Keralaliterature.com

പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് പുരസ്‌കാരത്തിന് ഇന്ത്യക്കാരായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹരായി. അസോസിയേറ്റ് പ്രസ്സിലെ മാധ്യമപ്രവര്‍ത്തകരായ ദര്‍ യാസിന്‍, മുക്തര്‍ ഖാന്‍, ചന്ന് ആനന്ദ് എന്നിവര്‍ക്കാണ് മാധ്യമപ്രവര്‍ത്തനത്തിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്.
അലാസ്‌കയിലെ പൊതു സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകള്‍ വെളിച്ചത്ത് കൊണ്ടുവന്ന ‘ദീ ആങ്കറേജ് ഡെയ്‌ലി ന്യൂസി’നും ‘പ്രോപബ്ലിക്ക’യ്ക്കും പൊതു സേവന വാര്‍ത്തകള്‍ക്കുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരം. അലാസ്‌കയിലെ മൂന്നിലൊന്ന് ഗ്രാമങ്ങള്‍ക്ക് പൊലീസ് സംരക്ഷണം ഇല്ലെന്നാണ് ഇവര്‍ കണ്ടെത്തിയത്.
അന്വേണാത്മക റിപ്പോര്‍ട്ടിങ്ങിനും അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ്ങിനുമുള്ള പുരസ്‌കാരം ന്യൂയോര്‍ക്ക് ടൈംസിന് ലഭിച്ചു. വിശദ റിപ്പോര്‍ട്ടിങ് വിഭാഗത്തില്‍ വാഷിങ്ടണ്‍ പോസ്റ്റിനാണ് പുരസ്‌കാരം. കടുത്ത താപനിലമൂലം അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ സംബന്ധിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍. 370ാം വകുപ്പ് റദ്ദാക്കിയശേഷം കശ്മീരില്‍ നടന്ന സംഭവ വികാസങ്ങള്‍ ഒപ്പിയെടുത്തതിന് അസോസിയറ്റഡ് പ്രസിന് മികച്ച ഫീച്ചര്‍ ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഹോങ്കോങ്ങിലെ സമരചിത്രത്തിന് റോയിട്ടേഴ്‌സിന് ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള അവാര്‍ഡ് ലഭിച്ചു.
കോള്‍സന്‍ വൈറ്റ്‌ഹെഡിന് മികച്ച നോവലിനുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരം രണ്ടാം തവണ. സാഹിത്യത്തില്‍ രണ്ട് തവണ പുലിറ്റ്‌സറിന് അര്‍ഹനായ നാലാമത്തെയാളാണ് കോള്‍സന്‍. ജെറീക്കോ ബ്രൗണിന്റെ കവിതാസമാഹാരം ‘ദി ട്രഡീഷന്’ മികച്ച കവിതയ്ക്കുള്ള പുലിറ്റ്‌സര്‍ ലഭിച്ചു. അമേരിക്കയിലെ കറുത്ത വംശജരായ എഴുത്തുകാരാണ് ഇരുവരും. വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായിട്ടുള്ള ജെറീക്കോ നിലവില്‍ എമറി സര്‍വകലാശാലയില്‍ സര്‍ഗരചനാ വിഭാഗം ഡയറക്ടറാണ്.
ഫ്‌ലോറിഡയിലെ ദുര്‍ഗുണപരിഹാര പാഠശാലയില്‍ കറുത്ത വംശജരായ കുട്ടികളുടെ ദുരവസ്ഥ പ്രമേയമാക്കി എഴുതിയ ‘ദി നിക്കല്‍ ബോയ്‌സ്’ ആണ് കോള്‍സനെ വീണ്ടും പുലിറ്റ്‌സറിന് അര്‍ഹനാക്കിയത്. ഫ്‌ലോറിഡയിലെ ഡോസിയര്‍ സ്‌കൂള്‍ ഓഫ് ബോയ്‌സിലെ യഥാര്‍ഥ സംഭവങ്ങളാണ് നോവലിന് ആധാരമായത്. 2017ല്‍ ‘ദി അണ്ടര്‍ഗ്രൗണ്ട് റയില്‍റോഡ്’ എന്ന പുസ്തകത്തിനും കോള്‍സന് പുലിറ്റ്‌സര്‍ ലഭിച്ചു. ബൂത്ത് ടാര്‍ക്കിങ്ടണ്‍, വില്ല്യം ഫോക്‌നര്‍, ജോണ്‍ അപ്‌ഡൈക് എന്നിവര്‍ക്കാണ് മുമ്പ് രണ്ടു തവണ നോവല്‍ വിഭാഗത്തില്‍ പുലിറ്റ്‌സര്‍ ലഭിച്ചത്.

 

Exit mobile version