ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ‘മൈക്ക്’. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ കമലിനും ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് മൈക്ക്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ വേണ്ടപ്പെട്ടവരെ മാത്രം പരിഗണിക്കുന്നുവെന്നാണ് പരാതി.ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ കമലും ബീനാ പോളും ഇടപെട്ടു. പോയവര്‍ഷം കാര്‍ബണ്‍, ആമി എന്നീ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചത് ഇത്തരം ഇടപെടലിലൂടെയാണ്. ഈ നീക്കം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മൈക്ക് പരാതിയില്‍ ചൂണ്ടിക്കാട്ടി.ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തിലെത്തിയ കാര്‍ബണ്‍ ആറ് അവാര്‍ഡുകളാണ് നേടിയത്. ഈ ചിത്രം സംവിധാനം ചെയ്തത് ബീനാ പോളിന്റെ ഭര്‍ത്താവ് വേണുവായിരുന്നു. കാര്‍ബണിന് അവാര്‍ഡ് കിട്ടാന്‍ ബീനാ പോള്‍ ഇടപെട്ടുവെന്നാണ് ആരോപണം. മാധവിക്കുട്ടിയുടെ കഥ പറഞ്ഞ ആമിക്ക് രണ്ട് അവാര്‍ഡുകളാണ് ലഭിച്ചത്. കമല്‍ ഇടപെട്ടാണ് ആമിക്ക് അവാര്‍ഡ് ലഭിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ ആരെയെല്ലാമാണ് അംഗങ്ങളായി ഉള്‍പ്പെടുത്തേണ്ടതെന്ന നിര്‍ദേശം സാംസ്‌കാരിക വകുപ്പിന് കൈമാറുന്ന ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍മാരാണ് കമലും ബീനാപോളും. അതുകൊണ്ടുതന്നെ കമലിന്റേയും ബീനാ പോളിന്റെയും ഇടപെടല്‍ ഇവിടെ വ്യക്തമാണെന്നും മൈക്ക് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.