സച്ചിദാനന്ദന്
സ്കൂള്‍ മൂത്രപ്പുരയുടെ പായല്‍ പടര്‍ന്ന
ചുവരില്‍ കൂര്‍മ്പന്‍കല്ലുകൊണ്ട്
രാവണന് + സീത
എന്ന് എഴുതിയിട്ട് എന്തായി?
വാത്മീകിക്കുപോലും തടുക്കാനായില്ല,
സീതയുടെ അഗ്നിപരീക്ഷ.
ഒടുവില്‍ സ്വന്തം പാപം തിരിച്ചറിഞ്ഞു
രാമനും പുഴയില്‍ചാടി മരിച്ചു.
പുഴത്തീരത്തെ തന്റെ വീടുചുമരില്‍
കരിക്കട്ടകൊണ്ടു ഷേക്സ്പിയര്
ആന്റണി + ക്ളിയോപാട്ര
എന്ന് എഴുതിയിട്ടത്രേ.
അതും ഒടുങ്ങി ദുരന്തത്തില്‍.
സീസറിന്റെ പ്രേതം ചെയ്യിച്ചതാകാം:
ക്ളിയോപാട്രയ്ക്ക് സര്‍പ്പചുംബനം,
ആന്റണിക്ക് സ്വന്തം വാള്.
ഒരിക്കല്‍ നാട്ടിലെ മതിലുകളില്‍ മുഴുവന്‍
കാവികൊണ്ടു ചെറുപ്പക്കാര്‍
തോക്ക് + വിപ്ളവം
എന്ന് എഴുതിവച്ചു.
അവരും അവസാനിച്ചു,
ചിലര്‍ കാവിയില്തന്നെ,
ചിലര്‍ റെയില്‍പാളത്തില്‍,
ചിലര്‍ ഭ്രാന്താശുപത്രിയില്‍.
അതിജീവിച്ചവരോ,
തണുത്തുവിറയ്ക്കുന്നു.
ഭൂമിയില്‍ സന്തോഷം ഇല്ലാതിരിക്കാന്‍
വഴിയില്ല, അതു കണ്ടുപിടിക്കണം എന്നാകാം
പ്രണയവും വിപ്ളവവും ജനിക്കുമ്പോഴേ
മരണം കൂടെ ഉണ്ടെന്നാകാം.
അവ ഒറ്റയ്ക്കൊറ്റയ്ക്കു
ദുരന്തമാകുമ്പോള്‍ നമുക്ക്
കടലാസ്സില്‍ പേനകൊണ്ടു
പ്രണയം + വിപ്ളവം
എന്ന് എഴുതിനോക്കിയാലോ,
ഒക്ടാവിയോ പാസ്സിനെപോലെ:
‘പ്രേമിക്കല് സമരമാണ്,
രണ്ടുപേര്‍ ചുംബിച്ചാല്‍ ലോകം മാറുന്നു’.
നെരൂദയോട് ചോദിക്കണം.