Keralaliterature.com

ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം യാത്രയായി, അനില്‍ പനച്ചൂരാന്‍ ഇനി ഓര്‍മ മാത്രം

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവും കവിയുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കൊവിഡ് ബാധിതനായിരുന്നു എന്ന് വ്യക്തമായി. ഹൃദയാഘാതമാണ് മരണകാരണം.
ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20നാണ് അനിലിന്റെ ജനനം. അനില്‍കുമാര്‍ പി.യു. എന്നാണ് പേര്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലാ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ കവിയും ഗാനരചയിതാവുമായിരുന്നു അനില്‍. അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, ഭ്രമരം, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, മാണിക്യക്കല്ല്, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ ഹിറ്റായി. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം എന്ന പാട്ടാണ് ആദ്യം ഹിറ്റായത്. എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്ന ഗാനവും പ്രശസ്തിയിലേക്കുയര്‍ത്തി.
വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയ് കവിതകളും രചിച്ചു.
ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍.

Exit mobile version