മലയാള സിനിമയുടെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശനെ തേടി മറ്റൊരു അമൂല്യ നേട്ടം. മധ്യപ്രദശ് സര്‍ക്കാരിന്റെ പരമോന്നത ബഹുമതികളിലൊന്നായ കിഷോര്‍ കുമാര്‍ പുരസ്‌കാരം പ്രിയദര്‍ശന്. ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തെന്നിന്ത്യയില്‍ നിന്നും ഇതാദ്യമായാണ് ഒരു പ്രതിഭയെ തേടി ഈ പുരസ്‌കാരമെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതുല്യ ഗായകനും ഹാസ്യനടനുമായിരുന്ന കിഷോര്‍ കുമാര്‍ 1929 ഓഗസ്റ്റ് 4നാണ് ജനിച്ചത്. അഭാസ് കുമാര്‍ ഗാംഗുലി എന്നാണ് യഥാര്‍ത്ഥ പേര്. ഗായകന്‍ എന്നതിലുപരി ഗാനരചയിതാവ്, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഹിന്ദിയിലും കൂടാതെ മാതൃഭാഷയായ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും കിഷോര്‍ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ മികച്ച ഗായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച ബഹുമതിയും കിഷോര്‍ കുമാറിന്റെ പേരിലാണ്. തന്റെ ആലാപന ജീവിതത്തിന്റെ ഉന്നതിയിലായിരുന്ന സമയത്ത് 1987 ഒക്ടോബര്‍ 13ന് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു.
സംവിധാനം, തിരക്കഥ, ഗാനരചന തുടങ്ങി വിവിധ മേഖലകളില്‍ അമൂല്യ സംഭാവനകള്‍ നല്കിയിട്ടുള്ളവര്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ശ്യാം ബെനഗല്‍, അമിതാഭ് ബച്ചന്‍, ഗുല്‍സാര്‍, ഹൃഷികേഷ് മുഖര്‍ജി എന്നിവരാണ് മുമ്പ് ഈ പുരസ്‌കാരം നേടിയിട്ടുള്ളത്.
1997 മുതലാണ് സിനിമാ രംഗത്തു നിന്നുള്ളവര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ കിശോര്‍ കുമാര്‍ പുരസ്‌കാരം നല്‍കി വരുന്നത്. സല്‍മാന്‍ഖാന്റെ പിതാവും സിനിമാ രംഗത്തെ സജീവ സാന്നിദ്ധ്യവുമായ സലിംഖാനാണ് ജൂറി ചെയര്‍മാന്‍.