Keralaliterature.com

കുട്ടികളുടെ ലോക്ഡൗണ്‍ രചനകള്‍ 42000 പിന്നിട്ടു, മേയ് അഞ്ചുവരെ നീട്ടി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ക്കുള്ളില്‍ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് സര്‍ഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയായി പൊതുവിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ‘അക്ഷര വൃക്ഷം’ പദ്ധതിയിലേക്ക് വലിയ പ്രതികരണമുണ്ടായിരിക്കുകയാണ്.

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ കഥ, കവിത, ലേഖനം എന്നിവയാണ് കുട്ടികളില്‍ നിന്ന് സ്‌കൂള്‍ വിക്കിയില്‍ ചേര്‍ക്കാന്‍ ക്ഷണിച്ചത്. ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ രചനകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ബുധനാഴ്ച രാത്രി 10.30 വരെ ആകെ 42,000 രചനകള്‍ സ്‌കൂള്‍ വിക്കിയില്‍ ചേര്‍ത്തു കഴിഞ്ഞു. മേയ് അഞ്ചുവരെ രചനകള്‍ അയക്കാനുള്ള തീയതി നീട്ടിയിട്ടുണ്ട്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍/ ഹെഡ്മാസ്റ്റര്‍ വഴിയാണ് രചനകള്‍ അയക്കേണ്ടത്. അതത് സ്‌കൂള്‍ അധ്യാപകര്‍ കുട്ടികളില്‍നിന്നും രചനകള്‍ ശേഖരിച്ച് സ്‌കൂള്‍വിക്കിയില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. സ്‌കൂള്‍വിക്കിയില്‍ രചനകള്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങള്‍ക്ക് ഓരോ ജില്ലയിലും പ്രത്യേക ഹെല്‍പ്‌ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്.

Exit mobile version