Keralaliterature.com

പുരോഗമന പ്രസ്ഥാനത്തിന്റെ ബോധവും അബോധവും

 

സി. അശോകന്‍

 

ജനാധിപത്യപരമായ ഒരു വേദി എന്ന നിലയില്‍ പുകസ പ്രസക്തമാകുമ്പോള്‍ തന്നെ ഒരു ഇടതുപക്ഷ രാഷ്ട്രീയ സൗന്ദര്യശാസ്ത്രത്തിന്റെ വക്താവും പ്രയോക്താവുമെന്ന നിലയിലും, സംസ്‌കാരത്തില്‍ ഇടപെട്ടുകൊണ്ട് മൂല്യങ്ങളുടെയും ആശയങ്ങളുടെയും മണ്ഡലത്തില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ ജനപക്ഷത്തു നിലയുറപ്പിച്ചുനിന്നു പോരാടുന്ന സംഘടന എന്ന നിലയിലും പുകസ ഒരു പരാജയം തന്നെ ആയി മാറിയിരിക്കുന്നു എന്ന കാഴ്ചപ്പാടാണ് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കാല്‍നൂറ്റാണ്ടായി പങ്കാളിയായ ലേഖകന്റെ നിലപാട്.

പുരോഗമന കലാസാഹിത്യസംഘം അതിന്റെ ഉത്ഭവകാലമായ 1937ല്‍ ജീവല്‍സാഹിത്യസംഘമായാണ് ആരംഭം കുറിച്ചത്. എഴുപത്തിയഞ്ചു വര്‍ഷത്തെ ചരിത്രം അന്നുമുതല്‍ ഇന്നുവരെയായി പുകസ പിന്‍പറ്റുന്നുണ്ട്. ഇന്നു കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ വര്‍ഗസമരത്തിന്റെ ചാലകശക്തിയും തൊഴിലാളിവര്‍ഗസമരത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രത്തിന്റെ നേതൃശക്തിയുമായി വര്‍ത്തിക്കേണ്ട സംഘടന മറ്റെന്തോ ആയി നിലനില്‍ക്കുകയാണ്. സാംസ്‌കാരിക രംഗത്തെ വര്‍ഗസമരത്തില്‍ ഒരു നേതൃശക്തിയായി പുകസയെ ആരും വകവയ്ക്കുമെന്നു തോന്നുന്നില്‌ള. വലതുപക്ഷ മൂല്യങ്ങള്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞ ഒരു ഘട്ടത്തില്‍ നിന്നുകൊണ്ടാണ് സംസ്‌കാരത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ട് പ്രവര്‍ത്തിക്കേണ്ടത് എന്ന് ഈ ലേഖകന്‍ ഉള്‍പെ്പടെ പലരും കരുതുന്ന പുകസയുടെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ചാണ് സ്വയം വിമര്‍ശനപരം കൂടിയായ ഈ കുറിപ്പ് തയ്യാറാക്കുന്നത്.
കേരളത്തില്‍ ഏതാണ്ട്് എല്‌ളാ ജില്‌ളയിലുമായി നിരവധി പുസ്തക പ്രകാശന ചടങ്ങുകള്‍, പുസ്തക ചര്‍ച്ചകള്‍, സാഹിത്യപഠന ക്യാമ്പുകള്‍, അനുമോദന സമ്മേളനങ്ങള്‍, വര്‍ഷത്തില്‍ ഒന്നോ രണ്ടോ സെക്രട്ടേറിയറ്റ് ധര്‍ണ്ണ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പുരോഗമന കലാസാഹിത്യസംഘം അതിന്റെ സാന്നിധ്യമറിയിക്കുന്നു. സംഘത്തില്‍ എഴുത്തുകാരും കലാകാരന്മാരും കലാകാരികളും ഒക്കെ താന്താങ്ങളുടെ അഭിരുചിക്കും ഭാവുകത്വത്തിനും അനുസരിച്ച് കലാസാഹിത്യമേഖലകളില്‍ രചന നിര്‍വഹിക്കുന്നു. ഏകമുഖമായ രചനാരീതിയോ മുകളില്‍ നിന്നുള്ള ശാസനങ്ങളോ ഈ സംഘടനയില്‍ നിലവിലില്‌ള. വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന ശൈലികളും നിലപാടുകളും കൊണ്ട് ഏതാണ്ട് ജനാധിപത്യപരമായ ബഹുസ്വരത സംഘടനയിലെ എഴുത്തുകാരും കലാപ്രവര്‍ത്തകരും ചേര്‍ന്ന് രൂപപെ്പടുത്തുന്നു. സാഹിത്യത്തിലോ കലയിലോ നടത്തുന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിന്റെ ഫലമായി രൂപപെ്പടുന്ന പ്രസ്ഥാനം എന്ന അര്‍ത്ഥത്തിലല്‌ള പുരോഗമന സാഹിത്യസംഘം എന്ന സംഘടന ഇന്നു നിലനില്‍ക്കുന്നത്. മറിച്ച് ഫാസിസത്തിനും കമ്പോളമുതലാളിത്ത സംസ്‌കാരത്തിനും എതിരെയുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും ഒരു കൂട്ടായ്മ എന്ന നിലയിലാണ്. ഇത്തരം ജനാധിപത്യപരമായ ഒരു വേദി എന്ന നിലയില്‍ പുകസ പ്രസക്തമാകുമ്പോള്‍ തന്നെ ഒരു ഇടതുപക്ഷ രാഷ്ട്രീയ സൗന്ദര്യശാസ്ത്രത്തിന്റെ വക്താവും പ്രയോക്താവുമെന്ന നിലയിലും, സംസ്‌കാരത്തില്‍ ഇടപെട്ടുകൊണ്ട് മൂല്യങ്ങളുടെയും ആശയങ്ങളുടെയും മണ്ഡലത്തില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ ജനപക്ഷത്തു നിലയുറപ്പിച്ചുനിന്നു പോരാടുന്ന സംഘടന എന്ന നിലയിലും പുകസ ഒരു പരാജയം തന്നെ ആയി മാറിയിരിക്കുന്നു എന്ന കാഴ്ചപ്പാടാണ് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കാല്‍നൂറ്റാണ്ടായി പങ്കാളിയായ ഈ ലേഖകന്റെ നിലപാട്.
മധ്യവര്‍ഗ്ഗത്തിന്റെ മേല്‍ക്കോയ്മ പൂര്‍ണ്ണമായും കീഴടക്കിക്കഴിഞ്ഞ ഈ സംഘടനയ്ക്കു കേരളത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ മധ്യവര്‍ഗ്ഗ മേല്‍ക്കോയ്മയുടെ ഭാഗമായി രൂപപെ്പട്ടുകഴിഞ്ഞ വലതുപകഷ യാഥാസ്ഥിതികത്വത്തെയും കമ്പോള മുതലാളിത്തത്തിന്റെ ഉപഭോഗ സംസ്‌കാരത്തെയും ചെറുത്തുനില്‍ക്കുവാന്‍ കഴിയാത്ത വിധം ദുര്‍ബലപെ്പടുന്നുവെന്നതാണ് വസ്തുത. തൊഴിലാളികളും ദലിതരും സ്ത്രീകളും കുട്ടികളും പാര്‍ശ്വവത്കരിക്കപെ്പട്ട മനുഷ്യരും ന്യൂനപകഷങ്ങളും എഴുത്തുകാരും കലാപ്രവര്‍ത്തകരും പരസ്ഥിതിവാദികളും ഒക്കെ ചേര്‍ന്ന ഒരു ജനസഞ്ചയത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് നേതൃത്വം കൊടുത്തുകൊണ്ട് വലതുപകഷ മൂല്യങ്ങള്‍ക്കും ഫാസിസ്റ്റു സംസ്‌കാരത്തിനും കമ്പോള മുതലാളിത്ത സംസ്‌കാരത്തിനും എതിരെ ചെറുത്തുനില്‍പ്പു നടത്തുന്ന ഒരു സംഘടനയെന്ന നിലയില്‍ എത്തിപെ്പടുന്നതിനായി നിരന്തരം സംസ്‌കാരത്തില്‍ ഇടപെടലുകള്‍ നടത്തുന്ന ഒരു ആക്ടിവിസ്റ്റുതലം പുകസ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
പുകസയുടെ സമീപന രേഖയില്‍ വിഭാവനം ചെയ്യപെ്പടുന്നത് അതിന്റെ ജനറല്‍ സെക്രട്ടറി വി.എന്‍. മുരളിയുടെ വാക്കുകളില്‍ തന്നെ നമുക്ക് കേള്‍ക്കാം. ‘1992ല്‍ പുരോഗമന കലാസാഹിത്യ സംഘം പെരുമ്പാവൂരില്‍ ചേര്‍ന്ന് അംഗീകരിച്ച രേഖ അധഃസ്ഥിത മോചനവും സാര്‍വത്രിക സ്വാതന്ത്ര്യവും സാംസ്‌കാരികാഭ്യുന്നതിയുമാണ് സാഹിത്യസംഘം ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാക്കി. അതിനുവേണ്ടി തത്വത്തിലെന്നപോലെ വിലയിരുത്തലിലും ഒട്ടും വിഭാഗീയത കലരാത്ത യോജിച്ച ഒരു മഹാസാംസ്‌കാരിക പ്രസ്ഥാനമാണ് നമുക്കാവശ്യമെന്നും പ്രഖ്യാപിച്ചു!” (പുരോഗമന സാഹിത്യപ്രസ്ഥാനം ആഗോളീകരണ കാലത്ത്, ഗ്രന്ഥാലോകം, ആഗസ്റ്റ് 2007). ജനാധിപത്യ വിശ്വാസികള്‍ക്ക് ഇത്തരമൊരു പ്രസ്ഥാനത്തോട് വിയോജിപ്പ് തോന്നുവാന്‍ സാധ്യതയില്‌ള. എന്നാല്‍ ഇത്തരമൊരു പ്രസ്ഥാനം മുകളില്‍ നിന്നും താഴേയ്ക്ക് കെട്ടിപ്പടുക്കേണ്ടതാണോ, അതോ സ്വയം രൂപപെ്പട്ടുവരേണ്ടതാണോ (താഴെ നിന്നും മുകളിലേക്ക് കെട്ടിപ്പടുക്കേണ്ടത്) എന്ന ചോദ്യം ബാക്കിയാവുന്നു. കലയിലും സാഹിത്യത്തിലും സൂക്ഷ്മരൂപത്തില്‍ സംഭവിക്കുന്ന വര്‍ഗ്ഗസംഘര്‍ഷങ്ങളെ കണ്ടെടുക്കുവാനും ഒപ്പം തന്നെ സ്വത്വപ്രതിസന്ധിയും സ്വത്വാന്വേഷണപ്രശ്‌നങ്ങളും പാര്‍ശ്വവല്‍ക്കരിക്കപെ്പട്ടവരുടെ പ്രശ്‌നങ്ങളും പുരുഷമേധാവിത്വത്തിനെതിരെ ഉയര്‍ന്നുവരുന്ന സ്ത്രീ പ്രക്ഷോഭങ്ങളും പാരിസ്ഥിതിക ഉല്‍ക്കണ്ഠകളും തുടങ്ങിയ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി സര്‍ഗസമരത്തിന്റെ വിശാലപരിപ്രേക്ഷ്യം നിര്‍മ്മിക്കുന്നതിനും പുകസയ്ക്ക് എന്തുകൊണ്ട് കഴിയാതെ പോകുന്നു എന്ന അന്വേഷണം നമ്മെ മധ്യവര്‍ഗാധിപത്യത്തിലേക്കുതന്നെ എത്തിക്കുന്നു.
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായാണ് ജീവല്‍ സാഹിത്യസംഘവും രൂപപെ്പട്ടത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാതീയമായ വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ രൂപപെ്പട്ടതായിരുന്നു. ഇത്തരം പ്രസ്ഥാനങ്ങള്‍ ഇന്ന് ജാതിസംഘടനകളായി പരിണമിച്ച് സമ്മര്‍ദ്ദ ഗ്രൂപ്പുകളായി നിന്ന് വിലപേശുന്ന കാഴ്ചയാണ് നാം കാണുന്നത്. എണ്ണത്തില്‍ കൂടുതലുള്ള ജാതികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സമ്പത്തും പദവികളും കൈക്കലാക്കുവാന്‍ ജാതീയവും മതപരവുമായ സ്വത്വബോധത്തെ ഉയര്‍ത്തിക്കാട്ടി രൂപപെ്പട്ട ഈ സംഘടനകള്‍ വഴി സാധിക്കുന്നു. ഈ വിഭാഗങ്ങളിലെ അടിത്തട്ടുകാര്‍ ദരിദ്രരായി തുടരുമ്പോഴും ഒരു മധ്യ-ഉപരിവര്‍ഗ്ഗം കൂടുതല്‍ സാമ്പത്തിക ശേഷി കൈവരിക്കുന്നതും കാണാറാകുന്നു. ജാതി ഒരു യാഥാര്‍ത്ഥ്യമായും വര്‍ഗ്ഗബോധത്തെ തന്നെ പിളര്‍ത്തിയും നിലകൊള്ളുന്നു. വൈകുണ്ഠസ്വാമിയും ശ്രീനാരായണഗുരുവും പൊയ്കയില്‍ അപ്പച്ചനും അയ്യന്‍കാളിയും ഒക്കെ ജാതിസമ്പ്രദായത്തെ തന്നെയാണ് ചോദ്യം ചെയ്തത്. എങ്കിലും അവരൊക്കെതന്നെ താന്താങ്ങളുടെ ജാതികളിലേക്ക് ആവാഹിക്കപെ്പട്ടു. ഇതിന്റെ പ്രധാനകാരണം കൊളോണിയല്‍ ഭരണകൂടവും സ്വാതന്ത്ര്യാനന്തരം രൂപപെ്പട്ട ഭരണകൂടവും മനുഷ്യരെ അഭിസംബോധന ചെയ്തത് ജാതിയുടെ അടിസ്ഥാനത്തിലാണ് എന്നതാണ്. ഭരണകൂടം ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചതും നടപ്പാക്കിയതും ജാതിയുടെ അടിസ്ഥാനത്തിലാണ്. അങ്ങനെ അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനും തങ്ങള്‍ ജനിച്ച ജാതികളിലെ ജനങ്ങളുടെ പ്രതിനിധികളായാണ് പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപെ്പട്ടത്. ഭരണകൂടത്തില്‍ നിന്നും സമ്പത്തും മറ്റു വിഭവങ്ങളും നേടിയെടുത്തത് എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നായര്‍, ഈഴവ തുടങ്ങിയ ജാതികളും ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. ഈ വിഭാഗങ്ങളില്‍ നിന്നുമാണ് കേരളത്തില്‍ ഇന്ന് ശക്തമായിത്തീര്‍ന്ന മധ്യവര്‍ഗ്ഗം രൂപപെ്പട്ടത്. ഈ മധ്യവര്‍ഗ്ഗത്തിനാകട്ടെ ജാതീയവും മതപരവുമായ സ്വത്വബോധത്തെ മുന്‍നിര്‍ത്തി ഭരണകൂടത്തിനോട് വിലപേശുവാനാണ് താല്പര്യം. തൊഴിലാളികളെന്നോ കര്‍ഷകരെന്നോ ഉള്ള കര്‍ത്തൃത്വ നിര്‍മ്മിതികളെ പിന്നിലാക്കി ജാതീയവും മതപരവുമായ സ്വത്വത്തെ മുന്‍നിര്‍ത്തി മുന്നേ രൂപപെ്പട്ട കര്‍ത്തൃത്വ നിര്‍മ്മിതികളെത്തന്നെ കൂടുതല്‍ പ്രബലമാക്കുവാനാണ് മധ്യവര്‍ഗ്ഗത്തിനു താല്പര്യം. കീഴാളസമുദായങ്ങള്‍ക്കാകട്ടെ ജാതീയമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ സമ്പത്തും മറ്റു വിഭവങ്ങളും ഭരണകൂടത്തില്‍ നിന്നും നേടിയെടുക്കുവാന്‍, ജാതി സംഘടനകള്‍ നിലനില്‍ക്കുന്നുവെന്നാല്‍പോലും, കഴിയാതെ വരികയാണുണ്ടായത്. ഒരു ദലിത് സമുദായമായി ഉദ്ഗ്രഥിക്കപെ്പടുവാന്‍ ഇന്നും ജാതി തടസ്‌സമായി നിലനില്‍ക്കുന്നു. ശക്തമായ ഒരു മധ്യവര്‍ഗ്ഗത്തിന്റെ അസാന്നിധ്യത്തില്‍ ദലിത് എന്നത് സമുദായ കൂട്ടായ്മയെക്കാളേറെ വര്‍ഗപരമായ ഒരു കൂട്ടായ്മയും ആണ്. പക്ഷേ, വര്‍ഗ്ഗ-സമുദായബോധത്തെ പിളര്‍ത്തി ജാതി നിലനില്‍ക്കുന്നതിനാല്‍ ഫലപ്രദമായി ഭരണകൂടത്തിനോട് വിലപേശിയോ അലെ്‌ളങ്കില്‍ രാഷ്ട്രീയ നേതൃത്വമാര്‍ജിച്ച് അധികാരത്തിലെത്തുവാനോ ദലിതര്‍ക്ക് ഇപേ്പാഴും കഴിയുന്നില്‌ള. വര്‍ഗ്ഗബോധത്തെയും വര്‍ഗ്ഗസമരത്തെയും മുന്‍നിര്‍ത്തി രൂപപെ്പട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനഫലമായി സമൂഹത്തെ ജന്മി-കുടിയാന്‍, മുതലാളി-തൊഴിലാളി എന്നീ വിരുദ്ധദ്വന്ദങ്ങളെ അടിസ്ഥാനപെ്പടുത്തി വ്യാഖ്യാനിക്കുവാനും വിശദീകരിക്കുവാനും അനുഭവങ്ങളെ ആഖ്യാനം ചെയ്യുവാനും തുടങ്ങിയ പുരോഗമന സാഹിത്യപ്രസ്ഥാനത്തിനാകട്ടെ, ജാതിയുടെ സങ്കീര്‍ണതകളെ തങ്ങളുടെ വ്യവസ്ഥയിലേക്ക് ആനയിക്കുവാന്‍ കഴിഞ്ഞില്‌ള. വര്‍ഗപരമായി ജനങ്ങള്‍ സംഘടിക്കുമ്പോള്‍ ജാതി സ്വയം കൊഴിഞ്ഞുപോകും എന്നുകരുതിയോ അലെ്‌ളങ്കില്‍ ജാതീയമായ പ്രശ്‌നങ്ങള്‍ തങ്ങളുടെ വ്യാഖ്യാന വ്യവസ്ഥയ്ക്ക് വഴങ്ങാത്ത ഒന്നായി നിലകൊണ്ടതുമാകാം ഇതിനു കാരണം.
നവോത്ഥാന മൂല്യങ്ങളിലേക്കു മടങ്ങുവാന്‍ പുകസ ആഹ്വാനം ചെയ്യുന്ന കാഴ്ചയാണ് ഇപേ്പാള്‍ നാം കാണുന്നത്. നവോത്ഥാനം എന്ന ഭൂതകാലം ഒരു സുവര്‍ണ കാലഘട്ടമായി തോന്നുക വര്‍ത്തമാനകാലം ഒരു വെല്‌ളുവിളിയായി ഉയര്‍ന്നു നില്‍ക്കുമ്പോഴാണ്. പക്ഷേ മടങ്ങിപേ്പാക്കുകള്‍ അസാധ്യമോ അലെ്‌ളങ്കില്‍ ഒളിച്ചോടലോ ആണെന്ന കാര്യം നാം ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. ഒരു ഇടതുപക്ഷ സാംസ്‌കാരിക സംഘടനയുടെ ഈ ഗൃഹാതുരത അത്ര അഭിലഷണീയമാണോ എന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്. നവോത്ഥാന പ്രസ്ഥാനവും അതിന്റെ നേതാക്കളും നല്‍കുന്ന പാഠം പാരമ്പര്യവുമായി നാം പുലര്‍ത്തേണ്ട ബന്ധം ഗൃഹാതുരതയുടേതല്‌ള എന്നും മറിച്ച് ഒരു വൈരുധ്യാധിഷ്ഠിതമായ ബന്ധമായിരിക്കണം എന്നുമാണ്. പാരമ്പര്യത്തെ അന്ധമായി എതിര്‍ക്കുന്നതോ പ്രകീര്‍ത്തിക്കുന്നതോ നന്നല്‌ള. നമ്മുടെ നവോത്ഥാന നായകര്‍ പാരമ്പര്യത്തില്‍ ഊന്നി നില്‍ക്കുകയും നല്‌ളതു സ്വീകരിക്കുകയും ചെയ്തവരാണ്. അതുകൊണ്ട് കേരളത്തില്‍ സംഭവിച്ച നവോത്ഥാനം പാശ്ചാത്യമായ അനുകരണമായില്‌ള. എന്നാല്‍ ഈ നവോത്ഥാന പ്രക്രിയ ഭരണകൂടവുമായി ഏറ്റുമുട്ടുന്നതോ കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള രാഷ്ട്രീയ നിലപാടിന് പ്രാമാണ്യം കൊടുക്കുന്നതോ ആയിരുന്നില്‌ള. ജാതി വ്യവസ്ഥയ്‌ക്കെതിരെ ഫലപ്രദമായ സമരമുഖങ്ങള്‍ തുറക്കുവാനും നവോത്ഥാന പ്രസ്ഥാനം പരാജയപെ്പട്ടതായി നാം തിരിച്ചറിയുന്നു. ഇന്ന് ജാതി സംഘടനകളായി നവോത്ഥാന പ്രസ്ഥാനത്തില്‍ പങ്കുകൊണ്ട സംഘടനകള്‍ അധഃപതിച്ചിരിക്കുന്നു. ഇത്തരത്തില്‍ നവോത്ഥാനപ്രസ്ഥാനത്തിന്റെ ദൗര്‍ബല്യങ്ങള്‍ മനസ്‌സിലാക്കിക്കൊണ്ട് പുതിയ പാത വെട്ടിത്തുറക്കേണ്ട ഘട്ടത്തിലാണ് പുകസ നവോത്ഥാനത്തിലേക്കു മടങ്ങുവാന്‍ ആഹ്വാനം ചെയ്യുന്നത്. കെ.എന്‍. പണിക്കര്‍ എന്ന ഇടതുപക്ഷ ചിന്തകന്‍ നവോത്ഥാനത്തിലേക്കു മടങ്ങുകയല്‌ള മറിച്ച് നവോത്ഥാനത്തെ മുറിച്ചുകടക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപെ്പടുന്നത് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമായിത്തീരുന്നു.
വര്‍ഗബോധത്തെ വളര്‍ത്തി നിലകൊള്ളുന്ന ജാതിയന്ത്രത്തെ അബോധാത്മകമായി ഒഴിവാക്കുവാനാണ് നേരിടുവാനല്‌ള, ജീവല്‍സാഹിത്യ സംഘം തുടക്കം മുതലേ ശ്രമിച്ചത്. ജന്മി-കുടിയാന്‍, തൊഴിലാളി- മുതലാളി എന്നീ വിരുദ്ധ ദ്വന്ദങ്ങളെ കേന്ദ്രീകരിച്ച ഒരു പ്രതീക വ്യവസ്ഥയാണ് പുരോഗമന ആഖ്യായികകള്‍ നിര്‍മ്മിച്ചെടുത്തത്. ഈ പ്രതീക വ്യവസ്ഥയിലെ ശൂന്യമായ ഒരിടമായി ജാതി നിലകൊണ്ടു. സാമൂഹികവും സാമ്പത്തികവുമായി ചൂഷണം ചെയ്യപെ്പടുകയും അധ്വാനം വില്‍ക്കുകയും വ്യവസ്ഥയുടെ നിലനില്‍പ്പിനായി കുട്ടികളെ പ്രസവിച്ച് നല്‍കുകയും ചെയ്യുന്ന അടിത്തട്ടു ജനതയായ ദലിതരെയും അവര്‍ നേരിടുന്ന ജാതീയമായ പ്രശ്‌നങ്ങളെയും ഉള്‍ക്കൊള്ളുവാനോ വ്യാഖ്യാനിക്കുവാനോ ഈ പ്രതീക വ്യവസ്ഥയ്ക്കു കഴിഞ്ഞില്‌ള.
നാല്പതുകളിലെ ദലിതരെ കഥാപാത്രങ്ങളാക്കി രൂപംകൊണ്ട ആഖ്യായികകളും ഇത്തരത്തില്‍ തൊഴിലാളി എന്ന കര്‍ത്തൃത്വം ദലിതരില്‍ ആരോപിക്കുവാനാണ് ശ്രമിച്ചത് എന്നു കാണാം. പുരോഗമന പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ പിറവികൊണ്ട പല കൃതികളും മനുഷ്യരെയും അവരുടെ ജീവിതത്തെയും യാന്ത്രികമായാണ് ചിത്രീകരിച്ചത് എന്ന ഇഎംഎസ്‌സിന്റെ നിലപാടും ഓര്‍മ്മയിലെത്തുന്നു. അധ്വാനം വില്‍ക്കുകയും ജാതീയമായി വിഭജിക്കപെ്പടുകയും സാമ്പത്തികമായി അടിത്തട്ടില്‍ കിടക്കുമ്പോഴും ശ്രേണീബദ്ധമായ ജാതിവ്യവസ്ഥമൂലം വര്‍ഗ്ഗബോധത്തിലേക്കുണരുവാന്‍ കഴിയാത്തതും ആയ ഒരു ജീവിതാവസ്ഥയുടെ സങ്കീര്‍ണതകള്‍ പുരോഗമന സാഹിത്യത്തില്‍ കണ്ടെത്തുക വിഷമകരമാണ്. സവര്‍ണ മധ്യവര്‍ഗ്ഗ പ്രതിനിധികളായ പുരോഗമന സാഹിത്യകാരന്മാര്‍ തങ്ങളുടെ ആഖ്യാനങ്ങളിലൂടെ രൂപപെ്പടുത്തിയ പ്രതീക വ്യവസ്ഥയില്‍ ഉള്‍ച്ചേരുവാന്‍ കഴിയാത്ത വിധം അതിന്റെ കേന്ദ്രത്തിലെ ശൂന്യതയായി ദലിതരും അവരുടെ ജീവിതവും നിലകൊണ്ടു. ദലിതര്‍ സ്വയം പ്രതിനിധാനം ചെയ്ത ആഖ്യായികകളെ (പോത്തേരി കുഞ്ഞാമ്പുവിനെയും ടികെസി വടുതലയെയും പോള്‍ ചിറക്കരോടിനെയും പോലുള്ള എഴുത്തുകാരെ) തങ്ങളുടെ ഭാഗമായി സ്വീകരിക്കുവാനും പുരോഗമന സാഹിത്യപ്രസ്ഥാനത്തിനും കഴിഞ്ഞില്‌ള. കെ.പി.ജി നമ്പൂതിരിയും കെടാമംഗലം പപ്പുക്കുട്ടിയും ഡി.എം. പൊറ്റക്കാടും സുബ്രഹ്മണ്യന്‍ തിരുമുള്‍പ്പാടും, കെ. ദാമോദരനും, ചെറുകാടും പ്രേംജിയും തകഴിയും കേശവദേവും ഒക്കെ ആഖ്യാനം ചെയ്ത കീഴാള ജീവിതത്തില്‍ സാന്നിധ്യപെ്പടുവാന്‍ മാത്രമാണ് ദലിതര്‍ക്കു കഴിഞ്ഞത്; എന്നാല്‍ തങ്ങളെ സ്വയം പ്രതിനിധാനം ചെയ്ത ദലിതെഴുത്തുകാര്‍ ആകട്ടെ സ്വീകരിക്കപെ്പടുകയും ചെയ്തില്‌ള. സാമുദായികവും വര്‍ഗ്ഗപരവും ആയ പ്രശ്‌നങ്ങളുടെ സങ്കീര്‍ണതകള്‍ കാരണമായിരിക്കാം ഈ പ്രതീക വ്യവസ്ഥയ്ക്ക് ദലിത് ജീവിതത്തിന്റെ പുറംഭാഗത്തുമാത്രം വെളിച്ചം വീശുവാനേ കഴിഞ്ഞുള്ളൂ. കൂലി വര്‍ദ്ധനവുപോലുള്ള അവകാശ സമരങ്ങളില്‍ പങ്കുകൊണ്ട ദലിത് ജനത കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ചില നേട്ടങ്ങള്‍ കൈവരിച്ചുവെങ്കിലും പ്രസ്ഥാനത്തിന്റെ നേതൃത്വപദവികളിലോ പ്രസ്ഥാനം ഭരണകൂടാധികാരം കൈയേറിയപേ്പാള്‍ വേണ്ടത്ര പ്രാതിനിധ്യമോ ദലിതര്‍ക്ക് ലഭിച്ചില്‌ള. അതുപോലെ തന്നെ ദലിത് ജീവിതത്തിന്റെ സങ്കീര്‍ണ്ണതലങ്ങള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടു വിമോചനത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം രൂപപെ്പടുത്തുവാന്‍ ദലിതെഴുത്തുകാരും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് എത്തിയില്‌ള. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വെളിപ്പുറത്ത് ആ കൃതികള്‍ ഇപേ്പാഴും കാത്തുകിടക്കുകയാണ്. ദലിത് സാഹിത്യവും പെണെ്ണഴുത്തുമൊക്കെ തൊഴിലാളിവര്‍ഗ്ഗ സാഹിത്യത്തിന്റെ തന്നെ വെളിയില്‍ നിലകൊള്ളേണ്ടതലെ്‌ളന്ന തിരിച്ചറിവ് സംഘടനയ്ക്ക് ഇപേ്പാഴും അന്യമാണ്.
സ്വാതന്ത്യാനന്തരമുള്ള ഏതാനും ദശകങ്ങള്‍കൊണ്ട് അധികാരവും അര്‍ത്ഥവും പങ്കിട്ടെടുത്ത് വളര്‍ന്നുവന്ന മധ്യവര്‍ഗ്ഗം സാഹിത്യകലാ സൗന്ദര്യശാസ്്രതമേഖലകളിലും തങ്ങളുടെ പിടിമുറുക്കി. ഇടതുപക്ഷ മൂല്യങ്ങളും ആശയങ്ങളും ഉപരിപ്‌ളവമായി മാത്രം പിന്‍പറ്റുന്ന ഈ മധ്യവര്‍ഗ്ഗമാണ് മലയാളിത്തത്തെ പ്രതിനിധീകരിക്കുന്നത്. വലതുപക്ഷ മൂല്യങ്ങളോടും കമ്പോളത്തിന്റെ ഉപഭോഗസംസ്‌കാരത്തോടും ഉള്ളുകൊണ്ട് മമത പുലര്‍ത്തുന്ന ഈ മധ്യവര്‍ഗ്ഗത്തിന്റെ രൂപീകരണത്തെക്കുറിച്ച് കെ.എന്‍. പണിക്കര്‍ പറയുന്നു: ‘സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മറ്റൊരു പ്രവണത രൂപം കൊണ്ടു. ആന്തരികമായ ഉല്‍പ്പാദനവുമായി ബന്ധമില്‌ളാത്ത സമ്പത്തിന്റെ വേലിയേറ്റം. തല്‍ഫലമായി ഒരു കൃത്രിമ മധ്യവര്‍ഗ്ഗ ജീവിതം രൂപം കൊള്ളുകയും സമൂഹത്തിലെ ഒരു വലിയ വിഭാഗം അതിലേക്ക് ആകര്‍ഷിക്കപെ്പടുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ മധ്യവര്‍ഗ്ഗമല്‌ളാത്ത ഒരു മധ്യവര്‍ഗ്ഗം നിലവില്‍ വന്നു. ആധുനികരായി ജീവിക്കുന്നവര്‍, പകേഷ ആന്തരികമായി ആധുനികരല്‌ളാത്തവര്‍. പുതിയ സാമ്പത്തിക ബാധ്യതകളും സാമൂഹ്യനിലയും തേടിപേ്പാകുന്നവര്‍. പക്ഷേ ഫ്യൂഡല്‍ വ്യവസ്ഥയില്‍ നിന്നും മുക്തിനേടാനും മുതലാളിത്തമൂല്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനും കഴിയാത്തവര്‍. അതുകൊണ്ട് അവര്‍ ആധുനിക ജീവിതം നയിക്കുകയും ഫ്യൂഡല്‍ മനോഭാവം വച്ചുപുലര്‍ത്തുകയും ചെയ്യുന്നു.” (ഒരു ചുവന്ന പ്രഭാതത്തിന്റെ ഓര്‍മ്മയ്ക്ക്. പുറം 34, ചിന്ത പബ്‌ളിഷേഴ്‌സ്). ആര്‍ഭാടപൂര്‍ണമായി ആധുനിക ജീവിതം നയിക്കുകയും മാനസികമായി യാഥാസ്ഥിതികത്വം പുലര്‍ത്തുകയും ചെയ്യുന്ന ഈ മധ്യവര്‍ഗ്ഗം ഒരു ഭാഗത്ത് ബഹുരാഷ്ട്ര മൂലധന താല്പര്യങ്ങള്‍ക്കും മറുഭാഗത്ത് വര്‍ഗീയതയ്ക്കും വഴങ്ങിത്തുടങ്ങിയിരിക്കുന്നു. ഈ മധ്യവര്‍ഗ്ഗത്തിന്റെ കോയ്മയാണ് മലയാളിത്തത്തിലും സാംസ്‌കാരികരംഗത്തും പ്രകടമാകുന്നത്. ഈ മധ്യവര്‍ഗ്ഗത്തിനു വെളിയിലുള്ള ജനവിഭാഗങ്ങളെയും അവരുടെ ജീവിതത്തെയും മുഖ്യധാരയിലെത്തിക്കുവാന്‍ ശ്രമിക്കേണ്ടത് ആരാണ്? കെ.എന്‍ പണിക്കരുടെ വാക്കുകള്‍ക്ക് നമുക്ക് ചെവികൊടുക്കാം: ‘മധ്യവര്‍ഗ്ഗത്തിന്റെ മലയാളിത്തത്തിനു പുറത്ത് ഒരു വലിയ വിഭാഗം ‘മലയാളി’കളുണ്ട്. മുത്തങ്ങയില്‍ വെടിയേറ്റ, ഇടുക്കിയില്‍ മര്‍ദ്ദനത്തിന് ഇരയാകുന്ന ആദിവാസി, പൊതുസ്ഥാപനങ്ങളില്‍ നിന്നു നിഷ്‌കാസിതരാകുന്ന ദളിതര്‍, നിരന്തരമായി പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍, ദൈനംദിന തൊഴിലില്‌ളാത്തവരുടെ പട്ടികയില്‍ സ്ഥലം കണ്ടെത്തുന്ന യുവാക്കള്‍. ഇവര്‍ മലയാളികളാണോ? കേരളത്തിലെ മധ്യവര്‍ഗ്ഗ മലയാളികള്‍ ഇവരെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുന്നു.”

(ഒരു ചുവന്ന സൂര്യന്റെ ഓര്‍മ്മ പുറം 34).


ഇടതുപക്ഷ ചിന്ത സര്‍ഗാത്മകവും സക്രിയവുമായത്തീരുന്ന ഒരു നിരീക്ഷണമാണിത്. പുരോഗമന കലാസാഹിത്യസംഘം ഈ മധ്യവര്‍ഗ്ഗത്തിന്റെ ഉള്ളുപൊള്ളയായ കാഴ്ചപ്പാടുകളെ കയ്യൊഴിയാന്‍ തയ്യാറാകണം. മധ്യവര്‍ഗ്ഗ സവര്‍ണ്ണ പുരുഷത്വത്തിന്റെ കര്‍തൃസ്ഥാനത്തുനിന്നും രൂപപെ്പടുന്ന കാഴ്ചപ്പാടുകളാണ് നമ്മുടെ സംസ്‌കാരിക രംഗത്ത് അധീശത്വം നേടിയെടുത്തിരിക്കുന്നത്. അതിനെതിരെയുള്ള ഒരു സമരമെന്നത് നിലനില്‍ക്കുന്ന സംസ്‌കാരത്തില്‍ ഇടപെട്ടുകൊണ്ടുള്ള സമരമാണ്. ദലിതര്‍ എന്നു കേള്‍ക്കുമ്പോഴും പരിസ്ഥിതിയെന്നു കേള്‍ക്കുമ്പോഴും സ്ത്രീവാദം എന്നു കേള്‍ക്കുമ്പോഴും വിറളി പിടിക്കുകയോ അലെ്‌ളങ്കില്‍ നിസ്‌സംഗത പുലര്‍ത്തുകയോ ചെയ്യുന്ന മധ്യവര്‍ഗ്ഗ കാഴ്ചപ്പാടിനു പകരം വര്‍ഗ്ഗസമരത്തിന്റെ പ്രത്യക്ഷരൂപങ്ങളായി, വര്‍ഗ്ഗസമരത്തിന്റെ വെളിപെ്പടുത്തലുകളായി കാണുന്ന ഇടതുപക്ഷ സാംസ്‌കാരിക വീക്ഷണമാണ് ഇന്നാവശ്യം. ആഗോള മൂലധന താല്പര്യങ്ങളുമായി സംഘര്‍ഷപെ്പടുന്ന ബഹുഭൂരിപകഷം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക പ്രസ്ഥാനമായി പുകസയ്ക്ക് മാറുവാന്‍ കഴിയണമെങ്കില്‍ മധ്യവര്‍ഗ്ഗസവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിന് തങ്ങള്‍ എത്രത്തോളം വിധേയരായിട്ടുണ്ട് എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണം. ദലിതരെ പലതായി പിളര്‍ക്കുന്ന ജാതിയന്ത്രത്തിന്റെ പ്രവര്‍ത്തന ഫലമായി രൂപം കൊണ്ടിട്ടുള്ള സമുദായ സംഘടന മേല്‍പറഞ്ഞ സവര്‍ണ മധ്യവര്‍ഗ താല്‍പ്പര്യങ്ങളെ തന്നെയാണ് സേവിക്കുന്നത്, സ്വതന്ത്രരാഷ്ടീയത്തിന്റെ അടിസ്ഥാനത്തില്‍ എണ്ണത്തില്‍കൂടുതലുള്ള ജാതികളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രതിനിധാനം കരസ്ഥമാക്കിയ മധ്യവര്‍ഗം ധനവും അധികാരവും ഒരിക്കലും താഴെത്തട്ടില്‍ എത്താതെ നോക്കുന്നുണ്ട്. കേരളത്തില്‍ ഏതാനും ചില ജാതികളില്‍പെ്പട്ട ആളുകള്‍ക്കു മാത്രമാണ് ജാതി ഒരു ഭൂഷണം. പൊതുമേഖലയിലും സ്വകാര്യമേഖലയിലും എന്ന പോലെ സമുദായസ്ഥപനങ്ങളുടെ സ്ഥാപനങ്ങളിലും പ്രവേശനം നേടുവാന്‍ ജാതികൊണ്ടു കഴിയുന്നു. എന്നാല്‍ നിരവധി ചെറുജാതികളില്‍പെ്പടുന്നവര്‍ക്കും ദലിതര്‍ക്കും ഇത്തരം ഒരു സൗകര്യം ലഭിക്കുന്നില്‌ള. ജാതികളെ ന്യായികരിക്കുകയും അധികാരവും സമ്പത്തും ജാതികളിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസൃതമായി വീതം വയ്ക്കണമെന്നു വാദിക്കുന്ന ബുദ്ധിജീവികള്‍ മറക്കുന്ന കാര്യം ഇത്തരത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഉപരിവര്‍ഗത്തിനും മധ്യവര്‍ഗത്തിനും മാത്രമേ ഗുണം ചെയ്യുന്നുവെന്നുള്ളതാണ്. പ്രാതിനിധ്യ ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ചെലവില്‍ ന്യുനപക്ഷത്തിന് കൊഴുത്തു തടിക്കുവാന്‍ ഇട നല്‍കുന്നതുപോലെ ജാതിരാഷ്ട്രീയവും ഒരു ന്യുനപക്ഷത്തിന്റെ താല്‍പ്പര്യങ്ങളെ മാത്രമാണ് സേവിക്കുന്നത്. ജാതി ഒരു പരാധീനതയും പരിമിതിയും ആയാണ് ദരിദ്രരും നിരാലംബരും സ്ത്രീകളും കുട്ടികളും ഒക്കെ അനുഭവിക്കുന്നത്. കേരളത്തിലെ മധ്യവര്‍ഗ്ഗത്തിന്റെ വലതുപക്ഷതാല്‍പ്പര്യങ്ങളെയും കമ്പോള മുതലാളിത്ത ആഭിമുഖ്യത്തെയും ചെറുത്തുകൊണ്ട് നടത്തുന്ന ഒരു സംസ്‌കാരിക പ്രവര്‍ത്തനമാണ് ഇന്നത്തെ ജീര്‍ണതകളെ മറികടക്കുവാന്‍ പുകസ ലക്ഷ്യമാക്കേണ്ടത്. കാരണം ഇന്ന് സംസ്‌കാരം എന്നത് ഒരു സാമ്പത്തിക മേഖല (അടിത്തറ) തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു. സംസ്‌കാരത്തിന്റെ മേഖല വന്‍ മൂലധനനിക്ഷേപത്തിന്റെ മേഖലയാണ്. ലാഭം കൊയ്യുവാന്‍ മൂലധന ശക്തികള്‍ക്ക് ഇടം നല്‍ക്കുന്ന തരത്തില്‍ സംസ്‌കാരത്തിന്റെ മേഖല മാറിക്കഴിഞ്ഞിരിക്കുന്നു. അഭൗതികമായ അധ്വാനത്തിന്റെ മേഖലകള്‍, ആശയങ്ങളുടെ രൂപീകരണം, ആശയ വിനിമയം, ഭാവങ്ങളുടെ ഉല്‍പ്പാദനം, തുടങ്ങി കലാസാഹിത്യമേഖകളും ലാഭം ഉല്‍പ്പാദിപ്പിക്കുകയും മൂലധനലബ്ധിക്കു കിഴ്‌പെ്പട്ടിരിക്കുകയും ചെയ്യുന്ന ഒരുകാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനം സൂക്ഷ്മമായ രാഷ്ടിയ പ്രവര്‍ത്തനം തന്നെയായി മാറുന്നു. സംസ്‌കാരത്തില്‍ ഇടപെ്പട്ടുകൊണ്ട് ആക്റ്റിവിസത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പുതിയ സമരമുഖം തുറക്കുകയാണ് പുകസ ചെയ്യണ്ടത്. ജനാധിപത്യത്തിന്റെ സൂക്ഷ്മതലങ്ങളെ സ്വാംശീകരിച്ച് തൊഴിലാളികള്‍, ദലിതര്‍, സ്ത്രീകള്‍, കുട്ടികള്‍, വ്യത്യസ്ത ശേഷിയുള്ളവര്‍ തുടങ്ങി പാര്‍ശ്വവല്‍കൃതരായ ജനസഞ്ചയങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്ഥാനമായി മാറിത്തീര്‍ന്നിലെ്‌ളങ്കില്‍ വ്യവസ്ഥാപിത ജിര്‍ണതയുടെ ഭാഗമായി ചരിത്രത്തില്‍ നിന്നും തിരോധാനം ചെയ്യേണ്ട സ്ഥിതി പുകസയ്ക്ക് വന്നുചേരും. ഇതിനെ മറികടക്കുന്നതിനുള്ള മേല്‍പ്പറഞ്ഞ ശ്രമങ്ങളോടൊപ്പം സംഘടനയും പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെയും പുനര്‍ നിര്‍വചിക്കേണ്ടിവരും എന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.

casokan65@gmail.com

Exit mobile version