രാമചരിതം(മഹാകാവ്യം)

ചീരാമന്‍

പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ കൃതിയാണ് രാമചരിതം. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ് രാമചരിതം എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതില്‍ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ചിലര്‍ ഇതിനെ കാണുന്നു. രാമചരിതകര്‍ത്താവ് ഒരു ചീരാമകവി ആണെന്ന് ഗ്രന്ഥാവസാനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ചീരാമന്‍ എന്നത് ശ്രീരാമന്‍ എന്ന പദത്തിന്റെ തദ്ഭവമാണെന്നും അദ്ദേഹം ക്രി.പി. 1195 മുതല്‍ 1208 വരെ തിരുവിതാംകൂര്‍ ഭരിച്ച മണികണ്ഠബിരുദാലങ്കൃതനായശ്രീവീരരാമവര്‍മ്മാവാണെന്നുമാണ് ഉള്ളൂരിന്റെ അഭിപ്രായം.ആദ്യന്തങ്ങളിലെ പദ്മനാഭസ്തുതിയുംക്രി.പി. 11201200 വര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ച കമ്പരെ രാമചരിതകാരന്‍ ഉപജീവിക്കുന്നുവെന്നതും തെളിവായി അദ്ദേഹം നിരത്തുന്നു. രാമചരിതം നിര്‍മ്മിച്ചത് തിരുവിതാംകൂറിലെ ഒരു മഹാരാജാവാണെന്നും അതില്‍ യുദ്ധകാണ്ഡകഥ മാത്രം വര്‍ണിച്ചത് തന്റെ യോദ്ധാക്കളുടെ ഹൃദയോത്തേജനത്തിനു വേണ്ടിയാണെന്നും ഉള്ളൂര്‍ ചൂണ്ടിക്കാട്ടുന്നു. രാമചരിതത്തിന്റെ വട്ടെഴുത്തിലുള്ള താളിയോലപ്പകര്‍പ്പ് ഉത്തരകേരളത്തിലെ നീലേശ്വരത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ഈ കൃതി ഉത്തരകേരളത്തിലെ മണിയാണിനായന്മാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ളതാണെന്നും അവരുടെ വീടുകളില്‍ വച്ച് പൂജിക്കപ്പെടുന്നുണ്ടെന്നും കൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവരുടെ പൂര്‍വികരിലൊരാളായിരിക്കാം ഇതിന്റെ കര്‍ത്താവെന്നൊരഭിപ്രായവും അദ്ദേഹം ഉന്നയിക്കുന്നു. രാമചരിതത്തിലെ ചാട്ടുക(എറിയുക), ഇന്നും(ഇനിയും), നടേ(ആദ്യമായി), കൊണ്ടരിക(കൊണ്ടുവരിക) തുടങ്ങിയ ഉത്തരകേരളത്തില്‍ മാത്രം പ്രചാരമുള്ള പദങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ലീലാതിലകം ലക്ഷണപ്രകാരം (‘ദ്രമിഡസംഘാതാക്ഷരനിബദ്ധയെതുകമോന വൃത്തവിശേഷയുക്തം പാട്ടു’) പാട്ടുസാഹിത്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രാമചരിതം. എതുകയും മോനയും കണിശമായി പാലിക്കുന്നു. ചിലയിടങ്ങളില്‍ അന്താദിപ്രാസവും കാണാം.