മനനംചെയ്യുന്നത് മന്ത്രം. ധ്യാനിക്കുകയോ, ഉച്ചരിക്കുകയോ ചെയ്യുന്നവനെ രക്ഷിക്കുവാനുള്ള ശക്തിമന്ത്രങ്ങള്‍ക്കുണ്ടെന്നാണ് ആ പദത്തിലടങ്ങിയ അര്‍ഥസൂചന, ആത്മീയശക്തി നല്കുവാന് മന്ത്രോപാസനയ്ക്ക് സാധിക്കും. ആരും കേള്‍ക്കാതെ പറയുന്നതാണ് മന്ത്രം എന്ന് പറയാറുണ്ടെങ്കിലും, വാചികോച്ചാരണവും ചുണ്ടുകൊണ്ടു മാത്രമുള്ള ഉച്ചാരണവും മനസ്സിലുള്ള ധ്യാനവും മന്ത്രങ്ങളാകുമത്രെ. സ്നാനമന്ത്രം, ജപമന്ത്രം, പ്രാര്‍ത്ഥനാമന്ത്രം, പൂജാമന്ത്രം, ലേപനമന്ത്രം, തര്‍പ്പണമന്ത്രം, ഹോമമന്ത്രം എന്നിങ്ങനെ മന്ത്രങ്ങള്‍ പലവിധമുണ്ട്. ഓരോ ദേവതയെ സംബന്ധിച്ചും പ്രത്യേകം ദേവതാമന്ത്രങ്ങള്‍ ഉണ്ടാകും.
മന്ത്രനാമങ്ങളെ അക്ഷര സംഖ്യയുടെ കണക്കില്‍ ത്രൃക്ഷരി, ചതുരാക്ഷരി, പഞ്ചാക്ഷരി, അഷ്ടാക്ഷരി, ദ്വാദശാക്ഷരി, ഷോഡശാക്ഷരി എന്നിങ്ങനെ നാലു അംശങ്ങള്‍ ഉണ്ടത്രെ. മന്ത്രാര്‍ഥം ഗ്രഹിക്കാതെ മന്ത്രോച്ചാരണം കൊണ്ട് പൂര്‍ണമായ ഫലസിദ്ധി ഉണ്ടാവില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. മന്ത്രത്തിന് ഗുരുപദേശം വേണം. ഗുരുമുഖത്തുനിന്ന് ലഭിക്കാത്ത് മന്ത്രം വിപരീതഫലമാണ് ഉണ്ടാക്കുക. മന്ത്രങ്ങള്‍ മറ്റുള്ളവര്‍ കേള്‍ക്കാത്തവിധം ഉറക്കെ ഉച്ചരിക്കരുതെന്നാണ് വിശ്വാസം. ‘മന്ത്രം പാട്ടായാല്‍ മണ്ണാന്‍ വെളിച്ചത്തായി’ എന്ന പഴമൊഴി അതാണ് സൂചിപ്പിക്കുന്നത്.