എസ്. ജോസഫ്
തിരക്കുപിടിച്ച വണ്ടിയില്‍ തൂങ്ങിപ്പിടിച്ചാണ്
ആളുകളുടെ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയാണ്
ഒരു ബാഗുനിറയെ ഓടക്കുഴലുകളുമായി അയാള്‍
എത്തിച്ചേര്‍ന്നത് എന്നെനിക്കറിയാം
വിയര്‍പ്പും അഴുക്കും പുരണ്ട ഒരു കക്ഷി
എണ്ണക്കറുപ്പ്, വളര്‍ന്ന മുടി
ക്ഷണിച്ചപേ്പാള്‍ താന്‍ എത്തിക്കൊള്ളാമെന്ന്
അയാള്‍ പറഞ്ഞിരുന്നു
അയാള്‍ക്ക് ഞങ്ങള്‍ മീന്‍കറികൂട്ടി ഊണുകൊടുത്തു
പിന്നെ അല്പം വിശ്രമം
ആളുകള്‍ക്ക് പുള്ളിയുടെ സംഗീതക്കച്ചേരി
ഇഷ്ടമാകുമോ എന്ന് പേടിയുണ്ടായിരുന്നു എനിക്ക്
ഉന്നതകുലജാതരാണലേ്ളാ
കുളിച്ചുകുറിതൊട്ട ചിട്ടവട്ടങ്ങളാണലേ്ളാ
ഈ മേഖലയില്‍
ഇതാണോ കച്ചേരിക്കാരന്‍
ഒരാള്‍ ചോദിക്കയും ചെയ്തു
അയാള്‍ വൈകിപേ്പായതില് സങ്കടം പറഞ്ഞു
ഓ അതു സാരമില്ള
എത്തിച്ചേര്ന്നലേ്ളാ എന്ന് ഞങ്ങളും പറഞ്ഞു
അയാള്‍ വേദിയിലിരുന്ന്
ഒരു രാഗം വായിച്ചുതുടങ്ങി
എനിക്ക് രാഗങ്ങളൊന്നും അറിയില്ള
പകേ്ഷ ഓടക്കുഴല്‍ ശബ്ദം ഇഷ്ടമാണ്
ചുമ്മാ ഒച്ചകേള്പ്പിച്ചാലും ഇഷ്ടം
സാമജവരഗമനാ എന്ന കീര്‍ത്തനം (കീര്ത്തനമലേ്ള?)
പുള്ളി വായിച്ചു,
മുമ്പ് ടി.എന്‍.കൃഷ്ണന് വയലിനില്‍ അത് വായിച്ചത് ഞാന്‍ കേട്ടിട്ടുണ്ട്
പിന്നെ ചില ഹിന്ദുസ്ഥാനി കീര്‍ത്തനങ്ങള്‍ വായിച്ചു
മിക്കവാറും പേര്‍ക്ക് രസിച്ചു
ന്യായമായ തുകയും കൊടുത്തു
ഞാന്‍ എന്തു മനസിലാക്കിയെന്ന് ചോദിക്കല്ള്
ശാസ്ത്രം ഒന്നുമെനിക്കറിയില്ള
അയാളെ വണ്ടികേറ്റിവിടാന് ഞാനാണ് പോയത്
പോണവഴിക്ക് കുറച്ചു മദ്യം ഞങ്ങള്‍ കഴിച്ചു
ഉത്സവസ്ഥലത്തുനിന്ന്
ഒരോടക്കുഴല്‍ വാങ്ങിച്ച് ചുമ്മാ ഊതിക്കൊണ്ടുനടന്ന
പണ്ടത്തെ കാര്യം ഞാന്‍ പറഞ്ഞു
അയാള്‍ ചിരിച്ചു
വീട്, കുടുംബം, അവസ്ഥ ഒക്കെ ചോദിച്ചു
അയാള്‍ ഒരു പൊട്ടിച്ചിരിചിരിച്ചു
ഒരിഞ്ചു ഭൂമിയില്ള
സ്നേഹിക്കാന്‍ പെണ്ണില്ള
പരിപാടികളും കുറവാണ്
താഴെ വച്ചിരിക്കുന്ന ബാഗില്‍ ഞാന്‍ നോക്കി
അതില്‍ ധാരാളം ഓടക്കുഴലുകള്‍ ഉണ്ട്
ഒച്ചയും ഓശയുമില്ള
അറിയാവുന്നവര്‍ വായിക്കണം
അറിയാവുന്നവര്‍ അതുകേട്ട് രസിക്കും
അവര്‍ സ്വരലോകത്ത് ഏകാന്തപഥികരാകും
ഇറങ്ങിനടക്കുമ്പോള്‍ ഞാനാ ബാഗ് ചുമന്നു
sjosephkavi@gmail.com