ഈ പദവി ലഭിക്കുന്നതിനായി നേരത്തേ തന്നെ കോഴിക്കോട് കോര്‍പ്പറേഷന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2014ല്‍ ഈ പദവി കൈവരിച്ച പ്രാഗ് നഗരത്തിലെ അധികൃതരുമായി മേയര്‍ ബീന ഫിലിപ് ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തിയിരുന്നു. യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ പദവി ഏറ്റെടുത്തതിനെ പിന്നാലെയാണ് പുതിയ നഗരങ്ങളെ നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുത്തിയത്. ശൃംഖലയില്‍ ഇപ്പോള്‍ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള 350 നഗരങ്ങളുണ്ട്.
കോഴിക്കോടിന്റെ മഹത്തായ സാഹിത്യ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്താണ് പദവി നല്‍കിയത്. കേരള സാഹിത്യോത്സവത്തിന്റെ സ്ഥിരം വേദിയായ കോഴിക്കോട്ട് കെഎല്‍എഫ് ഉള്‍പ്പെടേയുള്ള നിരവധി പുസ്തകോത്സവങ്ങള്‍ നടക്കുന്നതും പദവി നേടിയെടുക്കുന്നതില്‍ നിര്‍ണായകമായി. ഇത്തരമൊരു അംഗീകാരം ഇരട്ടി മധുരം പേലെയാണ് തനിക്ക് തോന്നുന്നതെന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.
ജനങ്ങളുടേയും പത്രമാധ്യമങ്ങളുടേയും സാഹിത്യകാരന്മാരുടേയുമൊക്കെ വലിയ പിന്തുണയുണ്ടായി. കഴിഞ്ഞ ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്‍പറേഷന്‍ നടത്തിയ ശ്രമങ്ങളാണ് ഫലം കണ്ടത്. കിലയുടെ നിര്‍ദേശങ്ങളുമായി മുന്നോട്ടു പോവുന്നതിനിടെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് യൂണിവേഴ്സിറ്റിയുടെ സഹായവും കോര്‍പറേഷന്‍ തേടിയിരുന്നു. കിലയില്‍ നിന്നും മികച്ച വിദ്യാര്‍ത്ഥികളെയാണ് ഫെലോഷിപ്പിന് നല്‍കിയത്. എന്‍ഐടി വിദ്യാര്‍ത്ഥികളാണ് ഇതിനുള്ള മെത്തഡോളജി എങ്ങനെ വേണമെന്ന് കാണിച്ചുതന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍, എളമരം കരീം എംപി എന്നിവരുടേയും വലിയ പിന്തുണ ലഭിച്ചു. എംപിയുടെ വണ്ടിയിലായിരുന്നു വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ അഞ്ചുദിവസത്തോളം സഞ്ചരിച്ചതെന്നും മേയര്‍ പറഞ്ഞു.
പ്രാഗ് യൂണിവേഴ്സിറ്റിയുടെ ഗവേഷക വിദ്യാര്‍ത്ഥിനിയായ ലുദ്മില കൊലൗചോവ കോഴിക്കോട്ടെത്തി തയ്യാറെടുപ്പിന് സഹകരിച്ചിരുന്നു. കോഴിക്കോട് 70ലേറെ പുസ്തക പ്രസാധകരും 500ലേറെ ഗ്രന്ഥശാലകളും ഉണ്ടെന്നും അവര്‍ കണ്ടെത്തി.