കാലത്ത് കവിത രചിക്കുമ്പോള്‍ വൃത്തമൊപ്പിക്കാനും പ്രാസദീക്ഷയ്ക്കും മറ്റുമായി കവികള്‍ നിരവധി വ്യാക്ഷേപക പദങ്ങള്‍ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലാത്തവയാണ് അവ. ഉദാഹരണം: ഹന്ത, ബത, ഹാ, അയ്യോ തുടങ്ങിയവ.
എന്നാല്‍, പണ്ടൊരു കവിയുടെ ‘ഹന്ത’ പ്രയോഗം പണ്ഡിതന്മാരുടെ പ്രശംസയ്ക്ക് പാത്രമാവുകയും പട്ട് നേടുകയും ചെയ്തു. അതാണ് അന്തഹന്തയ്ക്കിന്തപ്പട്ട്. പട്ട് നേടിയ കവി പുനം നമ്പൂതിരിയും പട്ട് നല്‍കിയ കവി ഉദ്ദണ്ഡശാസ്ത്രികളും. ആദ്യത്തെയാള്‍ അരക്കവിയും രണ്ടാമത്തയാള്‍ മുഴുക്കവിയും.
ഇരുവരും കോഴിക്കോട് സാമൂതിരി രാജാവായ മാനവിക്രമന്റെ സദസ്സിലെ പതിനെട്ടരക്കവികളില്‍പ്പെട്ടവരാണ്. മലയാള കവിയായതുകൊണ്ടാണ് പുനം നമ്പൂതിരിയെ അരക്കവിയാക്കിയത്. ഉദ്ദണ്ഡന്‍ സംസ്‌കൃതകവിയും.
പട്ട് നേടിയ ഹന്ത പ്രത്യക്ഷപ്പെട്ട ശ്ലോകം ഇതാണ്:
” താരില്‍ത്തന്വീക്കടാക്ഷാഞ്ചലമധുപകുലാ-
രാമ രാമാജനനാം
നീരില്‍ത്താര്‍ബാണ വൈരാകരനികരതമോ-
മണ്ഡലീചണ്ഡഭാനോ
നേരെത്താതൊരു നീയാം തൊടുകുറ കളയാ-
യെ്കന്നുന്മേഷാ കുളിക്കു-
ന്നേരത്തിനിപ്പുറം വിക്രമനൃവരാ! ധരാ
ഹന്ത കല്പാന്ത തോയേ”