Keralaliterature.com

കവി എസ്.രമേശന്‍ നായരും കോവിഡിന് കീഴടങ്ങി

കൊച്ചി: കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈികട്ടായിരുന്നു മരണം.
1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനന്‍ തമ്പിയും പാര്‍വതിയമ്മയുമാണ് മാതാപിതാക്കള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും രമേശന്‍ നായര്‍ പ്രവര്‍ത്തിച്ചിരുന്നു. 1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. തൃശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീതസംവിധായകനാണ്.
ഗുരുപൗര്‍ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും, ആറാം വെണ്ണിക്കുളം പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
മലയാള കവിതയ്ക്കും മലയാള സിനിമാഗാന ശാഖയ്ക്കും ഒരുപോലെ തീരാ നഷ്ടമാണ് രമേശന്‍ നായരുടെ വിയോഗമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു. തന്റെ കൃതികളിലൂടെ അദ്ദേഹം അനശ്വരനായിരിക്കും. എസ് രമേശന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ശ്രദ്ധേയനായ കവിയും ഗാനരചയിതാവുമായിരുന്നു എസ് രമേശന്‍ നായര്‍ എന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ മുന്‍നിര്‍ത്തി ഗുരുപൗര്‍ണമി എന്ന കാവ്യാഖ്യായിക രചിച്ച കവിയാണ് അദ്ദേഹം. ഗുരുവിന്റെ ജീവിതവും സന്ദേശവും പ്രതിഫലിച്ചു നില്‍ക്കുന്ന ആ കൃതി കാലാതിവര്‍ത്തിയായ മൂല്യം ഉള്‍ക്കൊള്ളുന്നതാണ്. തിരുക്കുറള്‍, ചിലപ്പതികാരം പോലുള്ള തമിഴ് ക്ലാസിക്കുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ഒട്ടനവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവായ രമേശന്‍നായര്‍ കാവ്യ രംഗത്തെന്നപോലെ ചലച്ചിത്ര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ശതാഭിഷേകം എന്ന രാഷ്ട്രീയ ഹാസ്യ നാടകത്തിലൂടെ കേരളത്തിന്റെയാകെ ശ്രദ്ധയിലേക്കുവന്ന അദ്ദേഹത്തിന് രാഷ്ട്രീയമായ ചില നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ആകാശവാണിയില്‍നിന്നും സ്ഥലം മാറ്റപ്പെടേണ്ടതായും പിന്നീട് പിരിയേണ്ടതായും വന്നത്.

Exit mobile version