Keralaliterature.com

പിജി: സംസ്‌കാരത്തിന്റെ രാഷ്ട്രീയവും പ്രതിരോധവും

സി.അശോകന്‍
സംസ്‌കാരത്തിന്റെ രാഷ്ട്രീയം വളരെ പ്രധാനമാകുന്ന ഒരു ഘട്ടമാണിത്. സാംസ്‌കാരിക പ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമായി മാറുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് നമ്മള്‍ പിജിയെ അനുസ്മരിക്കുന്നത്. പി.ഗോവിന്ദപ്പിള്ള എന്ന പത്രപ്രവര്‍ത്തകന്‍, സാഹിത്യവിമര്‍ശകന്‍, ചരിത്രകാരന്‍, രാഷ്ട്രീയ ചിന്തകന്‍, സംസ്‌കാര വിമര്‍ശകന്‍ നമ്മുടെയിടയില്‍ നിന്നും അപ്രത്യക്ഷനായിട്ടില്ല. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ കൃതികളിലൂടെ അദ്ദേഹം സജീവമായി രംഗത്തുണ്ട്. ആ കൃതികള്‍ നമ്മുടെ വായനയെയും ചിന്തയെയും ഉദ്ദീപിപ്പിച്ചുകൊണ്ട് ആശയമണ്ഡലത്തിലും മൂല്യസമുച്ചയങ്ങളിലും ഒക്കെ വീണ്ടു വിചാരങ്ങള്‍ക്ക് പ്രേരണ നല്‍കുന്നു. രാഷ്ട്രീയത്തിന്റെ സവിശേഷമായ പ്രയോഗത്തെ മുന്‍നിര്‍ത്തിയാണ് പിജിയുടെ ജീവിതം വിലയിരുത്തപ്പെടുന്നത്.
അക്കാദമികമായ ഗവേഷണ പഠനങ്ങളില്‍ മാത്രം മുഴുകി മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രത്തെ വിപുലീകരിക്കുവാനും ആശയമണ്ഡലങ്ങളെ അപഗ്രഥിച്ച് പുതിയ ആശയങ്ങള്‍ക്ക് രൂപം നല്‍കുവാനും ശ്രമിക്കുന്ന ചിന്തകരുടെയും വിമര്‍ശകരുടെയും ഇടയിലും പിജി ആദരിക്കപ്പെടുന്നുണ്ട്. അതേ സമയം രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഭാഗമാക്കാകുന്നതിലൂടെ രാഷ്ട്രീയ പ്രയോഗത്തിന്റെ തത്വശാസ്ത്രമായി മാര്‍ക്‌സിസത്തെ കാണുന്നവരുടെ ഇടയിലും പിജി ബഹുമാനിക്കപ്പെടുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിക്കൊണ്ട് ദൈനംദിന പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പങ്കുകൊണ്ട് സമൂഹത്തെ മാറ്റിത്തീര്‍ക്കുവാനും ജനാധിപത്യത്തെ വിപുലീകരിച്ചുകൊണ്ട് സോഷ്യലിസ്റ്റു വ്യവസ്ഥയിലേക്ക് മുതലാളിത്ത വ്യവസ്ഥയെ പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യം പങ്കിടുന്ന ഒരു കമ്യൂണിസ്റ്റുകാരനായാണ് അദ്ദേഹം ജീവിച്ചത്. എന്നാല്‍ തന്റെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം, സ്ഥൂലമായ സാമൂഹിക പ്രയോഗങ്ങളിലും ദൈനംദിന രാഷ്ട്രീയ വ്യവഹാരങ്ങളിലും ഒതുങ്ങിപ്പോകാതെ അതിന്റെ പരിഗണനാ വിഷയങ്ങളെ വിപുലീകരിക്കുന്നതിനും സൂക്ഷ്മമായ രാഷ്ട്രീയ പ്രയോഗം വികസിപ്പിക്കുന്നതിനും സംസ്‌കാരത്തിന്റെ മേഖലയില്‍ ഫലപ്രദമായി ഇടപെടുന്നതിനും പിജിക്ക് കഴിഞ്ഞുവെന്നതിനാലാണ് പിജി ആദരിക്കപ്പെടുകയും അദ്ദേഹത്തിന്റെ കൃതികള്‍ ഓര്‍ക്കപ്പെടുകയും ചെയ്യുന്നത്.
ഹിന്ദുത്വ ഫാഷിസവും മതതീവ്രവാദവും ഇന്ത്യന്‍ ജനാധിപത്യത്തെതന്നെ അപകടത്തിലാക്കുവാന്‍ തുടങ്ങുന്ന ഈ വര്‍ത്തമാനകാല സന്ദര്‍ഭത്തില്‍ കുടുതല്‍ കരുത്തോടെ ഈ വെല്ലുവിളിയെ നേരിട്ടുകൊണ്ട് ഫാഷിസ്റ്റുകളുടെ ജനാധിപത്യവിരുദ്ധവും സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതുമായ രാഷ്ട്രീയ പദ്ധതികളെ ചെറുത്ത് തോല്‍പ്പിക്കുവാന്‍ നമുക്ക് കരുത്തുപകരുന്നത് പിജിയുടെ ധൈഷണികമായ സംഭാവനകളും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളും കൂടിയാണ്.
വൈജ്ഞാനിക ലോകത്തിലെ, ആശയ സമുദ്രങ്ങളിലെ, ധീരനായ സഞ്ചാരിയായിരുന്ന പിജി. തന്റെ ധൈഷണിക ജീവിതത്തിലെ സാഹസികയാത്രകളെ ഹരമായി കണ്ടിരുന്നു. എന്നാല്‍ പ്രായോഗിക വാദിയായ ഒരു കമ്യൂണിസ്റ്റ് എന്ന നിലയില്‍ തന്റെ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ശരികള്‍ പങ്കുപറ്റുകയും, ഒപ്പം തന്നെ പ്രസ്ഥാനത്തിന്റെ കൂട്ടായ തീരുമാനങ്ങളുമായി തന്റെ കണ്ടെത്തലുകള്‍ പൊരുത്തപ്പെടാതെ വന്ന സന്ദര്‍ഭങ്ങളില്‍ അദ്ദേഹം പിന്നോട്ടിറങ്ങി പ്രസ്ഥാനത്തിന്റെ ശരിയെ പിന്‍പറ്റുകയും ചെയ്യുമായിരുന്നു. അക്കാദമിക മേഖലകളില്‍ മാത്രം വ്യാപരിക്കുന്ന മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ക്ക് ഇതു മനസ്സിലാക്കുക എളുപ്പമല്ല. സിദ്ധാന്തത്തിന്റെ മേഖലയില്‍ വ്യാപരിക്കുകയും സൈദ്ധാന്തിക പഠനത്തെതന്നെ ഒരു പ്രയോഗമായി നിര്‍വചിക്കുകയും ചെയ്യുന്നവര്‍ക്കും ഇതുള്‍ക്കൊള്ളുക ബുദ്ധിമുട്ടാണ്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരിക്കുകയും അതിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇതു സ്വാഭാവികമാണ്. പ്രസ്ഥാനവുമായി ചേര്‍ന്നാണ് അയാള്‍ തന്റെ സിദ്ധാന്തവും പ്രയോഗവും കൂട്ടിയിണക്കുന്നത്. അതുകൊണ്ടുതന്നെ പിജിയെന്ന മാര്‍ക്‌സിസ്റ്റ് എപ്പോഴും പാര്‍ട്ടിയോടൊപ്പം ചിന്തിക്കുകയും ചിലപ്പോഴൊക്കെ പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായി ചിന്താലോകത്തില്‍ മുന്നേറുകയും ചെയ്തതായും നമുക്കറിയാം. മാനവികോന്മുഖവും ജനാധിപത്യപരവും ആയ ഒരു ഭാവുകത്വം അദ്ദേഹത്തിലെ എഴുത്തുകാരനെ നിര്‍ണയിച്ചു പോന്നതിനാല്‍ പ്രസ്ഥാനം ഗൗരവതരമായി പരിഗണിക്കാതിരുന്ന പല പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാനും തന്റെ മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അവയെ വ്യാഖ്യാനിക്കാനും അദ്ദേഹം തുനിഞ്ഞിട്ടുണ്ട്. തന്റെ വിപുലമായ വായനയിലൂടെ ലോകത്തിലാകമാനം പ്രത്യേകിച്ചും അക്കാദമിക മേഖലയില്‍ നടക്കുന്ന മുന്നേറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് തന്റെ പാര്‍ട്ടിയുടെ സൈദ്ധാന്തികവും പ്രായോഗികവും ആയ പരിപാടികളെ വികസിപ്പിക്കുവാനും ജനാധിപത്യപരമാക്കുവാനുമാണ് പിജി എപ്പോഴും യത്‌നിച്ചത്. ഇതിന്റെ അര്‍ത്ഥം പിഴവുകളില്ലാത്ത വിശകലനങ്ങളും വ്യാഖ്യാനങ്ങളുമായിരുന്നു അദ്ദേഹത്തിന്റേത് എന്നല്ല. ആധുനിക സാഹിത്യത്തെയും മറ്റും അഭിമുഖീകരിക്കുന്നതിലും അതിന്റെ സാംഗത്യം കണ്ടെത്തുന്നതിലും അദ്ദേഹത്തിന് വേണ്ടത്ര കഴിയാതെ പോയത് അക്കാലത്ത് മാര്‍ക്‌സിസ്റ്റ് ചിന്തയെ സ്വാധീനിച്ചിരുന്ന യാന്ത്രികവാദപരവും ആശയവാദപരവും ആയ സ്വാധീനതകളാല്‍ തന്നെയാണ്. എന്നാല്‍ പിന്നീട് ഇ.എം.എസിനോടുകൂടി ചേര്‍ന്നുകൊണ്ട് ഇതൊക്കെ തന്നെ സ്വയം വിമര്‍ശനപരമായി കണ്ടറിഞ്ഞ് തന്റെ വീക്ഷണത്തിന്റെയും സമീപനത്തിന്റെയും പരിമിതികളെ മറികടക്കുന്ന പിജിയെയാണ് നാം കാണുന്നത്.
ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂളില്‍പ്പെട്ട ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ്, മാക്‌സ്, ഹോര്‍ഖൈമര്‍, തിയഡോര്‍ അഡോര്‍ണോ, ജുര്‍ഗന്‍ ഹാബര്‍മാസ് തുടങ്ങിയവരുടെയും അന്റോണിയോ ഗ്രാംഷിയുടെയും ഘടനാവാദാനന്തര ചിന്തകരായ മാര്‍ക്‌സിസ്റ്റുകളും അല്ലാത്തവരുമായ ലൂയി അല്‍ത്യൂസര്‍, നിക്കോസ് പൊളന്‍സാസ്, ഴാക്ക് ദറിദ, മിഷേല്‍ ഫുക്കോ തുടങ്ങിയ ചിന്തകരുടെയും കൃതികളുമായുള്ള അഭിമുഖീകരണം കേരളീയ മാര്‍ക്‌സിസ്റ്റ് ചിന്തയെയും സൗന്ദര്യശാസ്ത്രത്തെയും വികസിപ്പിക്കുന്നതിനാവശ്യമായ സൈദ്ധാന്തികശേഷി സ്വായത്തമാക്കുന്നതില്‍ പിജിയെ സഹായിച്ചിട്ടുണ്ട്. സ്ത്രീവിമോചനം, പരിസ്ഥിതി ചിന്ത, ദലിത് പ്രശ്‌നം തുടങ്ങിയ പുതിയ പ്രശ്‌നമണ്ഡലങ്ങളെ ഫലപ്രദമായി ഉള്‍ക്കൊള്ളുവാനും വര്‍ഗസമരത്തിന്റെ വിപുലീകരണമായി അവയെ കാണുവാനും പിജിക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിനും പുരോഗമന കലാസാഹിത്യസംഘത്തിനും ഗുണകരമായി. പുരോഗമനകലാസാഹിത്യസംഘത്തിന്റെ സാംസ്‌കാരിക നയം പുതിയകാല പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രൂപപ്പെടുത്തുന്നതില്‍, പ്രത്യേകിച്ചും പെരുമ്പാവൂര്‍ രേഖയില്‍, പിജിയുടെ സംഭവന വളരെ വലുതാണ്. േ
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് കേരളീയ മാര്‍ക്‌സിസം അഭിമുഖീകരിച്ച പ്രതിസന്ധിയെ ഫലപ്രദമായി മറികടക്കുവാന്‍ കഴിഞ്ഞതിലും പിജി പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. മലയാളത്തിലെ മാര്‍ക്‌സിസ്റ്റ് ചിന്തയ്ക്ക് ശരിയായ വഴിയിലൂടെ മുന്നേറുവാന്‍ കഴിഞ്ഞത് പിജിയുടെ കൂടി ഇടപെടലിലൂടെയായിരുന്നു എന്ന് നാം മനസ്സിലാക്കുന്നു. യാന്ത്രികവാദപരവും ആശയവാദപരവും ആയ വിഭാഗീയതകളില്‍ നിന്നു മോചിപ്പിച്ച് മാര്‍ക്‌സിസ്റ്റ് ചിന്തയെ സര്‍ഗാത്മകമാക്കുന്നതിനും പുതിയ പ്രശ്‌നപരിസരങ്ങളെ അഭിമുഖീകരിക്കുവാന്‍ പ്രാപ്തമാക്കുന്നതിലും പിജി വലിയ പങ്കാണ് വഹിച്ചത്.
പിജിയുടെ ചിന്തയില്‍ വന്ന മാറ്റങ്ങളെ, സൈദ്ധാന്തികമായ മുന്നേറ്റത്തെ അടയാളപ്പെടുത്തിയത് 1987-ല്‍ പുറത്തുവന്ന ‘മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉല്‍ഭവവും വളര്‍ച്ചയും’ എന്ന പുസ്തകമായിരുന്നു. ഇടതുപക്ഷ സാംസ്‌കാരിക പ്രയോഗത്തിനാവശ്യമായ സൈദ്ധാന്തിക പരിസരം രൂപപ്പെടുത്തുന്നതിന് ഈ പുസ്തകം വലിയ സഹായമാണ് നല്‍കിയത്. സംസ്‌കാരം എന്നത് വളരെ പ്രധാനവും സൂക്ഷ്മരാഷ്ട്രീയത്തിന്റെ സവിശേഷ മേഖലയാണെന്നും മാര്‍ക്‌സിസ്റ്റു പ്രയോഗത്തിന് ഈ മേഖലയെ അവഗണിക്കുവാന്‍ കഴിയില്ല എന്നും ഈ പുസ്തകത്തിന്റെ വരവോടെ വ്യക്തമായി. സംസ്‌കാരത്തെ മുന്‍നിര്‍ത്തിയാണ് മുതലാളിത്തം പുതിയതരത്തില്‍ വികസിക്കുന്നതെന്നു മനസിലാക്കുന്നതിനും സാംസ്‌കാരിക മേഖലയില്‍ വന്‍ മൂലധന നിക്ഷേപം നടത്തി കൂടുതല്‍ ലാഭം കൊയ്യുന്ന മുതലാളിത്തത്തിന്റെ പുത്തന്‍ പ്രവണതകളെ കണ്ടറിയാനും പിജിയുടെ ചിന്ത ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരെ സഹായിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ കമ്യൂണിസ്റ്റു വിരുദ്ധ ചേരിയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനു കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന് കഴിഞ്ഞതില്‍ പിജി വഹിച്ച പങ്ക് പ്രധാനമാണ്. നവമാര്‍ക്‌സിസ്റ്റ് വിമര്‍ശനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് തള്ളേണ്ടതു തള്ളിയും കൊള്ളേണ്ടതു കൊണ്ടുമാണ് പിജി മുന്നേറിയത്. ‘സംസ്‌കാര പഠനം: പുതുമ, പഴമ, പ്രസക്തി’ എന്ന പ്രബന്ധത്തില്‍ നവമാര്‍ക്‌സിസ്റ്റ് സമീപനങ്ങളെകൂടി ജനാധിപത്യപരമായി അഭിസംബോധന ചെയ്യുന്ന പിജിയെ കാണുവാന്‍ കഴിയും. അക്കാദമിക മേഖലയില്‍ വ്യാപരിച്ചിരുന്ന മാര്‍ക്‌സിസ്റ്റു ചിന്തകരുടെ കൃതികളെയും അവര്‍ മുന്നോട്ടുവച്ച പുതിയ ആശയങ്ങളെയും സമീപനങ്ങളെയും തന്റെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ- സാംസ്‌കാരിക പ്രയോഗപദ്ധതികളുമായി ബന്ധപ്പെടുത്തുവാനും വിപുലീകരിക്കുവാനും കഴിഞ്ഞുവെന്നതാണ് പിജിയുടെ വിജയം. മാര്‍ക്‌സിസ്റ്റ് ആശയസമുച്ചയത്തെ വികസ്വരമാക്കുന്നതില്‍ ഈ സമീപനം വലിയ പങ്കാണ് വഹിച്ചത്. 1996ല്‍ പുറത്തുവന്ന ‘ഗ്രാംഷിയന്‍ വിചാരവിപ്ലവം’ ഈ മാറ്റത്തിനെ സൂചിപ്പിക്കുന്നു. രവീന്ദ്രനുശേഷം ഗ്രാംഷിയന്‍ ചിന്തയെ മലയാളത്തിനു പരിചയപ്പെടുത്തുവാനും പുതിയ രാഷ്ട്രീയ-സാംസ്‌കാരിക പ്രയോഗങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രേരണ ചെലുത്തുവാനും ഇ.എം.എസുമായി ചേര്‍ന്ന് എഴുതിയ ഈ പുസ്തകത്തിലൂടെ കഴിഞ്ഞു.
തത്വചിന്തകര്‍ ലോകത്തെ പല മട്ടില്‍ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്; പ്രശ്‌നം അതിനെ മാറ്റിത്തീര്‍ക്കുകയാണ് എന്ന ഫൊയര്‍ബാഹ് തിസീസിലെ പ്രമാണത്തെ കേന്ദ്രീകരിച്ചുകൊണ്ട് പ്രയോഗത്തിന് ഏകപക്ഷീയമായ ഊന്നല്‍ നല്‍കി സൈദ്ധാന്തികമായ അന്വേഷണങ്ങളെ അവഗണിക്കുന്ന പ്രവണതയെ നിരാകരിച്ചുകൊണ്ട് നിലപാടെടുക്കുവാന്‍ പിജിക്കു കഴിഞ്ഞു. ലോകത്തെയും പ്രകൃതി പ്രതിഭാസങ്ങളെയും വ്യാഖ്യാനിക്കുന്നതിലും വിശദീകരിക്കുന്നതിലും കാര്യമില്ലായെന്നും രാഷ്ട്രീയ പ്രയോഗത്തിനുമാത്രമാണ് പ്രസക്തിയെന്നും കരുതുന്നവരുണ്ട്. ലോകത്തെ മനസ്സിലാക്കുന്നതിനും തല്‍ഫലമായി വിചാര മാതൃകയില്‍ മാറ്റമുണ്ടാക്കി കൂടുതല്‍ സമഗ്രവും ജനാധിപത്യപരവും സൂക്ഷ്മവും ആയ പ്രയോഗ പദ്ധതികള്‍ വികസിപ്പിക്കുന്നതിലും തത്വചിന്താപരമായ വ്യാഖ്യാനങ്ങളിലൂടെ സാധിക്കുമെന്ന തിരിച്ചറിവ് ഇന്നു നമുക്കുണ്ട്. പിജിയുടെ അവസാന നാളുകളില്‍ അദ്ദേഹം ഏറെക്കുറെ മുഴുവന്‍ സമയവും ഗ്രന്ഥ രചനയില്‍ മുഴുകിയതു കൊണ്ട് വിലപ്പെട്ട ചില ഗ്രന്ഥങ്ങള്‍ നമുക്ക് ലഭിച്ചു. കേരളനവോത്ഥാനത്തെക്കുറിച്ചുള്ള ഗ്രന്ഥപരമ്പരയും കെ.ദാമോദരന്റെയും ചാള്‍സ് ഡാര്‍വിന്റെയും ഫ്രെഡറിക് എംഗല്‍സിന്റെയും ജീവചരിത്രങ്ങളും അദ്ദേഹത്തിന്റെ മാഗ്നം ഓപ്പസ് എന്നു വിശേഷിപ്പിക്കാവുന്ന ‘വൈജ്ഞാനിക വിപ്ലവം: ഒരു സാംസ്‌കാരിക ചരിത്രം’ എന്ന വിശിഷ്ട ഗ്രന്ഥവും നമുക്കു നല്‍കിയാണ് പിജി മരണത്തെ എതിരേറ്റത്. അറിവിനെ ചരിത്രവല്‍ക്കരിക്കാനും ജ്ഞാനത്തെ സാമൂഹിക വിമോചനത്തിനുള്ള ഉപാധിയാക്കുവാനുള്ള മാര്‍ക്‌സിസത്തിന്റെ ആന്തരികശേഷിയെ പുറത്തുകൊണ്ടുവരുവാനും ഈ ഗ്രന്ഥങ്ങള്‍ക്ക് കഴിഞ്ഞു. വൈജ്ഞാനിക വിപ്ലവത്തിന്റെ ചരിത്രപരവും സാംസ്‌കാരികപരവും ആയ വിവക്ഷകള്‍ പരിശോധിക്കുന്നതിലൂടെ ശാസ്ത്രം എന്നത് കേവല സത്യത്തിന്റെ മേഖലയാണ് എന്ന അന്ധവിശ്വാസ ജഡിലമായ ധാരണയെ തിരുത്തുന്നുണ്ട് പിജി. ശാസ്ത്രം പ്രത്യയശാസ്ത്ര വിമുക്തമല്ല. ശാസ്ത്രത്തിന്റെ അന്വേഷണമേഖലകളെ നിര്‍ണയിക്കുന്നതിലും അതിന്റെ കണ്ടെത്തലുകളെ ക്രമീകരിക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും നിക്ഷിപ്തമായ വര്‍ഗതാല്‍പ്പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ശാസ്ത്രത്തെ വെറുമൊരു ആഖ്യാനരൂപം മാത്രമായി കാണുകയും അതിന്റെ സത്യാത്മകതയെ തള്ളിക്കളയുകയും ചെയ്യുന്ന ഉത്തരാധുനിക ചിന്തയുടെ നിലപാടുകളെ വിമര്‍ശിച്ചു തള്ളുവാനും പിജി തയ്യാറാകുന്നു.
സാഹിത്യത്തെയും രാഷ്ട്രീയത്തെയും പോലെ മറ്റൊരു വ്യവഹാരം മാത്രമാണ് ശാസ്ത്രമെന്നതാണ് ഉത്തരാധുനിക ചിന്തകരുടെ നിലപാട്. എന്നാല്‍ ലോകത്തെ മനസ്സിലാക്കുന്നതിലും അതിനെ മാറ്റിത്തീര്‍ക്കുന്നതിലും, അതായത് സൂക്ഷ്മമായ ജനാധിപത്യബോധവും സമത്വദര്‍ശനവും കൈവരിക്കുന്ന സമൂഹത്തെ പ്രകൃതിക്ക് അനുപൂരകമായി രൂപപ്പെടുത്തുന്നതിലും, ശാസ്ത്രത്തിന് പങ്കുവഹിക്കാനുണ്ട് എന്ന കാഴ്ചപ്പാടാണ് പിജി പിന്‍പ്പറ്റുന്നത്. വസ്തുനിഷ്ഠം -ആത്മനിഷ്ഠം പോലെ പരസ്പരവിരുദ്ധമായി നിലകൊള്ളുന്ന വിപരീത ദ്വന്ദ്വങ്ങളെ അടിസ്ഥാനമാക്കി വികസിച്ചു വന്ന ആധുനിക വിചിന്തന രീതിയുടെ പ്രസക്തിയും ഒപ്പം പരിമിതിയും ബോധ്യപ്പെടുത്തുവാനും പിജിയുടെ ഗ്രന്ഥത്തിന് കഴിയുന്നുണ്ട്. കോളനിയനന്തര ചിന്തയെ മുന്‍നിര്‍ത്തി ശാസ്ത്രത്തിലും സാംസ്‌കാരത്തിലും പ്രബലമായി നിലനില്‍ക്കുന്ന യൂറോ കേന്ദ്രവാദത്തെ തുറന്നു കാട്ടുവാനും പിജിക്ക് കഴിയുന്നു. അറിവും അധികാരവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് ഈ പുസ്തകം പുതിയ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വയ്ക്കുന്നു. അധികാരത്തിന്റെ സങ്കീര്‍ണ സ്വാഭാവത്തെ വിശദീകരിച്ചുകൊണ്ട് ജ്ഞാനരൂപീകരണത്തില്‍ അധികാരം വഹിക്കുന്ന പങ്കും ഒപ്പം തന്നെ അധികാര വ്യവസ്ഥയെ ജ്ഞാന രൂപീകരണം എങ്ങനെ സ്വാധീനിക്കുന്നുവെന്നതിലും ചില ഉള്‍ക്കാഴ്ചകള്‍ ഈ ബൃഹദ് ഗ്രന്ഥം സമ്മാനിക്കുന്നുണ്ട്.
2018 നവംബര്‍ 22 പിജിയുടെ ആറാമത്തെ ചരമദിനമാണ്. വരും കാലങ്ങളിലും പിജിയുടെ ചിന്തകള്‍ കൂടുതല്‍ പ്രസക്തി കൈവരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും നമുക്ക് ഉണ്ടാകേണ്ടതില്ല. ഇന്ന് കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെയും ഹിന്ദുത്വഫാഷിസത്തിന്റെയും മതതീവ്രവാദത്തിന്റെയും വെല്ലുവിളികളെ നേരിട്ടുകൊണ്ട് മുന്നേറുവാന്‍ പിജിയുടെ പുസ്തകങ്ങള്‍ വലിയ പ്രേരണയാണ് ചെലുത്തുന്നത്. ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ വഴിവിളക്കായി വരുംകാലങ്ങളിലും പിജിയുടെ ഗ്രന്ഥരൂപത്തിലുള്ള സാന്നിധ്യം തെളിഞ്ഞുനില്‍ക്കുക തന്നെ ചെയ്യും. പിജിയെ ഓര്‍മ്മിക്കുകയെന്നാല്‍ അദ്ദേഹത്തിന്റെ ചിന്തയെയും പ്രയോഗത്തെയും വിപുലീകരിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക എന്നതാണ്. ഒരു വലിയ കൂട്ടായ്മ ഏര്‍പ്പെടുത്തി ഫാഷിസ്റ്റ് ഭീഷണിയെ ചെറുത്തുകൊണ്ട് ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും വഴിത്താരയിലുടെ മുന്നേറുവാന്‍ നമുക്ക് കരുത്തു പകരുന്നു പിജിയുടെ ഓര്‍മ.

(വിജ്ഞാനകൈരളി എഡിറ്ററും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസറുമാണ് സി. അശോകന്‍)

 

Exit mobile version