Keralaliterature.com

ഒടുവില്‍ പി.എസ്.സിക്ക് മനസ്സിലായി മലയാളത്തിന്റെ മഹിമ

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ബിരുദതലത്തില്‍ നടത്തുന്ന എല്ലാ പരീക്ഷകള്‍ക്കും കൂടി ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചു. കമ്മീഷന്റെ ബുധനാഴ്ചത്തെ യോഗത്തിലാണ് തീരുമാനം.
മലയാളത്തിനു പുറമെ തമിഴ്, കന്നഡ എന്നീ ന്യൂനപക്ഷ ഭാഷകളിലും ചോദ്യങ്ങള്‍ ലഭ്യമാകുമെന്ന് പി.എസ്.സി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ്‌വഴി അറിയിച്ചു. എന്നാല്‍ ഉദ്യോഗാര്‍ഥികളില്‍നിന്നും സമ്മിശ്ര പ്രതികരണമാണ് വരുന്നത്. നിലവില്‍ ബിരുദതലത്തിന് താഴെയുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍ ചോദ്യം നല്‍കുന്നുണ്ട്. മലയാളത്തിന് നിശ്ചിത മാര്‍ക്ക് ബിരുദ പരീക്ഷകള്‍ക്ക് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചോദ്യം ഇംഗ്ലീഷിലായിരിക്കുമെന്ന് പി.എസ്.സി നേരത്തെ തീരുമാനിച്ചിരുന്നു. ഇതു ഭാഷാ പ്രേമികളില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഐക്യ മലയാള പ്രസ്ഥാനം പോലുള്ള സംഘടനകള്‍ ഇതിനെതിരെ സമരം നടത്തുകയുണ്ടായി.
ഇന്ത്യയില്‍ കേരളത്തില്‍ മാത്രമായിരുന്നു പബ്ലിക് സര്‍വീസിലേക്കുളള എഴുത്തുപരീക്ഷയ്ക്ക് മാതൃഭാഷയെ തഴഞ്ഞിരുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നശേഷം നിശ്ചയദാര്‍ഢ്യത്തോടെയാണ് സ്‌കൂള്‍ തലം മുതല്‍ മലയാളം നിര്‍ബന്ധമാക്കിയത്.
പി.എസ്.സി നിലവില്‍ വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകള്‍ക്ക് തീരുമാനം ബാധകമാണോയെന്ന കാര്യം വ്യക്തമല്ല. ബാധകമാണെങ്കില്‍ എസ്.ഐ ഉള്‍പ്പെടെയുള്ള യൂണിഫോം സര്‍വീസ് പരീക്ഷകള്‍ക്കും ചോദ്യങ്ങള്‍ മലയാളത്തിലാക്കേണ്ടി വരും.

 

Exit mobile version