Keralaliterature.com

കുട്ടികളുടെ പ്രിയപ്പെട്ട സുമംഗല വിടവാങ്ങി

തൃശൂര്‍: പ്രമുഖ ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 87 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് തൃശൂര്‍ വടക്കാഞ്ചേരിയിലെ മകന്റെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
സുമംഗല എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ലീലാ നമ്പൂതിരിപ്പാട് ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും രചിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം, ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
1934 മെയ് 16ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് സുമംഗല ജനിച്ചത്. പിതാവ്: ഒഎംസി നാരായണന്‍ നമ്പൂതിരിപ്പാട്. മാതാവ്: ഉമ അന്തര്‍ജനം. ഒറ്റപ്പാല ഹൈസ്‌കൂളില്‍ പത്താംക്ലാസ് പൂര്‍ത്തിയാക്കിയ സുമംഗല പിന്നീട് പിതാവിന്റെ ശിക്ഷണത്തില്‍ സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു.
യജുര്‍വേദപണ്ഡിതനും ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദധാരിയുമായിരുന്ന അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിനെ പതിനഞ്ചാംവയസ്സില്‍ സുമംഗല വിവാഹം കഴിച്ചു. 2014 അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട് അന്തരിച്ചു. ഡോ. ഉഷ നീലകണ്ഠന്‍, നാരായണന്‍, അഷ്ടമൂര്‍ത്തി എന്നിവരാണ് മക്കള്‍.

സുമംഗലയുടെ കൃതികള്‍ ഇവയാണ്:

പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകള്‍ (ശുകസപ്തതിയുടെ പുനരാഖ്യാനം), കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍,

കടമകള്‍, ചതുരംഗം, ത്രയ്യംബകം, അക്ഷഹൃദയം എന്നീ നോവലുകളും ‘നുണക്കുഴികള്‍’ എന്ന ചെറു കഥാസമാഹാരവും രചിച്ചു

‘കേരളകലാമണ്ഡലം ചരിത്രം’ എന്ന ചരിത്ര ഗ്രന്ഥവും സുമംഗല രചിച്ചു. ഒപ്പം ‘പച്ച മലയാളം നിഘണ്ടു’ എന്നിവ തയ്യാറാക്കുന്നതിലും പങ്ക് വഹിച്ചു.

സുമംഗലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 'കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികള്‍ ലളിതവും ശുദ്ധവുമായ ഭാഷയില്‍ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവര്‍ എന്നും എഴുത്തില്‍ നിലനിര്‍ത്തിയിരുന്നു. ധാരാളം പുരാണ കൃതികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണ്,' മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Exit mobile version