Keralaliterature.com

ജനകീയ ഗായകന്‍ വി.കെ ശശിധരന്‍ ഓര്‍മ്മയായി

കൊച്ചി: മലയാളത്തിന്റെ ജനകീയ ഗായകന്‍ വി.കെ. ശശിധരന്‍ വിടവാങ്ങി. വി.കെ.എസ് എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം സംഗീതത്തെ സാമൂഹിക മാറ്റത്തിനുള്ള ഉപാധിയാക്കിയ സമുജ്വല ഗായകനും സംഗീതജ്ഞനുമായിരുന്നു. ബുധനാഴ്ചയായിരുന്നു അന്ത്യം.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്നണി പ്രവര്‍ത്തകനും പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറ്റ സഹചാരിയുമായിരുന്നു. തെരുവോരങ്ങളെ പാടിയുണര്‍ത്തിയ വി.കെ.എസ്. പരിഷത്തിന്റെ കലാജാഥകളെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
1938 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ജനിച്ചു. ആലുവ യു.സി കോളേജിലെ പഠനത്തിനുശേഷം തിരുവനന്തപുരം ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. വിദ്യാഭ്യാസകാലത്ത് 6 വര്‍ഷത്തോളം പരമുദാസിന്റെ പക്കല്‍നിന്ന് കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടി. മുപ്പതുവര്‍ഷക്കാലം ശ്രീ നാരായണ പോളിടെക്ള്‍നിക്കിലെ അദ്ധ്യാപകനായിരുന്നു.
1967 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂര്‍ സോമദാസന്‍ രചിച്ച നാലു ഗാനങ്ങള്‍ ‘ശിവന്‍ശശി’ എന്ന പേരില്‍ പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടര്‍ന്ന് ‘തീരങ്ങള്‍’ എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തി. ഇരുവരും ആറ്റിങ്ങല്‍ ദേശാഭിമാനി തീയറ്റേഴ്‌സിനു വേണ്ടി നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചു. കവിതാലാപനത്തില്‍ വേറിട്ട വഴി സ്വീകരിച്ച വി.കെ.എസ്. ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്,’ രവീന്ദ്രനാഥ ടാഗോറിന്റെ ‘ഗീതാഞ്ജലി’ തുടങ്ങി നിരവധി കവിതകള്‍ക്ക് സംഗീതാവിഷ്‌കാരം നല്‍കി.
80 കളുടെ തുടക്കത്തില്‍ കലാജാഥയില്‍ പങ്കെടുത്തും , അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു. കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകള്‍ക്കും സംഗീതാവിഷ്‌കാരം നിര്‍വഹിച്ചു. സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഭാഗമായി അക്ഷരകലാജാഥയ്ക്കും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമായി ജനാധികാര കലാജാഥ യ്ക്കും നിരവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി, മാനവീയം മിഷന്‍, സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടി ആഡിയോ ആല്‍ബങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ബാലവേദി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.1993 ല്‍ കൊട്ടിയം ശ്രീനാരായണ പോളിടെക്ള്‍നിക്കില്‍ നിന്നും ഇലക്ട്രിക്കല്‍ വിഭാഗം മേധാവിയായി വിരമിച്ചു.
ഭാര്യ : വസന്ത ലത, മകള്‍ : ദീപ്തി

പ്രധാന ആല്‍ബങ്ങള്‍
ഗീതാഞ്ജലി
പൂതപ്പാട്ട്
പുത്തന്‍ കലവും അരിവാളും
ബാലോത്സവ ഗാനങ്ങള്‍
കളിക്കൂട്ടം
മധുരം മലയാളം
മുക്കുറ്റിപൂവിന്റെ ആകാശം
ശ്യാമഗീതങ്ങള്‍
പ്രണയം
അക്ഷരഗീതങ്ങള്‍
പടയൊരുക്കപ്പാട്ടുകള്‍

Exit mobile version