കോഴിക്കോട്: മലയാളത്തിലെ എഴുത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തിന്റെ പണി ബേപ്പൂരില്‍ തുടങ്ങി. കഥാകാരന്‍ അവസാനം വരെ ജീവിച്ച വൈലാലില്‍ വീടെത്തുന്നതിനു മുമ്പ് ബേപ്പൂര്‍ ബിസി
റോഡരികിലാണ് ‘ആകാശ മിഠായി’ എന്ന പേരില്‍ അദ്ദേഹത്തിന് സ്മാരകമുയരുന്നത്.
വിനോദസഞ്ചാര വകുപ്പിനു കീഴില്‍ 7.37 കോടി രൂപ ചെലവിട്ടാണ് മനോഹര മന്ദിരം നിര്‍മിക്കുന്നത്. കോര്‍പറേഷന്‍ ഇതിനായി വിശാലമായ സ്ഥലം വിട്ടു നല്‍കിയിരുന്നു. ഇവിടത്തെ കമ്യൂണിറ്റി ഹാള്‍ പൊളിച്ചുനീക്കിയാണ് പ്രാഥമിക പ്രവൃത്തിയായ പൈലിങ് ആരംഭിച്ചത്.
കഴിഞ്ഞ ജൂലൈ രണ്ടിന് സ്മാരകത്തിന് തറക്കല്ലിട്ടിരുന്നു. ഇവിടെ ആദ്യഘട്ടം സ്മാരകത്തിനൊപ്പം ആംഫി തിയറ്റര്‍, സ്റ്റേജ്, കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയ്ക്കായുള്ള സ്റ്റാളുകള്‍ എന്നിവ പണിയും. രണ്ടാംഘട്ടത്തില്‍ അക്ഷരത്തോട്ടം, എഴുത്തുപുര, വാക്ക് വേ, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, കമ്യൂണിറ്റി ഹാള്‍, ഭക്ഷ്യ വിപണന കേന്ദ്രം എന്നിവ ഒരുക്കും. പ്രശസ്ത ആര്‍ക്കിടെക്ട് വിനോദ് സിറിയക്കാണ് രൂപകല്‍പ്പന ചെയ്തത്. ഊരാളുങ്കല്‍ ആണ് നിര്‍വഹണ ഏജന്‍സി. സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ടൂറിസം ലിറ്റററി സര്‍ക്യൂട്ടിന്റെ ആസ്ഥാനവും ബഷീര്‍ സ്മാരകമാകും. പൂര്‍ണമായും ഭിന്നശേഷി -പ്രകൃതി സൗഹൃദ നിര്‍മാണമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
നിര്‍മാണം പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.