രാമചരിതം(മഹാകാവ്യം)
ചീരാമന്‍
പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ കൃതിയാണ് രാമചരിതം. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ് രാമചരിതം എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതില്‍ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ചിലര്‍ ഇതിനെ കാണുന്നു. രാമചരിതകര്‍ത്താവ് ഒരു ചീരാമകവി ആണെന്ന് ഗ്രന്ഥാവസാനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ചീരാമന്‍ എന്നത് ശ്രീരാമന്‍ എന്ന പദത്തിന്റെ തദ്ഭവമാണെന്നും അദ്ദേഹം ക്രി.പി. 1195 മുതല്‍ 1208 വരെ തിരുവിതാംകൂര്‍ ഭരിച്ച മണികണ്ഠബിരുദാലങ്കൃതനായശ്രീവീരരാമവര്‍മ്മാവാണെന്നുമാണ് ഉള്ളൂരിന്റെ അഭിപ്രായം.ആദ്യന്തങ്ങളിലെ പദ്മനാഭസ്തുതിയുംക്രി.പി. 11201200 വര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ച കമ്പരെ രാമചരിതകാരന്‍ ഉപജീവിക്കുന്നുവെന്നതും തെളിവായി അദ്ദേഹം നിരത്തുന്നു. രാമചരിതം നിര്‍മ്മിച്ചത് തിരുവിതാംകൂറിലെ ഒരു മഹാരാജാവാണെന്നും അതില്‍ യുദ്ധകാണ്ഡകഥ മാത്രം വര്‍ണിച്ചത് തന്റെ യോദ്ധാക്കളുടെ ഹൃദയോത്തേജനത്തിനു വേണ്ടിയാണെന്നും ഉള്ളൂര്‍ ചൂണ്ടിക്കാട്ടുന്നു. രാമചരിതത്തിന്റെ വട്ടെഴുത്തിലുള്ള താളിയോലപ്പകര്‍പ്പ് ഉത്തരകേരളത്തിലെ നീലേശ്വരത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ഈ കൃതി ഉത്തരകേരളത്തിലെ മണിയാണിനായന്മാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ളതാണെന്നും അവരുടെ വീടുകളില്‍ വച്ച് പൂജിക്കപ്പെടുന്നുണ്ടെന്നും കൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവരുടെ പൂര്‍വികരിലൊരാളായിരിക്കാം ഇതിന്റെ കര്‍ത്താവെന്നൊരഭിപ്രായവും അദ്ദേഹം ഉന്നയിക്കുന്നു. രാമചരിതത്തിലെ ചാട്ടുക(എറിയുക), ഇന്നും(ഇനിയും), നടേ(ആദ്യമായി), കൊണ്ടരിക(കൊണ്ടുവരിക) തുടങ്ങിയ ഉത്തരകേരളത്തില്‍ മാത്രം പ്രചാരമുള്ള പദങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ലീലാതിലകം ലക്ഷണപ്രകാരം (‘ദ്രമിഡസംഘാതാക്ഷരനിബദ്ധയെതുകമോന വൃത്തവിശേഷയുക്തം പാട്ടു’) പാട്ടുസാഹിത്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രാമചരിതം. എതുകയും മോനയും കണിശമായി പാലിക്കുന്നു. ചിലയിടങ്ങളില്‍ അന്താദിപ്രാസവും കാണാം. 1814 പാട്ടുകളെ 164 പടലങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മിക്കവാറും പടലങ്ങളില്‍ 11 പാട്ടുകളാണുള്ളത്. 12 വീതം പാട്ടുകളുള്ള 14ഉം 10 വീതം പാട്ടുകളുള്ള 4ഉം പടലങ്ങളുണ്ട്. യുദ്ധകാണ്ഡമാണ് രാമചരിതത്തിലെ പ്രതിപാദ്യമെങ്കിലും യുദ്ധകാണ്ഡത്തിന്റെ ഭൂമികയില്‍ രാമായണകഥയെ സംഗ്രഹിക്കുകയാണ് രാമചരിതകാരന്‍. ശ്രീരാമന്റെ ചിത്രകൂടവാസം മുതലുള്ള ഇതിവൃത്തം ഹനുമാന്‍ ഭരതനോട് പറയുന്ന രാമായണഭാഗത്തെ കവി 120 മുതല്‍ 155 വരെ പടലങ്ങളിലാണ് വിസ്തരിക്കുന്നത്.കമ്പരുടെയും വാല്മീകിയുടെയും സ്വാധീനം രാമചരിതത്തില്‍ പ്രകടമാണ്. ദ്രമിഡസംഘാതാക്ഷരങ്ങള്‍ മാത്രമേ രാമചരിതത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ. ദ്രാവിഡ അക്ഷരമാലയില്‍ ഉള്ള മുപ്പതു വര്‍ണങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. സംസ്‌കൃതപദങ്ങള്‍ തത്സമമായിത്തന്നെ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. സംസ്‌കൃത പദങ്ങള്‍ ദ്രാവിഡീകരിച്ചാണ് പ്രയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിനു ‘ഭോഗിഭോഗശയനാ’ എന്നതിന് പകരം രാമചരിതകാരന്‍ സ്വീകരിച്ചിരിക്കുന്നത് ‘പോകിപോകചയനാ’ എന്ന് ദ്രാവിഡീകരിച്ച രൂപമാണ്. വിഭക്ത്യന്തപദങ്ങള്‍ പോലും കുറവല്ല. കേരളപാണിനി അവതരിപ്പിച്ച ആറുനയങ്ങള്‍ പൂര്‍ണമായും സംഭവിക്കാത്ത ഭാഷയാണ് രാമചരിതത്തിലേത്. അനുനാസികാതിപ്രസരം, താലവ്യാദേശം ഇവ ഇല്ലാത്ത രൂപങ്ങള്‍ രാമചരിതത്തില്‍ സുലഭമാണ്. പുരുഷഭേദം ഉള്ളതും ഇല്ലാത്തതുമായ രൂപങ്ങള്‍ കാണാം. വിശേഷണവിശേഷ്യങ്ങള്‍ക്ക് പൊരുത്തവും ദീക്ഷിച്ചിട്ടുണ്ട്. ലീലാതിലകത്തില്‍പ്പറയുന്ന സന്ധിനിയമങ്ങളും രാമചരിതത്തിലുണ്ട്. രാമചരിതത്തില്‍ പ്രയുക്തമായ ഭാഷ അക്കാലത്തെ കേരളഭാഷയുടെ നേര്‍പ്പകര്‍പ്പാണെന്നും അല്ലെന്നും രണ്ടുപക്ഷമുണ്ട്. സംസ്‌കൃതാക്ഷരമാലയുടെ പ്രവേശത്തിനു മുമ്പ് നിബന്ധിക്കപ്പെട്ടതാണ് രാമചരിതമെന്നും മലയാളത്തിന്റെ പ്രാക്തനരൂപം ഇതു പ്രദര്‍ശിപ്പിക്കുന്നുവെന്നും ഗുണ്ടര്‍ട്ട് പറയുന്നു. കരിന്തമിഴ് കാലത്തിന്റെ അവസാനമുണ്ടായ കൃതിയായിരിക്കാം രാമചരിതമെന്നാണ് ഏ.ആറിന്റെ പക്ഷം. 14ആം ശതകത്തിന്റെ ആരംഭത്തില്‍ കേരളത്തില്‍ െ്രെതവര്‍ണികരല്ലാത്തവര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ഭാഷയുടെ സാഹിത്യരൂപമാണ് രാമചരിതത്തില്‍ കാണുന്നതെന്നും, െ്രെതവര്‍ണ്ണികഭാഷയുടെ/ഭാഷാമിശ്രത്തിന്റെ കൃത്രിമത്വം തമിഴിലും ഇക്കാലത്ത് ധാരാളമായി കടന്നുകൂടിയിരുന്ന് എന്നും ഇളംകുളം പറയുന്നു.