തിരുവനന്തപുരം: മലയാള പത്രപ്രവര്‍ത്തന, സാഹിത്യ രംഗത്തെ സമഗ്ര സംഭാവന മുന്‍നിര്‍ത്തി എഷ്യാപോസ്റ്റും ന്യൂ ഇന്ത്യാ ബുക്‌സും ചേര്‍ന്ന് നല്‍കുന്ന പ്രഥമ അവാര്‍ഡിന് എസ്.ജയചന്ദ്രന്‍ നായരെ തിരഞ്ഞെടുത്തു. 50001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങളായ ആര്‍ക്കിടെക്റ്റ് ജി.ശങ്കര്‍, മാധ്യമപ്രവര്‍ത്തകന്‍ വി.വി.വേണുഗോപാല്‍, എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാള പത്രപ്രവര്‍ത്തനത്തിലുംസാഹിത്യത്തിലും അനന്യ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ജയചന്ദ്രന്‍ നായര്‍. കലാകൗമുദി, സമകാലിക മലയാളം എന്നീ വാരികകളുടെ പത്രാധിപര്‍ എന്ന നിലയില്‍ കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരികരംഗത്ത് മൂന്നാം കണ്ണായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മൂല്യവത്തായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് എന്ന നിലയിലും പത്രപ്രവര്‍ത്തകനെന്ന നിലയിലും ജയചന്ദ്രന്‍ നായര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. അരനൂറ്റാണ്ടിലേറെയായി അദ്ദേഹം നമ്മുടെ ഭാഷയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര നിര്‍ണയസമിതി പറഞ്ഞു.