Keralaliterature.com

മുഖത്തെഴുത്ത്

ദൃശ്യകലകള്‍ മിക്കതിനും മുഖത്തെഴുത്ത് പതിവുണ്ട്. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, മുടിയേറ്റ് തുടങ്ങിയവയ്ക്കും നാടന്‍കലകള്‍ക്കും മുഖത്ത് തേപ്പ് പ്രധാനമാണ്. മനയോല, ചായില്യം തുടങ്ങിയവയാണു മുഖത്ത് തേയ്ക്കുവാന്‍ ഉപയോഗിക്കുക. എന്നാല്‍ നാടന്‍ കലകളില്‍ പലതിനും അരിച്ചാന്ത്, മഞ്ഞള്‍, കടുംചുകപ്പ്, കരി മുതലായവ ഉപയോഗിക്കും. തെയ്യം, തിറ എന്നിവയ്ക്ക് മുഖത്ത് തേപ്പു മാത്രമല്ല, മുഖത്തെഴുത്ത് തന്നെ കാണാം. മുഖത്തെഴുത്ത് പല പ്രകാരമുണ്ട്. ഗ്രാമീണ കലാകാരന്മാര്‍ക്കിടയില്‍ അവയ്ക്കു പ്രത്യേക പേരുകളുമുണ്ട്. പ്രാക്കെഴുത്ത്, നരികുറിച്ചെഴുത്ത്, വൈരദളം, വട്ടക്കണ്ണിട്ടെഴുത്ത്, പ്രാക് ചുരുള്, അഞ്ചുപുള്ളിയിട്ടെഴുത്ത്, അഞ്ചുപുള്ളിയും ആനക്കാലും കോയിപ്പൂവിട്ടെഴുത്ത്, പുള്ളിട്ടെഴുത്ത്, ശംഖിട്ടെഴുത്ത്, ഹനുമാന്‍കണ്ണിട്ടെഴുത്ത്, മാടന്‍കണ്ണിട്ടെഴുത്ത്, നാഗംതാക്കല്‍, നാഗോംകുറിയും, കുക്കുരിവാലും ചുരുളും, കൊടുംപിരിയം വച്ചെഴുത്ത് എന്നിവ തെയ്യം–തിറകളുടെ മുഖത്തെഴുത്തില്‍ ചിലതാണ്. ഭദ്രകാളി തീയാട്ടിലെ കാളിയുടെ വേഷത്തിന് മുഖത്ത് കരിതേച്ച് അരിമാവുകൊണ്ട് ചുട്ടികുത്തുന്നു. മസൂരിക്കുരുക്കളാണവയെന്ന് സങ്കല്‍പം. വേഷങ്ങളുടെ നയനസുഭഗമായ വൈവിധ്യത്തിന് മുഖത്തെഴുത്ത് പ്രധാന പങ്ക് വഹിക്കുന്നു. വിവിധ സ്‌തോഭഭാവങ്ങളെയും ആവിഷ്‌കരിക്കാന്‍ മുഖത്തെഴുത്തിലൂടെ സാധിക്കുന്നു.

Exit mobile version