ന്യൂഡല്‍ഹി :2019 ലെ ധീരതയ്ക്കുള്ള പുരസ്കാരം 3 മലയാളി കുട്ടികള്‍ക്കടക്കം 21 പേര്‍ക്ക്. കോഴിക്കോട് രാമനാട്ടുകരയില്‍ കെ.ആര്. അനീഷ് ഡോ. അജിനി ദമ്പതികളുടെ മകന് കെ. ആദിത്യന് (ഭാരത് പുരസ്കാരം), കോഴിക്കോട് കൊടിക്കല്‍ ബീച്ചിനടുത്തെ മുസ്തഫ നാസില ദമ്പതികളുടെ മകന് ഇ.സി. മുഹമ്മദ് മുഹ്സിന് (മരണാനന്തര ബഹുമതി), വടകര പുതുപ്പണത്തെ പി.കെ.നിസാര്‍ സുബൈദ ദമ്പതികളുടെ മകന് പി.കെ. ഫത്താഹ് (പ്രത്യേക ധീരത പുരസ്കാരം) എന്നിവര്‍ക്കാണ് അംഗീകാരം.
വിനോദയാത്രയ്ക്കിടെ ബസിനു തീപിടിച്ചപ്പോള്‍, 40 പേരുടെ ജീവന് രക്ഷിക്കാന്‍ നടത്തിയ അവസരോചിതമായി ഇടപെടലാണ് ആദിത്യനെ നേട്ടത്തിന് അര്‍ഹനാക്കിയത്. ചേവായൂര്‍ മെഡിക്കല്‍ കോളജ് ക്യാംപസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കടല്‍ത്തിരയില്‍പ്പെട്ട 3 കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെയാണു മുഹ്സിനു ജീവന് നഷ്ടമായത്. തിക്കോടി സികെജി മെമ്മോറിയല്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. റെയില്‍പാളത്തിലൂടെയുള്ള യാത്രയ്ക്കിടെ ട്രെയിനപകടത്തില്‍ നിന്നു 7 വയസ്സുകാരനെയും മുത്തശ്ശിയേയും തലനാരിഴയ്ക്കു രക്ഷപ്പെടുത്തിയതിനാണു ഫത്താഹിനുള്ള അംഗീകാരം.