Keralaliterature.com

ബെന്യാമിന് വയലാര്‍ അവാര്‍ഡ്, ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന പുതിയ നോവലിന്

തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ സ്മാരക സാഹിത്യ അവാര്‍ഡ് പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന് ലഭിച്ചു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
കെ.ആര്‍.മീര, ഡോ.ജോര്‍ജ് ഓണക്കൂര്‍, ഡോ.സി.ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന പുതിയ നോവലിനാണ് ബെന്യാമിന് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. നാല്പത്തഞ്ചാമത് വയലാര്‍ അവാര്‍ഡ് ഒക്‌ടോബര്‍ 27 ന് കവിയുടെ ചരമദിനത്തില്‍ തിരുവനന്തപുരത്ത് വച്ച് സമ്മാനിക്കും.
തന്റെ ആത്മാംശം വളരെയധികമുള്ള കൃതിക്കുതന്നെ വയലാര്‍ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബെന്യാമിന്‍ പറഞ്ഞു. താന്‍ വളര്‍ന്നുവന്ന ചുറ്റുപാടിലെ രാഷ്ട്രീയ ബൗദ്ധിക സാഹചര്യത്താല്‍ നിര്‍മിതമായ ഒരു സൃഷ്ടിയാണ് പുതിയ നോവല്‍. തിരുവിതാംകൂറിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളോടുള്ള തന്റെ വീക്ഷണം എന്ന നിലയിലും നോവല്‍ തനിക്ക് പ്രിയപ്പെട്ടതാണെന്നും ബെന്യാമിന്‍ പറഞ്ഞു.
ആടുജീവിതം’ എന്ന നോവലാണ് ബെന്യാമിനെ മലയാളികള്‍ക്ക് പ്രശസ്തനാക്കിയത്. ഇതിനകം വിവിധ പതിപ്പുകളിലായി രണ്ടുലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ കൃതിയാണത്.
പത്തനംതിട്ട ജില്ലയിലെ കുളനടയില്‍ 1971ല്‍ ജനിച്ച ബെന്യാമിന്‍ ഇന്ത്യയില്‍ എറ്റവുമധികം സമ്മാനത്തുകയുള്ള (25 ലക്ഷം രൂപ) ജെ.സി.ബി പുരസ്‌കാരം അതേര്‍പ്പെടുത്തിയ വര്‍ഷംതന്നെ ലഭിച്ചിരുന്നു. അക്കപ്പോരിന്റെ 20 നസ്രാണിവര്‍ഷങ്ങള്‍’ എന്ന നോവല്‍പരമ്പരയിലെ രണ്ടാമത്തേതാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’

Exit mobile version