Keralaliterature.com

കീശസന്ദേശം

കീശസന്ദേശം
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

അടുത്തു പാതിരാ,വടച്ചു വാതില്‍ ഞാന്‍
കെടുത്തു റാന്തല്‍ പോയ്ക്കിടന്നു മെത്തയില്‍:
പുകച്ചില്‍ വീണ്ടുമെന്‍ തലയ്ക്കു വായ്ക്കുന്നു:
പകച്ചു നില്‍ക്കുന്നു ഭഗവതി സുപ്തി.
‘വരുവൊരുവഴി മറന്നവള്‍പോലെന്മ
യിരുളിലെങ്ങെങ്ങു പരിഭ്രമിപ്പു നീ?
തിരുവുരു തായയ്ക്കുരുകരുണതാന്‍;
വരൂ വരൂ! ദേവീ! തരൂ തരൂ സുഖം.’
ഇവണ്ണം നിദ്രയോടിരന്നൊരെന്‍ മുറി
സുവര്‍ണ്ണ വര്‍ണ്ണമായ്ച്ചമഞ്ഞു തല്‍ക്ഷണം.
കരിയിരുള്‍മഴമുകലിന്‍ മെയ് മിന്നി
യരിയതുമിന്നല്‍പ്പിണറണി ചാര്‍ത്തി.
ഉറക്കമാര്‍ന്നൊരെന്‍ വിളക്കു തന്നെത്താ
നുണര്‍ന്നുവോ പെട്ടെ, ന്നിതെന്തൊരത്ഭുതം?
അതല്ല വാനില്‍നിന്നണഞ്ഞു തേജസ്സൊ
ന്നധന്യനാമെന്നെയനുഗ്രഹിക്കയോ?
അതികുതുകി ഞാന്‍ മിഴിരണ്ടും തുട
ച്ചതിഥിയാരതെന്നടുത്തു നോക്കിനേന്‍.
അലിവിലെന്‍ മുന്നില്‍ വിലസുവതൊരു
വലീമുഖവംശമകുടഹീരകം.
കദളികാടവീനിഖാസി, രാഘവ
പദസരസിജമധുവ്രതവ്രതി,
അനൂനവൈഭവനണഞ്ഞിതോ മുന്നില്‍
ഹനൂമദാഘ്യനാമശേഷസല്‍ഗുരു?
കുടുകുടെക്കണ്ണീര്‍ പതിപ്പു പൂങ്കവിള്‍
ത്തുടുത്തുടെപ്പൊന്നായ്ക്കഴുകും മാരിയായ്;
അകത്തുകത്തുവോരഴല്‍ക്കൊടും തീ തന്‍
പുക വെളിക്കൊള്‍വൂ ചുടുനെടുവീര്‍പ്പായ്.
അരുതരുതെന്നു വിലക്കുവാന്‍ ഞാനെ
ന്നിരുകരവുമൊന്നിളക്കീടും മുന്നേ
അഹോ!ദയാര്‍ദ്രമീ വചനമെന്നൊട
മ്മഹോപദേശകന്‍ കപീന്ദ്രനോതിനാന്‍:

2

ശുഭം ഭവിക്കട്ടേജഗത്തി, നേവര്‍ക്കു
മഭംഗുരോദയമവാപ്തമാകട്ടെ.

ധരിച്ചുവോ നീ നിന്നതിഥിയാരെന്നു?
ധരിച്ചില്ലെങ്കില്‍ ഞാന്‍ ധരിപ്പിക്കാമിപ്പോള്‍
കരുതുക വത്സ! കപിയാമെന്നെ നിന്‍
പുരുഷവര്‍ഗ്ഗത്തിന്‍ പിതൃഭൂതനെന്നായ്
പിതാമഹന്‍ പണ്ടിപ്പൃഥിവി നിര്‍മ്മിച്ചാ
നതാന്തമാകും തന്‍ തപോബലത്തിനാല്‍,
സമസ്തസമ്പത്തിന്‍ വിലാസരംഗമായ്,
സമഗ്രഭങ്ഗിതന്‍ വിലാസരംഗമായ്
അലകടല്‍പ്പൂമ്പട്ടരയ്ക്കണിയുവോ
ളചലവക്ഷോജഭരം വഹിപ്പവള്‍,
തരംഗിണീഹാരലതകള്‍ ചാര്‍ത്തുമ്പോള്‍,
തരുവല്ലീപത്രാവലി ധരിപ്പവള്‍,
ധ്രുവാദിനക്ഷത്രസുമങ്ങള്‍ ചൂടുവോള്‍,
ദിവാകരേന്ദുക്കള്‍ വിളക്കെടുപ്പവള്‍,
അധോഭുവനത്താല്‍ മെതിയടിയാര്‍ന്നോള്‍
ത്രിദിവത്താല്‍ ദിവ്യകിരീടം പൂണ്ടവള്‍;
ധരണിയാമസ്മജ്ജനനി മിന്നുന്നു;
ശരണമാര്‍ക്കും തച്ചരണപങ്കജം.

3

ധരിത്രിയിമ്മട്ടില്‍ച്ചമച്ചു നാന്മുഖന്‍
പെരുത്തു ധന്യനായ്ക്കരുതിനാന്‍ തന്നെ.
പുതിയൊരമ്പലമിതേതു ദേവന്‍ തന്‍.
പ്രതിഷ്ഠയാലിനിസ്സനാഥമാകാവൂ?
തനയരേവരെ പ്രസവിച്ചിദ്ദേവി
ജനനസാഫല്യം ക്ഷണത്തില്‍ നേടാവൂ?
ക്രമത്തിലിത്ഥമോര്‍ത്തജന്‍ ജനിപ്പിച്ചാന്‍
കൃമിസരീസൃപവിഹങ്ഗമങ്ങളെ;
അകമലരതിലതൃപ്തമാകയാല്‍
മൃഗങ്ങളെത്തീര്‍ത്താന്‍ വിവിധരൂപത്തില്‍;
അതിലും തുഷ്ടിവിട്ടൊടുവില്‍ നിര്‍മ്മിച്ചാന്‍
മതിവച്ചീശ്വരന്‍ വലീമുഖന്മാരെ.
ജനിച്ചു തല്‍സൃഷ്ടപ്രപഞ്ചസൗധത്തില്‍
തനിപ്പൊന്‍താഴികക്കുടങ്ങളായ് ഞങ്ങള്‍;
ഭരിച്ചു പാരിതു പലനാള്‍ മാമകര്‍;
ധരിത്രി പിന്നെയും ‘സസേമിരാ’ തന്നെ.
‘വസുന്ധരേ! വത്സേ! ഭവതിയെ,ങ്ങെങ്ങീ
യസുന്ദരങ്ങളാം കുരങ്ങിന്‍ കൂട്ടങ്ങള്‍?
ഇവറ്റയെക്കൊണ്ടെന്തുയര്‍ച്ച നേടുമോ
ഭവതി? ഞാനെത്ര മടയനായ്‌പോയി?’

ത്വരിതമിത്ഥമോര്‍ത്തിയറ്റിനാന്‍ മന്നില്‍
വിരിഞ്ചന്‍ മറ്റൊരു വിശിഷ്ടജീവിയെ.
അതാണു മാനുഷന്‍; അവന്റെ സൃഷ്ടിയാല്‍
കൃതാര്‍ത്ഥമാനിയായ്ച്ചമഞ്ഞ ലോകേശന്‍
കിരീടവും സിംഹാസനവും ചെങ്കോലും
ധരിത്രിവാഴുവാനവന്നു നല്‍കിനാന്‍.
അടച്ചു നാടുവിട്ടിറങ്ങി ഞങ്ങളു
മടവിതന്നുള്ളിലടകുടി പൂകി.
വളരെക്കാലമായ്, വളരെക്കാലമാ,
യിളയില്‍ ഞങ്ങള്‍ക്കീയിളിഭ്യപ്പേര്‍ കിട്ടി.
അതുമുതല്‍ ഞങ്ങള്‍ ചുഴിഞ്ഞുനോക്കുന്നു
കൃതികള്‍ നിങ്ങള്‍തന്‍ കൃതികളോരോന്നും.

4

‘വിശേഷബുദ്ധിയും, വിചാരശക്തിയും,
വിചിത്രസിദ്ധികള്‍ പലതു വേറെയും
അജനരുളിപോല്‍ക്കനിഞ്ഞു മാനുഷ
ന്നവനെത്തന്‍ പ്രതികൃതിയില്‍ത്തീര്‍ന്നുപോല്‍.
ഫലമന്തുണ്ടായി? പയോജയോനിതന്‍
പല മനോരഥമെവിടെച്ചെന്നെത്തി?
മരുത്തു, വിദ്യുത്തു, പയസ്സു ധൂമമി
ത്തരത്തില്‍ വാച്ചിടും പ്രകൃതിശക്തികള്‍,
നരന്നു കിങ്കരപ്രവൃത്തിചെയ്തു തല്‍
സരണിയില്‍ പട്ടാംബരം വിരിക്കുന്നു;
പരിമൃദുമലര്‍നിര വിതറുന്നു!
പരിമളദ്രവത്സരിയൊഴുക്കുന്നു;
പുകക്കപ്പലിന്നു കടലെറുമ്പുചാല്‍
ഗഗനവീഥിക്കു ഗരുഡനെയറോപ്ലേയ്ന്‍;
വയര്‍ലെസ്സര്‍പ്പിക്കും ശ്രുതി മഹാത്ഭുതം;
‘സയന്‍സി’നാല്‍ മര്‍ത്ത്യന്‍ സമഗ്രവീര്യവാന്‍!

‘സകലവും ഭദ്രം നരന്നു ചുറ്റുപാ,
ടകക്കാമ്പൊന്നു താനഭദ്രമത്യന്തം;
എതിങ്കല്‍ വേണമോ വികാസ,മേതുമി
ല്ലതിങ്കലായതിന്‍ കണികപോലുമേ.
പഴയവന്‍ മര്‍ത്ത്യന്‍ ഹൃദയത്തില്‍; പോരാ
പഴയവനെക്കാള്‍ പതിതന്‍ മേല്‍ക്കുമേല്‍.
എവന്നും താന്‍ മാത്രം സുഖിച്ചിരിക്കണ
മെവന്നും മറ്റുള്ളോര്‍ നശിച്ചുപോകണം;

തനിക്കു താണതില്‍ച്ചവിട്ടി നില്‍ക്കണം;
തനിക്കെളിയതു ചവച്ചുതുപ്പണം;
അടുക്കളപ്പണിക്കബലമാര്‍ വേണ
മടിമകളാകാനശക്തരും വേണം;
അധ:സ്ഥരമ്മട്ടിലിരുന്നുകൊള്ളണ
മുദധിയൂഴിയെ ഗ്രസിക്കുവോളവും;
സ്വതന്ത്രന്‍ താനൊരാള്‍, വിജയി താനൊരാ
ളിതരര്‍ തന്‍ കേളിക്കുപകരണങ്ങള്‍;
ഒരുകണ്‍ തന്റേതു പൊടിക്കും താന്‍; പരന്‍
കുരുടനാവതാണതിന്‍ ഫലമെങ്കില്‍;
ഉയര്‍ന്നിടാനുള്ള മടിയാല്‍ത്താഴെ നി
ന്നുയര്‍ന്നവന്‍ ചാവാനൊളിനഞ്ഞമ്പെയ്യും;
പരിഷ്‌കൃതിമന്ത്രമുരച്ചുകൊണ്ടിട്ടേ
നരരക്ഷസ്സിനു നരനെത്തിന്നാവൂ.
സ്വദേശമെന്നതും സ്വധര്‍മ്മമെന്നതും
സ്വജാതിയെന്നതും സ്വഭാഷകൂടിയും
കരബലമുള്ള ജനതതിക്കുതന്‍
പെരുവയര്‍ക്കുഴി നികത്തിടും വഴി;
പലപ്പൊഴും സ്വാര്‍ത്ഥം, പലപ്പൊഴും ദൗഷ്ട്യം
പലപ്പൊഴും ദുര, പലപ്പൊഴും ചതി!
ഇതെന്തുതാറുമാ,റിതെന്തു മീന്മുറ
യിതിന്നു വേണ്ടിയോ ഹരേ! നരോദയം?
ഇരുളിരവിതിന്നുഷസ്സെന്നോ? മോഹ
പ്പെരുങ്കടലിതിന്നെതിര്‍കരയെങ്ങോ?

5

‘മനുഷ്യ! നിര്‍ത്തിനേന്‍ മദീയമാക്രോശം
വ്രണപ്പെടൊല്ല നിന്‍മനസ്സു ലേശവും.
തുറന്നു ചൊല്വേനെത്തുറിച്ചുനോക്കേണ്ട;
പറഞ്ഞുപോയ് സ്വല്പം പരമാര്‍ത്ഥാംശം ഞാന്‍.
അവനി നമ്മള്‍ക്കു പൊതുവില്‍ പെറ്റമ്മ;
അവള്‍തന്‍ സേവതാന്‍ നമുക്കു സല്‍ക്കര്‍മ്മം.
ഇതരജീവികള്‍ കിടക്കട്ടേ; മര്‍ത്യ
ഹ്രുദയങ്ങളാദ്യമിണങ്ങട്ടേ തമ്മില്‍.
ഒരമ്മതന്‍ മക്കളുലച്ചവാളുമായ്
പ്പൊരുതും പോര്‍ക്കളമവള്‍തന്‍ മാറിടം!
ഇതോ ധരിത്രിതന്‍ പുരോഗതി? നിങ്ങള്‍
ക്കിതോ ജനിത്രിതന്‍ വരിവസ്യാവിധി?
ഒരു യുഗത്തിങ്കലൊരിക്കലോ മറ്റോ
തിരുവവതാരം ജഗദീശന്‍ ചെയ്വൂ;

തുണയ്പു ഞങ്ങളും കഴിവോളമപ്പോള്‍
ജനനിക്കാന്ദം ജനിച്ചിടും മട്ടില്‍
അതിന്നു മുമ്പിലുമതിന്നു പിമ്പിലും
ക്ഷിതിക്കു മര്‍ത്ത്യര്‍തന്‍ ഭരം സുദുസ്സഹം.
യഥാര്‍ത്ഥമാം പുത്രസുഖമവള്‍ക്കില്ല ;
യഥാര്‍ത്ഥമാമൂര്‍ദ്ധ്വഗമനവുമില്ല.
നിലകൊള്‍വൂ മര്‍ത്ത്യസമുദായഹര്‍മ്മ്യം
ശിലകളൊക്കെയുമിളകി വെവ്വേറെ;
അവയിലോരോന്നുമയിത്തം ഭാവിച്ചു
ശിവ ശിവ! നില്പൂ തൊടാതെ തങ്ങളില്‍
മറിഞ്ഞുവീഴാറായ് മനോജ്ഞമിസ്സൗധം;
തെറിച്ചുപോകാറായ് ശിലകള്‍ ദൂരവേ.
ഉടയവനെയോര്‍ത്തിനിയെന്നാകിലും
വിടവടയ്ക്കുവിന്‍! വിരോധം തീര്‍ക്കുവിന്‍!
പരസ്പരപ്രേമസുധാനുലേപത്താല്‍
പരമിപ്രാസാദം പ്രകാശമേന്തട്ടെ;
പരോപകാരമാം ഭവപഞ്ചാക്ഷരി
പരിചയിക്കുവിന്‍ പ്രവൃത്തിരൂപത്തില്‍.

6

‘ മരവുന്നുണ്ടങ്ങു വശംകെട്ടു കരം
തിരുമ്മിയുംകൊണ്ടു ഹതാശനാം വിധി
‘ധരയെ നാകത്തിന്‍ മുകളിലാക്കുവാന്‍
കരുതിയല്ലോ ഞാന്‍ ചമച്ചു മര്‍ത്ത്യനെ
വരത്തെ നല്‍കിന മഹേശനെക്കൊല് വാ
നൊരുങ്ങിന വൃകനൊരുവിധം ഭേദം;
അതു ഞാനേകിന മനുഷ്യരോ ചിത്ര
വധം താന്‍ ചെയ്യുന്നു നിജ ജനനിയെ.
നിലമറന്നൊരിജ്ജളരിനിക്കാട്ടില്‍
വലീമുഖങ്ങള്‍ തന്‍ പുറകേ പോകട്ടെ;
പുതിയ സൃഷ്ടിയൊന്നിനിയും ചെയ് വന്‍ ഞാന്‍;
ക്ഷിതിദേവിക്കഴലകന്നിടും മട്ടില്‍.’
ഇവണ്ണമോര്‍ക്കുന്ന ചിലപ്പോള്‍ നാന്മുഖന്‍;
നവമാം മൃത്തൊട്ടു കരുപ്പിടിക്കുന്നു;
ക്ഷമിക്കുന്നു വീണ്ടും; വയസ്സുപോം തോറും
ശമിക്കുന്നു ശീഘ്രം തദീയരോഷാഗ്‌നി
കടന്നുപോകട്ടെ കുറച്ചുകൂടിയെ
ന്നടങ്ങിവാഴുന്നു വിഭൂ പിതാമഹന്‍
അധികംനാളൊന്നും നിലനില്‍ക്കില്ലിനി
വിധിക്കു നിങ്ങളിലിരുന്ന വിശ്വാസം;

ധരണിദേവിതന്‍ കദനം കാണുമ്പോള്‍
ഹിരണ്യഗര്‍ഭനു ഹൃദയം ഭേദിക്കും.
ഇനിയ മണ്ണോരന്നജന്നു കൈപ്പണി
ക്കിനിയുമുണ്ടെന്നു കരുതിക്കൊള്ളുവിന്‍!
പുതുമട്ടില്‍ ഭൂമിക്കധീശരുണ്ടായാല്‍
പൃഥിവിയില്‍ നരന്‍ ദ്വിതീയവാനരന്‍
അരശുകൈവിട്ടാലണയും മാലെന്തെ
ന്നനുഭവിക്കുമ്പോളറിഞ്ഞിടാം താനും
അതിന്നിടനല്‍കി,യടവി പൂകൊല്ലേ!
വിധിതന്‍ കാരുണ്യം പരീക്ഷ ചെയ്യൊല്ലേ!!
ഇതോതുവാനെന്നെയയച്ചാന്‍ മാനുഷ
ഹിതോപദേശത്തില്‍ കുതുകി വായുജന്‍!’
മറഞ്ഞു വാനരന്‍: സഹോദരന്മാരെ!
കുറഞ്ഞൊന്നോര്‍ക്കുവിന്‍ തദീയസന്ദേശം.
മതി മതി കാലം കളഞ്ഞ, തീശനെ
പ്പുതിയൊരുസൃഷ്ടിക്കൊരുക്കല്ലേ നമ്മള്‍!

മണിമഞ്ജുഷ 1933

Exit mobile version