എരവിമംഗലത്ത് സുകുമാര്‍ അഴീക്കോട് സ്മാരകം മന്ത്രി ഉദ്ഘാടനം ചെയ്തു
പ്രഥമ അന്താരാഷ്ട്ര സാഹിത്യോത്സവം തൃശൂരില്‍
തൃശൂര്‍: സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഏഴുദിവസം നീളുന്ന സാസ്‌കാരികോത്സവം സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. എരവിമംഗലത്ത് നവീകരിച്ച സുകുമാര്‍ അഴീക്കോട് സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം മുതല്‍ അഴീക്കോട് സ്മാരകത്തില്‍ ഇതിന് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.
അഴീക്കോടിന്റെ ഭവനത്തിനുപിന്നില്‍ പുഴയ്ക്ക് അക്കരെയുള്ള സ്ഥലം ഏറ്റെടുത്ത് എഴുത്തുകാര്‍ക്ക് താമസിക്കാനും എഴുതാനും സൗകര്യമൊരുക്കും. ബഹുമുഖ പ്രതിഭയും പുരോഗമനത്തിന്റെ വക്താവുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ സ്മരണ നിലനിര്‍ത്താന്‍ കെട്ടിടങ്ങള്‍ മാത്രം മതിയാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ അഴീക്കോട് സ്മാരകത്തില്‍ സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നതിനുള്ള സഹായം സാംസ്‌കാരിക വകുപ്പ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് തൃശൂര്‍ വേദിയാവുമെന്നും മന്ത്രി പറഞ്ഞു.
അഴീക്കോട് സ്മാരകം കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന രീതിയില്‍ വികസിപ്പിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. അഴീക്കോടിന്റെ പ്രസംഗങ്ങള്‍ എക്കാലവും അനുഭവിക്കാന്‍ കഴിയുന്ന ഒരു ഓഡിയോ സംവിധാനവും തിയേറ്ററും ലൈബ്രറിയും സ്മാരകത്തില്‍ ഒരുക്കും. ഇതിന് എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ 50 ലക്ഷം രൂപയും എം എല്‍ എ ഫണ്ടും ഉപയോഗിച്ചാണ് സ്മാരക നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
മലയാളികളുടെ സാംസ്‌കാരിക മനസ്സാക്ഷിയായി മാറിയ മഹാനായ സാമൂഹ്യ സേവകന്‍ ആയിരുന്നു സുകുമാര്‍ അഴിക്കോടെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ദിശാബോധവും കാഴ്ച്ചപ്പാടും പകര്‍ന്നു നല്‍കിയ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റ് വൈശാഖന്‍, വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍, ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. സി രാവുണ്ണി, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ബിജു ജോസഫ്, പി വി കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.