അ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന നാല്പതോളം ലേഖനങ്ങളാണുള്ളത്. തുടര്‍ന്ന് മറ്റ് അക്ഷരങ്ങളില്‍ തുടങ്ങുന്ന വാക്കുകളുള്‍പ്പെടുന്ന ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്. വെബ്‌സൈറ്റിന്റെ മുകളിലെ പ്രധാന കാറ്റഗറിയില്‍ത്തന്നെ ഇതു ലഭിക്കുന്നതാണ്.
ഉദാഹരണത്തിന് ഒന്നുരണ്ടെണ്ണത്തില്‍നിന്നുള്ള ചില ഭാഗങ്ങള്‍ താഴെക്കൊടുക്കുന്നു:
പകുതി സ്ത്രീരൂപമായ ഈശ്വരനാണ് അര്‍ദ്ധനാരീശ്വരന്‍. ഇടത്തേ പകുതി പാര്‍വതീരൂപവും വലത്തേ പകുതി ശിവരൂപവുമായ വിഗ്രഹമുണ്ട്. ഉമാമഹേശ്വര സങ്കല്പം. ഉമയും മഹേശ്വരനും ഒന്നുചേര്‍ന്നിരിക്കുന്നു എന്ന്. പകുതി നാരായണനും പകുതി ശങ്കരനും ചേര്‍ന്ന വിഗ്രഹങ്ങളും ചിലേടങ്ങളിലുണ്ട്. അതറിയപ്പെടുന്നത് അര്‍ദ്ധനാരായണന്‍ എന്നാണ്. ശങ്കരനാരായണന്‍ എന്നതും അതുതന്നെ.
അര്‍ദ്ധരാത്രി എന്നു മലയാളത്തില്‍ പ്രയോഗിച്ച് ശീലിച്ചുപോയ വാക്കുണ്ടല്ലോ. അത് അര്‍ദ്ധരാത്രം ആണ്. സംസ്‌കൃതവാക്കാണ്. രാത്രത്തെ മലയാളി രാത്രിയാക്കിയതാണ്. അഹോരാത്രം, പഞ്ചരാത്രം, അതിരാത്രം എന്നിങ്ങനെ രാത്രം ചേര്‍ന്നു വരുന്ന വാക്കുകളെ നാം രാത്രിയാക്കാറുമില്ല. പകുതി സത്യമാണ് അര്‍ദ്ധസത്യം. സത്യവും അസത്യവും അതില്‍ കലര്‍ന്നിരിക്കുന്നതിനാലാണ് അങ്ങനെ പറയുന്നത്.
പ്രാചീനവും അര്‍വാചീനവുമായ എന്നു നാം പറയാറുണ്ടല്ലോ. പലപ്പോഴും ഇതു രണ്ടിന്റെയും അര്‍ഥങ്ങള്‍ പരസ്പരം മാറിപ്പോകും. അര്‍വാചീനം എന്നാല്‍ പില്‍ക്കാലത്തുള്ള, അടുത്തകാലത്തുള്ള എന്നാണ് അര്‍ഥം. പണ്ടുള്ളതും ഇപ്പോഴുള്ളതും ആണ് പ്രാചീനാര്‍വാചീനങ്ങള്‍.
അലമലം എന്നു കവിതകളില്‍ കണ്ടിട്ടുണ്ടല്ലോ. അലം+അലം ആണ് അലമലം. അലം എന്ന വാക്ക് ദ്രാവിഡത്തില്‍നിന്ന് സംസ്‌കൃതം കൈക്കൊണ്ടതാണെന്ന് പണ്ഡിതന്മാര്‍ സംശയിക്കുന്നു. വേണ്ടുവോളം, മതിയാവോളം, പൂര്‍ണമായി എന്നൊക്കെ അര്‍ഥവികാസം വന്നിട്ടുണ്ട് അതിന്. ‘അലമലമിതു നമ്മോടെന്തു വിദ്വേഷമോ തേ?’ എന്നു ഭാഷാരാമായണം ചമ്പുവില്‍ കാണാം. അലകും പിടിയും എന്നു കേട്ടിട്ടുണ്ടല്ലോ. കത്തിയുടെയും വാളിന്റെയും മറ്റും പിടികഴിഞ്ഞുള്ള ഭാഗമാണ് അലക്. ദ്രാവിഡത്തിലെ ഈ വാക്കിന് പണ്ട് മറ്റൊരര്‍ഥം കൂടിയുണ്ടായിരുന്നു. കമുകിന്റെയും പനയുടെയും മറ്റും ഉള്ളിലെ ചോറു കളഞ്ഞ് പുറംതടി കീറിയെടുക്കുന്ന ചീന്തിനെയും അലക് എന്നു പറഞ്ഞിരുന്നു. പണ്ട് നികുതികൊടുക്കാത്തവരെ ‘രണ്ടുകാലും അകലെ വയ്പിച്ചു മുട്ടുമടങ്ങാതെ തുട വരേക്കും കമുകലകു വച്ച് വരിഞ്ഞുകെട്ടിയിരുന്നത്രെ. അലകും പിടിയും മാറുക എന്ന പഴയ ശൈലിക്ക് മുഴുവനായി മാറുക എന്നായിരുന്നു അര്‍ഥം. ‘ഭൂതരായര്‍’ എന്ന നോവലിലെ പരാമര്‍ശം നോക്കുക: ‘ നാട്ടാരുടെ ഉടുപ്പു മാറി, നടപ്പുമാറി, പരശുരാമക്ഷേത്രത്തിന്റെ അലകുംപിടിയും മാറി’.
വസ്ത്രം അടിച്ചുനനച്ചു ശുചിയാക്കലാണ് അലക്ക്. അലക്കാനുള്ള കല്ല് അലക്കുകല്ല്. ക്രിയയാണ് അലക്കുക. എന്നാല്‍ അലയ്ക്കുക വേറെ. യകാരം ചേരുമ്പോള്‍ അര്‍ഥവ്യത്യാസം ശ്രദ്ധിക്കാതെ തെറ്റായി എഴുതുന്നതും പറയുന്നതും പതിവ്. പണ്ട് അലക്കുവിരുത്തി ഉണ്ടായിരുന്നു. കൊട്ടാരത്തിലും കോവിലകങ്ങളിലും മുണ്ടലക്കിക്കൊടുക്കുന്നതിന് പ്രതിഫലമായി ഭൂമി നല്‍കിയിരുന്നു. അതാണ് അലക്കു വിരുത്തി.
അലഗര്‍ദ്ദം എന്നാല്‍ നീര്‍ക്കോലി. അലങ്കാരം എന്ന സംസ്‌കൃതശബ്ദത്തിന് പലവിധ അര്‍ഥങ്ങള്‍. ശരീരം, ഗൃഹം മുതലായവയ്ക്ക് ഭംഗി വര്‍ധിപ്പിക്കത്തക്ക വിധത്തില്‍ ചേര്‍ക്കുന്ന വസ്തു, ആഭരണം എന്നിവയെല്ലാം അലങ്കാരമാണ്. മോടിപിടിപ്പിക്കല്‍, ഭംഗിവരുത്തല്‍. കാവ്യത്തില്‍ ശബ്ദത്തിനോ അര്‍ഥത്തിനോ വരുത്തുന്ന ചമത്കാരവും അലങ്കാരംതന്നെ. ഉപമ, ഉത്‌പ്രേക്ഷ തുടങ്ങിയ അലങ്കാരങ്ങള്‍ പഠിച്ചിട്ടുള്ളവരാണല്ലോ നാമെല്ലാം. കളരിപ്പയറ്റിലെ ഒരഭ്യാസമാണ് അലങ്കാരക്കൈ.
അലങ്കോലം എന്ന തമിഴ്പദത്തിന് അടുക്കില്ലായ്മ, ചിന്നിച്ചിതറിയ മട്ട്, വൃത്തികേട്, കുഴപ്പം എന്നെല്ലാമാണ് അര്‍ഥം. മലയാളിക്കും ഇഷ്ടമുള്ള പദമാണ് അലങ്കോലം. അലര്‍ജി എന്ന ഇംഗ്ലീഷ് വാക്ക് അറിയാം. അലജി അറിയാമോ? ഈ സംസ്‌കൃതവാക്കിന് കണ്ണിലും ലിംഗത്തിലും ഉണ്ടാകുന്ന ഒരുതരം പിടക എന്നാണ് അര്‍ഥം. കണ്ണില്‍ കൃഷ്ണമണ്ഡലവും ശുക്ലമണ്ഡലവും ചേരുന്നിടത്ത് ഉണ്ടാകുന്ന പിടകയാണ് അലജി. എന്തിനെങ്കിലുംവേണ്ടി കൂടക്കൂടെ ചോദിച്ചു ശല്യപ്പെടുത്തുന്നതാണല്ലോ അലട്ട്. അലട്ടല് എന്നും രൂപഭേദം. സൈ്വരംകെടുത്തല്‍ തന്നെയാണിത്. ‘അലട്ടു തീര്‍ത്തു വിട്ടേയ്ക്കൂ, വില പിന്നെത്തരാമെടോ..’ എന്ന് പണ്ട് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കത്തെഴുതിയത് ഓര്‍ക്കുക.
വിശപ്പുകൊണ്ടു പൊരിഞ്ഞ എന്നതാണ് അലന്ന എന്നതിന് അര്‍ഥം. വിശേഷണമായി അലന്ന എന്നു പറയും. അറ്റോന്റെ പാട് അലന്നോന്റടുക്കല്‍ എന്നൊരു ശൈലിയുണ്ടായിരുന്നു. ഉച്ചത്തില്‍ അസംബന്ധമായി സംസാരിക്കുന്നവനെ അലപ്പന്‍ എന്നാണ് വിളിക്കേണ്ടത്. അലപ്പനും അലപ്പും ശുദ്ധ ദ്രാവിഡപദങ്ങള്‍. അലമാരി, അലമാറി എന്നെല്ലാം പറയുന്ന അലമാര പോര്‍ട്ടുഗീസുകാര്‍ നമുക്ക് തന്നിട്ടുപോയതാണ്. അലമുറയും അലമ്പും നമുക്ക് പരിചയമുള്ളതാണ്. അലംഭാവം സംസ്‌കൃതമാണ്. എന്നാല്‍, സംസ്‌കൃതത്തില്‍ പണ്ടുള്ള അര്‍ഥത്തിലല്ല നാമിപ്പോള്‍ ഈ വാക്ക് ഉപയോഗിക്കുന്നത്. സംതൃപ്തി, മതിയാകല്‍ എന്നായിരുന്നു പഴയ അര്‍ഥം. ഇപ്പോഴോ? അലംഭാവംതന്നെ.