
ദൈവമേ നിന്‍ നാമം വാഴ്ത്തിടുന്നു.
ജനം: കര്‍ത്താവാം….

അഥവാ

(സങ്കീ.23)
ഗായകന്‍: കര്‍ത്താവെന്‍ നല്ലോരിടയന്‍
വത്‌സലനാം നായകനും താന്‍
തന്‍ കൃപയാല്‍ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാല്‍.
ജനം: കര്‍ത്താവെന്‍…..
ഗായകന്‍: പച്ച പുല്‍ത്തകിടികളില്‍ താന്‍
വിശ്രാന്തി എനിക്കരുളുന്നു.
നിശ്ചലമാം നീര്‍ച്ചോലയതിന്‍
സവിധത്തില്‍ ചേര്‍ത്തിടുമെന്നെ.
ജനം: കര്‍ത്താവെന്‍….
ഗായകന്‍: ഇരുള്‍ മൂടിയ സാനുവിലും ഞാന്‍
ഭയമെന്തെന്നറിയുന്നില്ല.
ചെങ്കോലും ശാസക ദണ്ഡും
എന്‍ കാലില്‍ മാര്‍ഗ്ഗമതാവും.
ജനം: കര്‍ത്താവെന്‍…..
ഗായകന്‍: ശത്രുക്കള്‍ കാണ്‍കെയെനിക്കായ്
പ്രത്യേക വിരുന്നുമൊരുക്കി.
അവിടുന്നെന്‍ മൂര്‍ദ്ധാവില്‍ തന്‍
തൈലത്താലഭിഷേചിച്ചു.
ജനം: കര്‍ത്താവെന്‍…..
ഗായകന്‍: കവിയുന്നെന്‍ ചഷകം നിത്യം
അവിടുന്നെന്‍ നല്ലോരിടയന്‍
കനിവായ്ത്താന്‍ സ്‌നേഹിച്ചിടുമെന്‍
കര്‍ത്താവും നാഥനുമങ്ങ്.
ജനം: കര്‍ത്താവെന്‍…..
ഗായകന്‍: തന്‍ വരവും കൃപയും നിത്യം
പിന്‍തുടരും സുതനാമെന്നെ.
കര്‍ത്താവെന്‍ ഭവനം തന്നില്‍
പാര്‍ത്തീടും ചിരകാലം ഞാന്‍.
ജനം: കര്‍ത്താവെന്‍….

Exit mobile version