കൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ്റും ജനയുഗം, മലയാള മനോരമ എന്നിവയിലെ കാര്‍ട്ടൂണിസ്റ്റുമായിരുന്ന യേശുദാസന്‍ അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ കൊച്ചിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. സെപ്തംമ്പര്‍ 14 ന് കോവിഡ് ബാധിച്ച അദ്ദേഹത്തിനെ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 19 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ 29 ന് കോവിഡ് നെഗറ്റീവായെങ്കിലും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയില്‍ തുടരുകയായിരുന്നു. ഒക്ടോബര്‍ 6 ന് പുലര്‍ച്ചെ 3.45 ന് ഹൃദയാഘാതം സംഭവിച്ചതിനെതുടര്‍ന്നാണ് മരണം സംഭവിച്ചത്. കേരള കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാന്‍ കൂടിയായിരുന്നു യേശുദാസന്‍.
ജനയുഗം ദിനപ്പത്രത്തില്‍ കിട്ടുമ്മാവന്‍ എന്ന പ്രതിദിന കാര്‍ട്ടൂണ്‍ പംക്തിയിലൂടെയാണ് യേശുദാസന്‍ ശ്രദ്ധേയനായത്. ഒരു പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് കൂടിയായിരുന്നു യേശുദാസന്‍. പിന്നീട് മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നു. അവിടെ കുഞ്ചുക്കുറുപ്പ് എന്ന പ്രതിദിന പോക്കറ്റ് കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ ശ്രദ്ധേയനായി.
കേരളത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണിന് പുതിയ ഭാവം പകര്‍ന്ന ആളായിരുന്നു യേശുദാസന്‍. മനോരമയില്‍ നിന്ന് വിരമിച്ചശേഷം കുറെനാള്‍ ദേശാഭിമാനിയിലും അന്ത്യകാലത്ത് ജനയുഗത്തിലും പ്രവര്‍ത്തിച്ചു. സെപ്തംബര്‍ 19നാണ് ഒടുവില്‍ ജനയുഗത്തില്‍ അവസാനത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചത്.
കേരള കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാന്‍ യേശുദാസന്റെ വിയോഗത്തില്‍ അക്കാദമിയുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി സംഘടന പത്രക്കുറിപ്പില്‍ പറഞ്ഞു. അതില്‍ ഇങ്ങനെ പറയുന്നു: മലയാള കാര്‍ട്ടൂണിനും ഏറെ ഇരുട്ടു നിറഞ്ഞ ഒരു ദിവസമാണ് ഇന്ന്. ചിരിയുടെയും ചിന്തയുടെയും പ്രഭാതങ്ങള്‍ സമ്മാനിച്ച അതുല്യ വ്യക്തിത്വം അസ്തമിച്ചിരിക്കുന്നു. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ആചാര്യനായ അപൂര്‍വ പ്രതിഭയായിരുന്നു. ഗുരുവായ ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ കുലപതി ശങ്കറിന്റെ ജീവിതനിഷ്ഠകള്‍ യേശുദാസന്‍ പിന്തുടര്‍ന്നിരുന്നു. കോവിഡ് ബാധിതനാകുന്ന നാള്‍ വരെ എന്നും മുടങ്ങാതെ വരച്ചിരുന്നു. സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങളും വായനയും സൗഹൃദങ്ങളും കലാപ്രവര്‍ത്തനവും അദ്ദേഹം തുടര്‍ന്നു. പ്രായത്തിന്റെ അവശതകളിലും അത് മുടക്കിയില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രമുഖര്‍ യേശുദാസന്റെ നിര്യാണത്തില്‍ അനുശോചിച്ചു.