Keralaliterature.com

മൂന്നു കവിതകള്‍

കാത്തു ലൂക്കോസ്

കയ്പും മധുരവും

ഒരു കുഞ്ഞുകള്ളത്തരം
വഴിയരികില്‍ കളഞ്ഞുകിട്ടി
വര്‍ണക്കടലാസില്‍ പൊതിഞ്ഞിരുന്നു,
പൊതി തുറന്നപ്പോള്‍
ചാടിക്കയറിയത്
എന്റെ നാവിന്‍തുമ്പിലേക്കായിരുന്നു.
ഇപ്പോളെനിക്ക്
മധുരിച്ചിട്ട് തുപ്പാനും വയ്യ,
കയ്ച്ചിട്ട് ഇറക്കാനും…

മുള

പൂത്തുലഞ്ഞ മുള
മരണത്തിനു മുന്‍പുള്ള
അവസാന നിമിഷങ്ങള്‍…
വാര്‍ദ്ധക്യത്തിലെ യൗവനം
നിരാശപ്പെടുത്തുന്ന പ്രതീക്ഷ
ഒടുവില്‍…
‘മരണം’.

ദേഷ്യം

ഒരു ഒച്ചിന്റെ മൂക്കിന്‍തുമ്പിലാവണം
ആദ്യമായി ദേഷ്യം ഉണ്ടായത്…
ഇഴഞ്ഞുനീങ്ങുന്ന ശരീരമല്ല,
മണങ്ങളിലേക്ക് ഓടിയടുക്കാനുള്ള
ആവേശമല്ലേ മൂക്കിന്…
അങ്ങനെയത്രേ ദേഷ്യം
മൂക്കിന്‍തുമ്പില്‍ ഉണ്ടായത്!

Exit mobile version