Keralaliterature.com

പെണ്‍കരുത്തിന്…

ബാല്യത്തില്‍ ഉറ്റവരില്‍നിന്നു തന്നെ നേരിട്ട ക്രൂരതകളെ അതിജീവിച്ച് ജീവിത വിജയം നേടിയ രഹനാസിന് സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്‌ന പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടിയായിരിക്കുമ്പോള്‍ ജീവിതത്തില്‍ നേരിട്ട ദാരുണ സംഭവത്തെ തുടര്‍ന്ന് സ്വന്തം വീടും നാടും ഉപേക്ഷിക്കേണ്ടി വന്നിട്ടുപോലും അതിനെയെല്ലാം പൊരുതി ജയിച്ച് ജീവിത വിജയം നേടിയ വ്യക്തിയാണ് പി.പി. രഹനാസ്. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ നിര്‍ഭയ ഹോമില്‍ താമസിച്ച് നിയമ ബിരുദം നേടി നിലവില്‍ കുടുംബത്തിന് താങ്ങായി ജോലി ചെയ്ത് ജീവിക്കുന്നു. രഹനാസിന്റെ ജീവിതം ആസ്പദമാക്കി ‘എന്റെ കഥ നിന്റേയും’ എന്ന ഡോക്യുഫിക്ഷനും തയ്യാറാക്കിയിരുന്നു. താന്‍ അനുഭവിച്ച വേദനകള്‍ തുറന്ന് പറഞ്ഞതിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ ഇതേറെ സഹായിച്ചു.
ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സാമൂഹ്യ സേവന രംഗത്തുള്ള വനിതാ രത്‌ന പുരസ്‌കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സരസ്വതി, കായിക രംഗത്തുള്ള പുരസ്‌കാരം പാലക്കാട് മുണ്ടൂര്‍ പാലക്കീഴി ഹൗസിലെ കുമാരി പി.യു. ചിത്ര, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് കല്‍പനയിലെ പി.പി. രഹ്നാസ്, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനുള്ള പുരസ്‌കാരം പാലക്കാട് ലയണ്‍സ് റോഡ് ശരണ്യയിലെ ഡോ. പാര്‍വതി പി.ജി. വാര്യര്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയ്ക്കുള്ള പുരസ്‌കാരം കണ്ണൂര്‍ എച്ചിലാംവയല്‍ വനജ്യോത്സ്‌നയിലെ ഡോ. വനജ എന്നിവര്‍ക്കാണ്. ജില്ലാ കളക്ടര്‍ അധ്യക്ഷനായിട്ടുള്ള ജില്ലാതല വനിതാരത്‌ന പുരസ്‌കാര നിര്‍ണയ കമ്മിറ്റി ശുപാര്‍ശ ചെയ്ത അപേക്ഷകള്‍ സ്‌ക്രീനിംഗ് കമ്മിറ്റി ഇത് വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തത്.

Exit mobile version