Keralaliterature.com

യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യ പുരസ്‌കാരങ്ങള്‍

ദുബൈ: യു.എ.ഇ എക്‌സ്‌ചേഞ്ചും ചിരന്തന സാംസ്‌കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സാഹിത്യ മണ്ഡലത്തിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സക്കറിയ, അറബ് സാഹിത്യത്തില്‍ നിന്ന് ഇമറാത്തി കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹാമദ് അല്‍ ബലൂഷി എന്നിവര്‍ക്കാണ് വിശിഷ്ട വ്യക്തിത്വ പുരസ്‌കാരം.
50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഈ മാസം 22ന് ദുബൈ എയര്‍പോര്‍ട്ട് റോഡിലെ ഫ്‌ലോറ ഇന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍ കോയയും ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിയും അറിയിച്ചു. 2018 ല്‍ പ്രസിദ്ധീകൃതമായ പ്രവാസി രചനകളില്‍ സലിം അയ്യനേത്തിന്റെ ‘ബ്രാഹ്മിണ്‍ മൊഹല്ല’ (നോവല്‍), സബീന എം. സാലിയുടെ ‘രാത്രിവേര്’ (ചെറുകഥ), സഹര്‍ അഹമ്മദിന്റെ ‘പൂക്കാതെ പോയ വസന്തം’ (കവിത), എം.സി.എ. നാസറിന്റെ ‘പുറവാസം’ (ലേഖനങ്ങള്‍), ഹരിലാല്‍ എഴുതിയ ‘ഭൂട്ടാന്‍ ലോകത്തിന്റെ ഹാപ്പിലാന്‍ഡ് (യാത്രാവിവരണം) എന്നീ കൃതികള്‍ പുരസ്‌കാരം നേടി. കാല്‍ ലക്ഷം രൂപ വീതമാണ് സമ്മാനം. കുട്ടികളുടെ കൃതികള്‍ പ്രത്യേകം പരിഗണിച്ച് തഹാനി ഹാഷിറിന്റെ ത്രൂ മൈ വിന്‍ഡോ പാന്‍സ്, മാളവിക രാജേഷിന്റെ വാച്ച് ഔട്ട് എന്നിവക്ക് പ്രത്യേക സമ്മാനം നല്‍കാനും തീരുമാനിച്ചു. 10,000 രൂപ വീതമാണ് ഇരുവര്‍ക്കും നല്‍കുക. കവി വീരാന്‍കുട്ടിയുടെ നേതൃത്വത്തിലെ മൂന്നംഗ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

Exit mobile version