കൊച്ചി: മലയാള സിനിമയിലെ നിത്യഹരിത ഗാനങ്ങളുടെ ശില്‍പി സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ് ആയിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തില്‍ നടക്കും.
നാടകഗാനങ്ങളിലൂടെ സിനിമാഗാന രംഗത്തെത്തിയ അദ്ദേഹം ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നു. 1968ല്‍ ‘കറുത്ത പൗര്‍ണമി’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.
1936 ആഗസ്റ്റ് 25 ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായാണ് ജനനം. ചങ്ങനാശ്ശേരി ഗീത, പീപ്പിള്‍സ് തിയറ്റര്‍, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികള്‍ക്ക് വേണ്ടി 300 ലേറെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. ‘കറുത്ത പൗര്‍ണമി’യിലെ എന്ന ചിത്രത്തിലെ ‘മാനത്തിന്‍മുറ്റത്ത്…’, ‘ഹൃദയമുരുകീ നീ…’ എന്നീ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി.
രണ്ടാമത്തെ ചിത്രമായ ‘റസ്റ്റ് ഹൗസി’ലെ ‘പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു…’, ‘മുത്തിലും മുത്തായ…’, ‘പാടാത്ത വീണയും പാടും…’, ‘യമുനേ യദുകുലരതിദേവനെവിടെ…’, ‘പറഞ്ഞപോലെ യമുനേ…’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയില്‍ അജയ്യനായി. 1975 ല്‍ പുറത്തിറങ്ങിയ ‘പിക്‌നിക്ക്’ലെ ‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…’ എന്ന പാട്ടും ‘കസ്തൂരി മണക്കുന്നല്ലോ കാറ്റേ…’ എന്ന പാട്ടും മലയാള സിനിമാ മേഖലയില്‍ അര്‍ജുനന്‍ മാസ്റ്ററെ അടയാളപ്പെടുത്തുന്നവയാണ്.
വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ് എന്നിങ്ങനെ പ്രശസ്തരുടെ ഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കി. ശ്രീകുമാരന്‍തമ്ബിയുടെ വരികള്‍ക്ക് അര്‍ജുനന്‍ മാസ്റ്റര്‍ നല്‍കിയ ഈണങ്ങള്‍ ഗാനങ്ങള്‍ വളരെയേറെ ജനപ്രീതി നേടി. സംഗീത സാമ്രാട്ട് എ.ആര്‍ റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ച് തുടങ്ങിയത് അര്‍ജുനന്‍ മാസ്റ്ററുടെ കീഴിലായിരുന്നു.
നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതി പതിനഞ്ചോളം തവണ ലഭിച്ച അര്‍ജുനന്‍ മാസ്റ്റര്‍ക്ക് മലയാള സിനിമക്കുള്ള അംഗീകാരം ലഭിക്കുന്നത് 2017ലാണ്. ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന ചിത്രത്തിലെ ‘എന്നെ നോക്കി’ എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അര്‍ജ്ജുനന്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടകചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അര്‍ജുനന്‍ മാസ്റ്റര്‍ എന്നും അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.