തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവികളിലൊരാളായ വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. ഭാഷാപണ്ഡിതന്‍, വാഗ്മി, സാംസ്‌കാരികചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. കുറച്ചുനാളായി രോഗബാധിതനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ തൈക്കാട്ടുള്ള വീട്ടിലാണ് അന്തരിച്ചത്.
തിരുവല്ല ഇരിങ്ങോലില്‍ ശ്രീവല്ലി ഇല്ലത്ത് 1939 ജൂണ്‍ 2നു ജനിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരി കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശ്ശേരി, തിരുവനന്തപരും യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും വകുപ്പ് അധ്യക്ഷനായി റിട്ടയര്‍ ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ചു.
പത്മശ്രീ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം , പ്രണയ ഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍, ചാരുലത തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ജോലിയില്‍ നിന്ന് വിരമിച്ചതിനുശേഷം മൂന്നുവര്‍ഷം അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ കടല്‍കടന്ന് വിദേശത്ത് കവിസമ്മേളനത്തില്‍ പോയത് വിവാദമായതോടെ അതു രാജിവച്ചു. ഭാര്യ സാവിത്രി. മക്കള്‍: അദിതി, അപര്‍ണ.