Keralaliterature.com

പ്രഭാവര്‍മ്മയ്ക്കുള്ള ജ്ഞാനപ്പാന പുരസ്‌കാരത്തിന് സ്‌റ്റേ

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ വര്‍ഷത്തെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് ജ്ഞാനപ്പാന പുരസ്‌കാരം കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മ്മയ്ക്കായിരുന്നു. പൂന്താനം നമ്പൂതിരിയുടെ സ്മരണയ്ക്കായി എല്ലാവര്‍ഷവും ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ജ്ഞാനപ്പാന പുരസ്‌കാരം. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്നാല്‍ പുരസ്‌കാരം നല്‍കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവം’ എന്ന കൃതിയില്‍ കൃഷ്ണനെ അപമാനിക്കുന്ന പരാമര്‍ശം ഉണ്ടെന്ന സ്വകാര്യ ഹര്‍ജിയിലാണ് സ്‌റ്റേ.

ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക് നല്‍കുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നിരുന്നു. കൃഷ്ണ ബിംബങ്ങളെ അഹേളിക്കുന്നതാണ് കൃതിയെന്നാണ് ആരോപണം. ഭഗവത്ഗീത ഉപദേശിച്ചതില്‍ ശ്രീകൃഷ്ണന്‍ പിന്നീട് ഖേദിച്ചിരുന്നതായും പാഞ്ചാലിയോട് രഹസ്യമായി പ്രണയമുണ്ടായതായും കൃതിയില്‍ പ്രതിപാദിക്കുന്നുണ്ടെന്നും ഹിന്ദു ഐക്യവേദി ആരോപിക്കുന്നു. പ്രഭാവര്‍മ്മയ്ക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ദേവസ്വം ചെയര്‍മാന്റെ വീട്ടിലേക്ക് പ്രകടനം നടത്തിയിരുന്നു. നേരത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ശ്യാമമാധവത്തിന് ലഭിച്ചിരുന്നു.

Exit mobile version