Keralaliterature.com

വാരിയന്‍കുന്നത്ത് ഹാജി സൂപ്പര്‍താരമാകുന്നു, വരുന്നത് നാലു സിനിമകള്‍

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ല്‍ നടന്ന മലബാര്‍കലാപത്തിലെ വീരേതിഹാസമാണ്. മാപ്പിള ലഹള എന്നുകൂടി പേരുള്ള ആ കലാപത്തിന്റെ നൂറാം വര്‍ഷം അടുത്ത വര്‍ഷം ആചരിക്കുമ്പോള്‍ അതിലെ പ്രധാന നേതാക്കളിലൊരാളായിരുന്ന, ബ്രിട്ടീഷുകാരാല്‍ വധിക്കപ്പെട്ട ഹാജിയെപ്പറ്റി നാലു സിനിമകള്‍ ഒന്നിനുപുറകെ മറ്റൊന്നായി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കപ്പെട്ടത് സമാനതകളില്ലാത്ത സംഭവമാണ്. മലപ്പുറത്ത് കോട്ടപ്പുറത്തുവച്ച് ബ്രിട്ടീഷുകാര്‍ ആ ധീരയോദ്ധാവിനെ വെടിവച്ചുകൊല്ലുകയായിരുന്നു.
മലബാര്‍ കലാപത്തെപ്പറ്റി മലയാളത്തില്‍ ഇറങ്ങിയ ആദ്യ സിനിമ ഐ.വി.ശശിയുടെ '1921' ആയിരുന്നു. 32 വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ അതിലെ നായകനെപ്പറ്റി മത്സരിച്ച് സിനിമ വരുന്നത്. ഇതു വര്‍ഗീയമായ ചില അപസ്വരങ്ങളും ഉണര്‍ത്തിവിട്ടിട്ടുണ്ട്. ആദ്യം സിനിമ പ്രഖ്യാപിച്ചത് നടന്‍ പൃഥ്വിരാജ് സുകുമാരനാണ്. വാരിയംകുന്നന്‍ എന്ന സിനിമയിലെ നായകവേഷം താനാണ് ചെയ്യുന്നതെന്ന് സമൂഹ മാധ്യമത്തിലൂടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പൃഥ്വിരാജ് അറിയിച്ചത്. ആഷിക് അബുവാണ് സംവിധായകന്‍. ചൊവ്വാഴ്ചയായപ്പോള്‍ വലതുപക്ഷ സമൂഹമാധ്യമ ജീവികള്‍ എതിര്‍പ്പുമായി രംഗത്തിറങ്ങി. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ മുസ്ലിംവീരനായകന്‍ എന്ന നിലയില്‍ വാരിയം കുന്നത്ത് ഹാജിയെ ചിത്രീകരിക്കുന്നതിലായിരുന്നു എതിര്‍പ്പ്. ചരിത്രവസ്തുതകള്‍ക്കെതിരായി സിനിമ വന്നാല്‍ സമൂഹത്തില്‍ ഛിദ്രത ഉണ്ടാക്കാനേ അതുപകരിക്കൂ എന്ന് ബി.ജെ.പി നേതാവ് എം.ടി രമേശും പറഞ്ഞു. പൃഥ്വിരാജ് സിനിമയില്‍ നിന്നു പിന്മാറണമെന്നും രമേശ് ആവശ്യപ്പെട്ടു
താനും ഈ തീമില്‍ ഒരു സിനിമ എടുക്കുന്നതായി പ്രമുഖ നാടകകൃത്ത് ഇബ്രാഹിം വേങ്ങര തുടര്‍ന്ന് പ്രഖ്യാപിച്ചു. മഹാനായ വാരിയംകുന്നത്ത് എന്നാണ് സിനിമ എന്നും പറഞ്ഞു. മലയാള സിനിമയിലെ താരങ്ങള്‍ക്കുപുറമെ നായികയായി ആഫ്രിക്കന്‍ താരം വരുമെന്നും അറിയിച്ചു.
അടുത്തത് പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഊഴമായിരുന്നു. രക്തസാക്ഷി വാരിയംകുന്നന്‍ എന്ന പേരില്‍ താന്‍ സിനിമയെടുക്കുന്നതായി രണ്ടുതവണ ഇടതുപക്ഷ സ്വതന്ത്ര എം.എല്‍.എ ആയിരുന്ന സംവിധായകന്‍ പി.ടി അറിയിച്ചു. തിരക്കഥ രണ്ടുമാസത്തിനകം തയ്യാറാകുമെന്നും അടുത്തകൊല്ലമാദ്യം സിനിമ ഷൂട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
നാലാമത്തെ സിനിമ പ്രഖ്യാപിച്ചത് ബി.ജെ.പി സഹയാത്രികനായ അലി അക്ബറാണ്. 1921 എന്ന പേരില്‍ താനെടുക്കുന്ന സിനിമ മലബാര്‍ കലാപത്തിനു പിന്നിലെ യഥാര്‍ഥ നായകരെയാവും അവതരിപ്പിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വാരിയംകുന്നത്ത് ഹാജിയല്ല യഥാര്‍ഥ ഹീറോ എന്ന സൂചനയും അലി നല്‍കി.
എന്തായാലും നാലുസിനിമകളും ചരിത്രയാഥാര്‍ഥ്യവും വിവാദവുമെല്ലാം ചേര്‍ന്ന് പുതിയ പുകില്‍ വരികയാണ്
Exit mobile version