കൊച്ചി: ഹാസ്യചാട്ടവാര്‍ ചുഴറ്റി സമൂഹത്തിലെ കൊള്ളരുതായ്മകളെ പ്രഹരിച്ച സാധാരണജനങ്ങളുടെ പ്രിയ കവിയായിരുന്നു ചെമ്മനം ചാക്കോ. സാധാരണക്കാരുടെ നാവായിരുന്നു ആ കവിതകള്‍. കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും പിന്‍ഗാമി എന്ന നിലയിലാണ് കവിയെ ജനം കണ്ടത്. മുക്കാല്‍ നൂറ്റാണ്ടോളം നീണ്ടതായിരുന്നു ആ കാവ്യസപര്യ. അമ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
1946ലായിരുന്നു ആദ്യ കവിത. കോട്ടയത്തുനിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ‘ചക്രവാളം’ മാസികയില്‍ ‘പ്രവചനം’ എന്ന പേരിലായിരുന്നു ആദ്യ കവിത പ്രസിദ്ധീകരിച്ചത്. സി.ജെ.സി. മുളക്കുളം എന്ന പേരിലായിരുന്നു അത്. തന്റെ സാമൂഹിക വിമര്‍ശനത്തിന് ശക്തി പകര്‍ന്നത് എന്‍.വി. കൃഷ്ണവാര്യരുടെ കവിതകളാണെന്ന് ചെമ്മനം പറയുമായിരുന്നു. 1947ല്‍ ‘വിളംബരം’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ‘ഉദ്ഘാടനം’ ആണ് ആദ്യത്തെ ആക്ഷേപഹാസ്യ കവിത. ജനങ്ങളുടെ ജീവല്‍പ്രധാനങ്ങളായ കാര്യങ്ങള്‍ നോക്കേണ്ട മന്ത്രിമാര്‍ പാലം മുതല്‍ മൂത്രപ്പുര വരെ ഉദ്ഘാടനം ചെയ്തു നടക്കുന്നതായിരുന്നു വിഷയം. ആസ്വാദകര്‍ കാവ്യഗുണം കുറവായിട്ടും അതിനെ നെഞ്ചേറ്റി. തുടര്‍ന്ന്’ആളില്ലാ കസേരകള്‍’, ‘മാധ്യമസൃഷ്ടി’ എന്നീ കവിതകള്‍ ആസ്വാദകരെ ആവേശം കൊള്ളിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എഴുതിയ ‘ഉള്‍പ്പാര്‍ട്ടി യുദ്ധം’ എന്ന കവിത ചര്‍ച്ചചെയ്യപ്പെട്ടു. ആക്ഷേപഹാസ്യം ചെമ്മനം കവിതയുടെ ജീവവായുവായി മാറി.
53 വര്‍ഷം തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള സ്വന്തം വീട്ടിലായിരുന്നു താമസം. തുടര്‍ന്ന് 12 കൊല്ലമായി എറണാകുളത്താണ്. വലിയ ചലനമുണ്ടാക്കിയ കവിതയാണ് ‘ആളില്ലാക്കസേരകള്‍’. സര്‍ക്കാര്‍ ഓഫീസുകളുടെ ദുരവസ്ഥയും ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്മയും ഓഫീസുകളില്‍ ഓരോരോ കാര്യങ്ങള്‍ക്കായി എത്തുന്ന സാധാരണ ജനങ്ങളുടെ നിസ്സഹായതയുമായിരുന്നു വിഷയം. ഭാര്യ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം പ്രോവിഡന്റ് ഫണ്ടിന് ഏജീസ് ഓഫീസ് കയറിയിറങ്ങേണ്ടി വന്നപ്പോഴാണ് ഈ കവിത എഴുതിയത്. മുപ്പത് തവണയാണ് അദ്ദേഹം ഏജീസ് ഓഫീസിന്റെ പടി കയറിയിറങ്ങിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആള്‍ക്കാര്‍ ചെല്ലുമ്പോള്‍ കിട്ടുന്ന അനുഭവം തന്നെയാണ് ഓരോ തവണയും അദ്ദേഹത്തിനും കിട്ടിയത്. ശാരീരികവും മാനസികവുമായി തളര്‍ന്ന അദ്ദേഹം ഓഫീസിന്റെ ഇടനാഴിയിലെ സ്റ്റൂളില്‍ ഇരുന്ന് എഴുതിയത് ഇങ്ങനെ:
‘കൈയിലെ കാശും കൊടുത്തീവിധം
തേരാപ്പാരാ വയ്യെനിക്കെജീസ്
ഓഫീസ് കയറുവാന്‍ ഭഗവാനേ…’
ഇത് ശ്രദ്ധയില്‍ പെട്ട അന്നത്തെ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് ജോസഫ് കീഴുദ്യോഗസ്ഥര്‍ക്കായി ഒരു സര്‍ക്കുലര്‍ തയ്യാറാക്കി അയച്ചു. അതിന്റെ മറുപുറത്ത് ആളില്ലാക്കസേരകള്‍ എന്ന കവിതയും അച്ചടിച്ചിട്ടുണ്ടായിരുന്നു. ജീവനക്കാരുടെ ഹാജര്‍ കര്‍ശനമാക്കിയായിരുന്നു സര്‍ക്കുലര്‍. അപേക്ഷകള്‍ കൃത്യസമയത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു.