Keralaliterature.com

സാഹിത്യ നോബല്‍ മുടങ്ങിയത് ലൈംഗികാരോപണം മൂലം

സ്റ്റോക്ക്‌ഹോം: സാഹിത്യ നോബല്‍ സമ്മാനപ്രഖ്യാപനം ഇക്കൊല്ലമുണ്ടാവില്ലെന്ന തീരുമാനമെടുത്തത് ഹാഷ് മീ ടൂ’ കാമ്പയിനെത്തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍ കാരണമാണ്. പ്രശസ്ത നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ തങ്ങളെ ലൈംഗികമായി ചൂഷണംചെയ്തുവെന്ന ഹോളിവുഡ് നടികളടക്കമുള്ളവരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് മീ ടൂ കാമ്പയിന് തുടക്കമാവുന്നത്. ഇതിനുചുവടുപിടിച്ചു അക്കാദമി അംഗത്തിന്റെ ഭര്‍ത്താവ് ആര്‍നോള്‍ട്ടിനുനേരെയും 18 സ്ത്രീകള്‍ ആരോപണമുയര്‍ത്തി. പുരസ്‌കാരനിര്‍ണയസമിതിയംഗം കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ ഴാങ് ക്ലോദ് ആര്‍നോള്‍ട്ടിനുനേരെ നവംബറിലാണ് ഇവര്‍ ലൈംഗികാരോപണം ഉന്നയിച്ചത്.

ഇതില്‍ ചിലരെ ആര്‍നോള്‍ട്ട് പീഡിപ്പിച്ചത് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍വെച്ചാണെന്നും ആരോപണമുണ്ട്. ഇതിനുപുറമേ, ഔദ്യോഗികപ്രഖ്യാപനത്തിനുമുന്‍പേ ചില നൊബേല്‍ ജേതാക്കളുടെ പേര് പുറത്തായ സംഭവങ്ങളിലും ആരോപണമുയര്‍ന്നിരുന്നു.

ലൈംഗികാരോപണം കാരണം സാഹിത്യ നോബല്‍ പ്രഖ്യാപനം മുടങ്ങുന്നത് സ്വീഡിഷ് അക്കാദമിയുടെ 232 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമാണ്. മുന്‍പും പലവര്‍ഷങ്ങളിലും അക്കാദമിപുരസ്‌കാരം നല്‍കാതിരിക്കുകയും പ്രഖ്യാപനം മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവപലതും യുദ്ധമുള്‍പ്പെടെയുള്ള കാരണങ്ങളാലായിരുന്നു.ഇതിനുമുന്‍പ് ഏഴുതവണ സമാനരീതിയില്‍ പുരസ്‌കാരപ്രഖ്യാപനം മാറ്റിവെച്ചിരുന്നു.

Exit mobile version