തിരുവനന്തപുരം: 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം കേരളത്തിന്. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഡിസംബര്‍ 3ന് ലോക ഭിന്നശേഷി ദിനത്തില്‍ ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയാണ് അവാര്‍ഡ് സമ്മാനിക്കുക.
ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന നൂതന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ നിന്നും വിവിധ കാറ്റഗറികളിലായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് മുമ്ബ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. വകുപ്പിന്റെ മൊത്തം പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണീ അവാര്‍ഡെന്നും മന്ത്രി വ്യക്തമാക്കി.
ജീവിതചക്ര സമീപനത്തിലൂടെ അംഗപരിമിതിയ്ക്ക് അതീതമായി ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് സംസ്ഥാനത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ളത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വിവിധ ഏജന്‍സികളായ ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണറേറ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്, കേരള സാമൂഹ്യസുരക്ഷാ മിഷന്, വികലാംഗക്ഷേമ കോര്പ്പറേഷന്, നിപ്മര്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് വകുപ്പിന് സാധിച്ചിട്ടുണ്ട്.
നാഷണല്‍ ട്രസ്റ്റിന് കീഴില്‍ ഏറ്റവും കൂടുതല്‍ ലീഗല്‍ ഗാര്‍ഡ്യന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതിനും, നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ദേശീയ തലത്തില്‍ മികച്ച എന്‍ട്രോള്‍മെന്റ് ശതമാനം കൈവരിക്കാനായതിനും ഇതിനോടകം സംസ്ഥാന സര്‍ക്കാരിന് ആദരവും അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഭിന്നശേഷിത്വം തടയുന്നതിനുള്ള പ്രാരംഭ ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജില്ലാ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, റീജിയണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ നിഷ്, നിപ്മര്‍ മുഖേന നടത്തുന്ന പ്രാരംഭ ഇടപെടല്‍ എന്നിവ പുരസ്കാരം നല്‍കുന്നതിന് കാരണമായി.
വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന സങ്കലിത വിദ്യാഭ്യാസ പരിപാടികളുടെ ഏകോപനം, ഭിന്നശേഷിക്കാരായ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായുള്ള തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവ മുഖേനയുള്ള സ്കോളര്‍ഷിപ്പ് പദ്ധതികള്‍, ഭിന്നശേഷിക്കാരുടെ നൈപുണ്യവികസനത്തിനുള്ള വിവിധ പദ്ധതികള്‍, തടസരഹിത പൊതു സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ബാരിയര്‍ ഫ്രീ കേരള പദ്ധതി, സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തി ആര്.പി.ഡബ്ലിയു.ഡി. ആക്ട് 2016 പ്രകാരം തൊഴില്‍ സംവരണം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും പരിഗണിച്ചു.
ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനുള്ള അനുയാത്രാ പദ്ധതി, സാമൂഹ്യപുന:രധിവാസം ഉറപ്പുവരുത്തുന്നതിനുള്ള നൂതന പരിപാടികള്‍, അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിരക്ഷ പദ്ധതി, സാങ്കേതികവിദ്യയുടെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള അസിസ്റ്റീവ് ടെക്നോളജി തുടങ്ങിയ എല്ലാ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാനത്തിന് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്.
2016ലെ ആര്.പി.ഡബ്ലിയു.ഡി. ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്നതിനും ആയതിന്റെ ഭാഗമായി എല്ലാ തലങ്ങളിലും ആക്ടിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച് ബോധവത്കരിക്കുന്നതിനും സാമൂഹ്യനീതി വകുപ്പിനു സാധിച്ചിട്ടുണ്ട്. കൂടാതെ ഭിന്നശേഷി മേഖലയിലെ സേവനം സമ്ബൂര്ണതയിലെത്തിക്കുന്നതിനുള്ള മനുഷ്യവിഭവശേഷി രൂപീകരിക്കുന്നതിനും നിഷ് മുഖേന നടത്തുന്ന വിവിധ കോഴ്സുകള്‍ മുഖേന സാധ്യമായതും പരിഗണിച്ചാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.