ചെറുകഥാകൃത്തും നോവലിസ്റ്റം മാധ്യമപ്രവര്‍ത്തകനുമായ സതീഷ്ബാബു പയ്യന്നൂര്‍ ഓര്‍മ്മയായി. നവംബര്‍ 24ന് ഉച്ചയ്ക്കുശേഷമാണ് സതീഷ് ബാബു പയ്യന്നൂരിനെ താമസിക്കുന്ന ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭാര്യ ഫോണ്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അടുത്തുതാമസിക്കുന്ന ബന്ധു എത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയില്‍ 1963ലാണ് സതീഷ് ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടര്‍ന്ന് പയ്യന്നൂര്‍ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്ത് തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയില്‍ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നല്‍കി.
വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി. കാസര്‍കോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 80കളില്‍ ആനുകാലികങ്ങളില്‍ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികള്‍ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകള്‍, കുടമണികള്‍ കിലുങ്ങിയ രാവില്‍ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കാരൂര്‍ പുരസ്‌കാരം, മലയാറ്റൂര്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നീ അവാര്‍ഡുകള്‍ക്കും അര്‍ഹനായി. ബാങ്കില്‍ ജോലികിട്ടിയെങ്കിലും അക്കങ്ങള്‍ നല്‍കുന്ന സമ്മര്‍ദത്തില്‍നിന്നു പുറത്തുചാടണമെന്ന ആഗ്രഹമാണ് ബാങ്കിന്റെതന്നെ പബ്ലിക് റിലേഷന്‍സ് വകുപ്പിലേക്ക് ഇരിപ്പിടവും ജോലിയും മാറ്റിവാങ്ങിയത്.
മലയാളത്തില്‍ ടെലിവിഷന്‍ ചാനലുകളുടെ തുടക്കത്തില്‍ പനോരമ തയ്യാറാക്കിയ പ്രഭാതപരിപാടികള്‍ ശ്രദ്ധിക്കപ്പെട്ടതോടെ എഴുത്തിനു പുറത്തേക്കും സതീഷ് വളര്‍ന്നു. ചെറുപ്പംതൊട്ടേ കഥകളുടെ ലോകത്തായ സതീഷ് ബാബുവിനെ പ്രമുഖ എഴുത്തുകാരുടെ പട്ടികയിലേക്ക് ഉയര്‍ത്തിക്കാട്ടിയത് ‘മഞ്ഞസൂര്യന്റെ നാളുകളില്‍’ എന്ന നോവലാണ്. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറിയായി അഞ്ചുവര്‍ഷം സേവനമനുഷ്ഠിച്ചു. 1992ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.
അച്ഛന്‍: വാസുദേവന്‍ നമ്പൂതിരി, അമ്മ: പാര്‍വതി. ഭാര്യ: ഗിരിജ, മകള്‍: വര്‍ഷ (ബിസിനസ് കണ്‍സള്‍ട്ടന്റ്, പൂനെ), മരുമകന്‍: ശ്രീരാജ് (എന്‍ജിനിയര്‍, പൂനെ)