67 വര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച, ആദ്ധ്യാത്മികശോഭ പകരുന്ന മലയാളകൃതിയായ ‘ഗുരുകരുണാമൃതം’ ഇതാദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. കെ.ജി. പത്മാവതി അമ്മ 1966ല്‍ എഴുതിയതാണ് തന്റെയും കുടുംബത്തിന്റെയും ദൈവിക അനുഭവങ്ങള്‍ വിവരിക്കുന്ന ഈ പുസ്തകം. ശ്രീമദ് അഭേദാനന്ദ സ്വാമിജിയെ കാണാനുള്ള യാത്രയിലെ അപൂര്‍വ അനുഭവങ്ങളാണ് കൃതിയില്‍ വിവരിക്കുന്നത്.
ശ്രീമദ് അഭേദാനന്ദ സ്വാമിജിയുടെ 114-ാമത് ജയന്തി ആഘോഷത്തില്‍ തിരുവനന്തപുരം കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നടന്ന ചടങ്ങില്‍, ഗുരുകരുണാമൃതത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ശ്രീ. നന്ദകുമാര്‍ ഐ.എ.എസ് പ്രകാശനം ചെയ്തു. അഭേദാനന്ദസ്വാമികളുടെ ഭക്തയായ മഞ്ജുള പുസ്തകം സ്വീകരിച്ചു.
എഴുത്തുകാരിയും പെന്‍സ് & സ്‌ക്രോള്‍സ് പബ്ലിഷിംഗ് ഹൗസ് ക്രീയേറ്റീവ് ഹെഡുമായ മഹാലക്ഷ്മി നായരാണ് ഈ കൃതി പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനം കുറ്റമറ്റ രീതിയിലുള്ളതാണ്. ഒറിജിനല്‍ കൃതിയില്‍ ആവിഷ്‌കരിച്ച വികാരങ്ങളും അനുഭവങ്ങളും ഒട്ടും ചോരാതെ മഹാലക്ഷ്മി നായര്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
മഹാലക്ഷ്മി ഡില്യൂഷന്‍ വാല്യം 1, ഡെയ്സി ഡ്രീംസ്, ഡെസേര്‍ട്ട് സ്റ്റോംസ് തുടങ്ങിയ നിരവധി കവിതാ സമാഹാരങ്ങളില്‍ തന്റെ രചനാ വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചിട്ടുള്ള എഴുത്തുകാരിയാണ് മഹാലക്ഷ്മി നായര്‍. സിന്ധു നന്ദകുമാറിന്റെ മലയാള കാവ്യസമാഹാരമായ ‘കാവ്യാത്മഗതം ‘ ഉള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് കവര്‍ ചിത്രീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്റീരിയര്‍ സ്‌കെച്ചുകളിലും അവര്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. ഗുരുകരുണാമൃതം മഹാലക്ഷ്മിയുടെ ആദ്യ വിവര്‍ത്തന കൃതിയാണെങ്കിലും, മൗലിക രചനയുടെ സൗന്ദര്യമോ വികാരമോ ചോര്‍ന്നുപോകാതെ, മൂന്ന് മാസത്തിനുള്ളിലാണ് മുഴുവന്‍ വിവര്‍ത്തനവും പൂര്‍ത്തിയാക്കിയത്.
ശ്രീമദ് അഭേദാനന്ദ സ്വാമിജിയുടെ അനുഗ്രഹത്താല്‍ തന്റെ ജീവിതത്തില്‍ സന്തോഷത്തിന്റെ പ്രകാശം പരത്താനുള്ള ദൈവിക അവസരമെന്നാണ് വിവര്‍ത്തന അനുഭവത്തെ മഹാലക്ഷ്മി വിവരിക്കുന്നത്. ഈ പുസ്തകം വായനക്കാരെ സന്തോഷാനുഭവമുള്ള ഒരു യാത്രയിലേക്കെന്ന പോലെ കൊണ്ടുപോകുമെന്ന് പരിഭാഷക വിശ്വസിക്കുന്നു.